01:24am 05 July 2026
NEWS
വിദ്യാർത്ഥികൾ നാടിന്റെ സ്വപ്നവും പ്രതീക്ഷയും മുഖ്യമന്ത്രി
04/07/2026  07:58 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വിദ്യാർത്ഥികൾ  നാടിന്റെ  സ്വപ്നവും പ്രതീക്ഷയും മുഖ്യമന്ത്രി
HIGHLIGHTS

ആലുവ മഹാത്മാഗാന്ധി മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമവും എം.എൽ.എ മെറിറ്റ് അവാർഡ് വിതരണവും ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കുന്നു.

വിദ്യാർത്ഥികൾ മാതാപിതാക്കളുടെ മാത്രമല്ല, ഈ നാടിന്റെയാകെ സ്വപ്നവും പ്രതീക്ഷയുമാണെന്നും ഉയർന്ന നിലകളിൽ എത്തിച്ചേർന്ന് നാടിന്റെ പുരോഗതിക്കായി സംഭാവന നൽകാൻ അവർക്ക് കഴിയണമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ആലുവ മഹാത്മാഗാന്ധി മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമവും എം.എൽ.എ മെറിറ്റ് അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറിവുകൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആധുനിക ലോകത്ത് വെല്ലുവിളികളെ ഏറ്റെടുത്ത് വിദ്യാർത്ഥികൾ മികച്ചവരായി മാറണം. ആഗോളതലത്തിൽ തൊഴിൽ മേഖലകളിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെ നേരിടാൻ ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണ്. പുതിയ അക്കാദമിക് പ്രോഗ്രാമുകളും ആധുനിക പഠന സംവിധാനങ്ങളും സംസ്ഥാനത്ത് കൊണ്ടുവരേണ്ടതുണ്ട്. ഇതിനായി ലോകത്തെ പ്രമുഖ സർവ്വകലാശാലകളെ കേരളത്തിലേക്ക് ആകർഷിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സാങ്കേതികവിദ്യയുടെ വികാസം ഭരണരംഗത്തും വലിയ മാറ്റങ്ങൾ വരുത്തുന്നുണ്ട്. ഡാറ്റാ അധിഷ്ഠിത ഭരണസംവിധാനമാണ് (Data-driven Governance) സർക്കാർ ലക്ഷ്യമിടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക ഡാഷ്‌ബോർഡ് ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. നൂറു ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന 550-ഓളം പദ്ധതികളുടെ പുരോഗതി ഇതിലൂടെ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും സുതാര്യമായി വിലയിരുത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ രംഗത്ത്, പ്രത്യേകിച്ച് പെൺകുട്ടികൾ കൈവരിക്കുന്ന മുന്നേറ്റം പ്രശംസനീയമാണ്. രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സാന്നിധ്യം ശ്രദ്ധേയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആലുവ മണ്ഡലത്തിലെ വികസന കാര്യങ്ങളിലും വിദ്യാർത്ഥികളുടെ ആവശ്യങ്ങളിലും സജീവമായി ഇടപെടുന്ന അൻവർ സാദത്ത് എം.എൽ.എയുടെ പ്രവർത്തനങ്ങളെ മുഖ്യമന്ത്രി വേദിയിൽ പ്രത്യേകം അഭിനന്ദിച്ചു. സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പ്രത്യേക പരിശീലന സംവിധാനം ആലുവയിൽ ഒരുക്കുന്ന കാര്യത്തിൽ അനുകൂലമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് നൽകിയ സൗജന്യം അവരോടുള്ള ആദരവാണെന്നും അതുവഴി സാമൂഹിക സാമ്പത്തിക പുരോഗമനമാണ് പ്രതീക്ഷിക്കുന്നതെന്നും ഒരു വിദ്യാർഥിയുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ചടങ്ങിൽ നീന്തൽ പരിശീലകൻ സജി വളാശ്ശേരിയെ മുഖ്യമന്ത്രി ആദരിച്ചു.

പരിപാടിയിൽ അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷനായി. എം.പിമാരായ ബെന്നി ബഹനാൻ, ജെബി മേത്തർ എന്നിവർ മുഖ്യാതിഥികളായി. ആലുവ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സൈജി ജോളി, ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം എം. ജോസഫ്, ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും സോണൽ ഹെഡുമായ സി.എം ശശിധരൻ, ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img