03:51am 10 November 2026
NEWS
അറിവിന്റെയും വിജ്ഞാനത്തിന്റെയും കലവറയാണ് വിജയമന്ത്രങ്ങള്‍ സി.വി. റപ്പായ്
09/11/2026  07:39 PM IST
nila
അറിവിന്റെയും വിജ്ഞാനത്തിന്റെയും കലവറയാണ് വിജയമന്ത്രങ്ങള്‍  സി.വി. റപ്പായ്

 

ദോഹ: വ്യത്യസ്തമായ ചിന്തകളും ആശയങ്ങളുംകൊണ്ട് ശ്രദ്ധേയമായ വിജയമന്ത്രങ്ങള്‍ അറിവിന്റെയും വിജ്ഞാനത്തിന്റെയും അമൂല്യ കലവറയാണെന്നും തലമുറകളെ പ്രചോദിപ്പിക്കാനും സമൂഹത്തിന് ദിശാബോധം നല്‍കാനും ഈ പരമ്പരയ്ക്ക് സാധിക്കുമെന്നും പ്രമുഖ പ്രവാസി സംരംഭകനും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറുമായ സി.വി. റപ്പായ് അഭിപ്രായപ്പെട്ടു.

ഖത്തറിലെ ഗ്രന്ഥകാരനും മാധ്യമപ്രവര്‍ത്തകനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ പ്രചോദനാത്മക പരമ്പരയായ 'വിജയമന്ത്രങ്ങള്‍' പതിമൂന്നാം ഭാഗം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിന്തകളെ ഉദ്ദീപിപ്പിക്കുന്ന ഉദ്ധരണികളും കഥകളും മാനവികതയും സാമൂഹികബോധവും ശക്തിപ്പെടുത്തുന്നതിനൊപ്പം കാലത്തിനൊപ്പം സഞ്ചരിക്കാന്‍ സമൂഹത്തെ പ്രാപ്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാധ്യമപ്രവര്‍ത്തകനായും അധ്യാപകനായും പൊതുസമൂഹത്തില്‍ ശ്രദ്ധേയനായ ഡോ. അമാനുല്ല വടക്കാങ്ങര കോവിഡ് കാലത്ത് ആരംഭിച്ച വിജയമന്ത്രങ്ങള്‍ ശ്രദ്ധേയമായൊരു മുന്നേറ്റമാണെന്ന് പുസ്തകത്തിന്റെ ആദ്യപ്രതി സ്വീകരിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് അഖിലേന്ത്യാ ഉപാധ്യക്ഷനും ഖത്തറിലെ സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാനുമായ സൈനുല്‍ ആബിദീന്‍ പറഞ്ഞു. പുതിയ വിഷയങ്ങളും ആശയങ്ങളും ലളിതമായ ഭാഷയില്‍ അവതരിപ്പിച്ച് സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവരെ ഒരുപോലെ സ്വാധീനിക്കാന്‍ ഈ പരമ്പരയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമൂഹത്തിന്റെ വൈജ്ഞാനിക നവോത്ഥാനത്തിനും പുരോഗതിക്കും ചാലകശക്തിയാകുന്നു എന്നതാണ് വിജയമന്ത്രങ്ങളെ സവിശേഷമാക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ പി.എന്‍. ബാബുരാജന്‍ പറഞ്ഞു. അറിവിനെയും അനുഭവങ്ങളെയും പ്രചോദനാത്മകമായ ചിന്തകളെയും കോര്‍ത്തിണക്കി വായനക്കാരിലേക്ക് എത്തിക്കുന്ന ഇത്തരം സംരംഭങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍ ഫൈസല്‍ റസാഖ്, റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍, സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, ന്യൂ ഗുഡ്വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, അമിക്കസ് പോപ്പുലോ ലീഗല്‍ ഡയറക്ടര്‍ അഡ്വ. സജിമോന്‍ കാരക്കുറ്റി, പ്രേം നസീര്‍ സുഹൃത് സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ, ജി.ആര്‍.സി.സി പ്രസിഡന്റ് രോഷ്‌നി കൃഷ്ണന്‍, മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സ് ഖത്തര്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ മുത്തലിബ് മട്ടന്നൂര്‍, ഇശാന്‍ ഖാന്‍, മുഹമ്മദ് അമന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

റാഫി പാറക്കാട്ടില്‍ സ്വാഗതവും ഡോ. അമാനുല്ല വടക്കാങ്ങര നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img