
കൊച്ചി: മസ്തിഷ്കമരണം സംഭവിച്ച കിളിമാനൂർ സ്വദേശിനിയായ ജയി ജയകുമാറിന്റെ (35) ഹൃദയം, മലപ്പുറം സ്വദേശിനിയായ 15 വയസ്സുകാരിയുടെ ശരീരത്തിൽ പ്രവർത്തിച്ചുതുടങ്ങി. എറണാകുളം ലിസി ആശുപത്രിയിൽ പ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ധനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം നേതൃത്വം നൽകിയ ശസ്ത്രക്രിയ വ്യാഴാഴ്ച രാത്രി വിജയകരമായി പൂർത്തിയായി. അഞ്ചു വർഷം മുമ്പാണ് മലപ്പുറം സ്വദേശിനിയായ പെൺകുട്ടിക്ക് ഹൃദയ തകരാർ തിരിച്ചറിഞ്ഞത്. പെൺകുട്ടിയുടെ ഹൃദയത്തിന്റെ വലതുഭാഗത്തെ അറകൾ ക്രമാതീതമായി വികസിക്കുന്നതായിരുന്നു പ്രശ്നം. ഹൃദയമാറ്റം മാത്രമാണ് ഏക പരിഹാരമെന്ന് ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്ന് കെ-സോട്ടോയിൽ രജിസ്റ്റർ ചെയ്തിരുന്നു.
ബുധനാഴ്ച രാത്രി അനുയോജ്യമായ ഹൃദയം ലഭിച്ചതായി അറിയിപ്പ് ലഭിച്ചതോടെ, ചെന്നൈയിൽ ഉണ്ടായിരുന്ന കുട്ടിയും കുടുംബവും അടിയന്തരമായി വിമാനമാർഗം കൊച്ചിയിലെത്തി. തുടർന്ന് സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് നിന്ന് ഹൃദയം എത്തിച്ചു. 1.45ന് പുറപ്പെട്ട സംഘം 2.40ന് കൊച്ചിയിലെത്തി, ഏതാനും മിനിറ്റുകൾക്കുള്ളിൽ ലിസി ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ ആരംഭിച്ചു.
വൈകുന്നേരം 5.30ഓടെ പുതിയ ഹൃദയം മിടിപ്പ് ആരംഭിക്കുകയും, രാത്രി 9ഓടെ ശസ്ത്രക്രിയ പൂർത്തിയാകുകയും ചെയ്തു. അടുത്ത 48 മണിക്കൂർ നിർണായകമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഡോ. ജേക്കബ് എബ്രഹാം, ഡോ. ഭാസ്കർ രംഗനാഥൻ, ഡോ. പി. മുരുകൻ, ഡോ. ജോബ് വിൽസൺ, ഡോ. ഗ്രേസ് മരിയ, ഡോ. ആന്റണി ജോർജ്, ഡോ. ആയിഷാ നാസർ തുടങ്ങിയവരടങ്ങിയ വിദഗ്ധസംഘം ശസ്ത്രക്രിയയിൽ പങ്കെടുത്തു.
ഇത് ലിസി ആശുപത്രിയിൽ നടന്ന 32-ാമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയാണ്. ജയി ജയകുമാറിന്റെ മറ്റ് അവയവങ്ങളും വിവിധ രോഗികൾക്ക് ദാനം ചെയ്തിട്ടുണ്ട്. വൃക്കകളിൽ ഒരെണ്ണവും കരളും കിംസ് ആശുപത്രിയിലും ഒരു വൃക്ക കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലും മാറ്റിവയ്ക്കും. നേത്രപടലങ്ങൾ തിരുവനന്തപുരം റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒാഫ്താൽമോളജിയിൽ നൽകും. ജയിയുടെ മകൻ: പ്രിത്വിഷ്. അച്ഛൻ: ജയകുമാർ. അമ്മ: അംബിക.











