
ആയുസ് വർധിപ്പിക്കാൻ എന്താണ് മാർഗം എന്ന് ആലോചിക്കാത്തവർ കുറവാണ്. ഇപ്പോഴിതാ, ആയിസ് വർധിപ്പിക്കാൻ ഒരുപാട് തലപുകഞ്ഞ് ആലോചിക്കേണ്ട എന്ന് പറയുകയാണ് അമേരിക്കൻ മനശാസ്‌ത്രജ്ഞനും വാഷിങ്‌ടൺ സർവകലാശാലയിലെ പ്രഫസർ എമറിറ്റസുമായ ജോൺ ഗോട്ട്‌മാൻ. എല്ലാ ദിവസവും ജോലിക്കായി വീട്ടിൽ നിന്നും ഇറങ്ങും മുമ്പ് പങ്കാളിക്ക് സ്നേഹത്തോടെ ഒരു ചുംബനം നൽകിയാൽ ആയിസ് വർധിക്കുമെന്നാണ് ജോൺ ഗോട്ട്‌മാൻ പറയുന്നത്.
ദ ഡയറി ഓഫ് എ സിഇഒ പോഡ്‌കാസ്‌റ്റിലാണ് പ്രഫ. ഗോട്ട്‌മാൻ ദീർഘായുസിനുള്ള രഹസ്യം വെളിപ്പെടുത്തിയത്. ദിവസവും ജോലിക്ക് പോകും മുൻപ് പങ്കാളിക്ക് സ്‌നേഹത്തോടെ ചുംബനം നൽകുന്ന പുരുഷന്മാർ ചുംബനം നൽകാത്തവരെ അപേക്ഷിച്ച് നാല് വർഷം കൂടുതൽ ജീവിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ജോൺ ഗോട്ട്‌മാൻ പറയുന്നത്.
1980ൽ നടത്തിയ ഒരു പഠനം ഇതിനെ ശരിവയ്‌ക്കുന്നതായി ഇന്ത്യൻ അനസ്‌തേഷ്യോളജി ആൻഡ് ഇന്റർവെൻഷണൽ പെയിൻ മെഡിസിൻ ഫിസിഷ്യൻ ഡോ.കുണാൽ സൂഡും ചൂണ്ടിക്കാണിക്കുന്നു. പങ്കാളിക്ക് നൽകുന്ന സ്‌നേഹ ചുംബനം മൂഡ് മെച്ചപ്പെടുത്തുന്ന ഹോർമോണുകളെ ഉത്‌പാദിപ്പിച്ച് സമ്മർദ്ദം കുറയ്‌ക്കാനും ബന്ധത്തിന്റെ നിലവാരം വർധിപ്പിക്കാനും സഹായിക്കുമെന്ന് ഡോ. കുണാൽ പറയുന്നു. ഇത് മൂലമുണ്ടാകുന്ന ശാരീരിക ഗുണങ്ങളാണ് ആയുസ്സ് വർധിപ്പിക്കുന്നത്. ഓക്‌സിടോസിൻ, ഡോപ്പമിൻ തുടങ്ങിയ ഹോർമോണുകളാണ് ചുംബന സമയത്ത് ശരീരം ഉത്‌പാദിപ്പിക്കുന്നത്. ഇതിന് പുറമേ സമ്മർദ്ദ ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്‌ക്കാനും ചുംബനം സഹായിക്കും.











