
കൊച്ചി: പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തിൽ വൻ കുറവുണ്ടായതായി പഠന റിപ്പോർട്ട്. 2021 ഫെബ്രുവരി മുതൽ 2023 മാർച്ച് വരെ അഞ്ച് സംസ്ഥാനങ്ങളിലായി നടത്തിയ സർവേയിൽ, മുൻപ് ഈ മേഖലയിൽ രേഖപ്പെടുത്തിയിട്ടുള്ള തുമ്പികളിൽ 65 ശതമാനം ഇനങ്ങളെ മാത്രമാണ് ഗവേഷകർക്ക് കണ്ടെത്താനായത്. ബാക്കി 35 ശതമാനത്തോളം വർഗ്ഗങ്ങളുടെ കുറവ് പശ്ചിമഘട്ടത്തിലെ ശുദ്ധജല ആവാസവ്യവസ്ഥ നേരിടുന്ന ഗുരുതരമായ തകർച്ചയുടെ സൂചനയാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
പരിസ്ഥിതിയുടെ ആരോഗ്യം അളക്കുന്ന "സൂചകങ്ങൾ" എന്നറിയപ്പെടുന്ന തുമ്പികളുടെ കുറവ് ജലസ്രോതസ്സുകളുടെ നാശത്തെയാണ് കാണിക്കുന്നത്. പൂനെ എംഐടി-ഡബ്ല്യുപിയുവിലെ ഡോ. പങ്കജ് കോപ്പർഡെ, അരാജുഷ് പൈറ, അമേയ് ദേശ്പാണ്ഡെ എന്നിവരും കേരളത്തിലെ സൊസൈറ്റി ഫോർ ഒഡൊണേറ്റ് സ്റ്റഡീസിലെ റെജി ചന്ദ്രനും ഉൾപ്പെട്ട സംഘമാണ് 144 കേന്ദ്രങ്ങളിൽ പഠനം നടത്തിയത്. ആകെ 143 ഇനം തുമ്പികളെ സർവേയിൽ കണ്ടെത്തിയതിൽ 40 എണ്ണം പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നവയാണ്. ഏറ്റവും കൂടുതൽ പ്രാദേശിക ഇനങ്ങളെ കണ്ടെത്തിയത് കേരളത്തിലാണ്. ഇവിടെ സർവേ നടത്തിയ 14 കേന്ദ്രങ്ങളിൽ നിന്നായി 33 പ്രാദേശിക ഇനങ്ങളുൾപ്പെടെ 83 തരം തുമ്പികളെ തിരിച്ചറിഞ്ഞു.
അടിസ്ഥാന സൗകര്യ വികസനം, മലിനീകരണം, അണക്കെട്ടുകൾ, കാലാവസ്ഥാ വ്യതിയാനം എന്നിവ തുമ്പികളുടെ നിലനിൽപ്പിന് വലിയ ഭീഷണിയാകുന്നുണ്ട്. വംശനാശഭീഷണി നേരിടുന്ന ഇത്തരം ജീവിവർഗ്ഗങ്ങളെ സംരക്ഷിക്കാൻ അടിയന്തര നടപടികൾ വേണമെന്ന് പഠനം ആവശ്യപ്പെടുന്നു.
Photo Courtesy - Google









