
ബെയ്ജിങ്: കുതിരകൾക്ക് ചെരുപ്പിടുന്ന വ്യത്യസ്തമായ തൊഴിൽ തിരഞ്ഞെടുത്ത് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ചൈനയിലെ ഒരു സർവകലാശാല വിദ്യാർഥി. വുഹാൻ ബിസിനസ് സർവകലാശാലയിലെ ഇക്വസ്ട്രിയൻ സ്കൂളിൽ നാലാം വർഷ വിദ്യാർഥിയായ ഫു ഡോങ്ഹുവയാണ് പഠനത്തോടൊപ്പം കുതിരകൾക്ക് ലാടം ഘടിപ്പിക്കുന്ന ജോലിയും പരിശീലിക്കുന്നതിലൂടെ ശ്രദ്ധേയനായത്. ഏപ്രിലിൽ ജൂനിയർ ഫാരിയർ സർട്ടിഫിക്കറ്റും സ്വന്തമാക്കി.
ചൈന ഹോഴ്സ് ഇൻഡസ്ട്രി അസോസിയേഷന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് സർട്ടിഫൈഡ് ഫാരിയർമാർ ആകെ 70 പേർ മാത്രമാണുള്ളത്. ഇവരിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഫു. സർവകലാശാലയിൽ പഠിച്ചുകൊണ്ടിരിക്കെ ഈ സർട്ടിഫിക്കറ്റ് നേടിയ ഏക വ്യക്തിയും ഇദ്ദേഹമാണ്. ചൈനീസ് മാധ്യമമായ ജിമു ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കുതിരകളുടെ കുളമ്പുകൾ വെട്ടി വൃത്തിയാക്കുക, ആവശ്യമായ ചികിത്സ നൽകുക, ലാടം ഘടിപ്പിക്കുക, കുളമ്പുകളുടെ കോണുകൾ ക്രമീകരിക്കുക തുടങ്ങിയവയാണ് ഫാരിയറുടെ പ്രധാന ജോലികൾ. കുതിരകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും കായികരംഗത്തെ പ്രകടനശേഷി നിലനിർത്തുന്നതിനും ഈ പരിചരണം നിർണായകമാണ്.
'കുതിരകൾക്ക് ലാടം ഘടിപ്പിക്കുന്നത് അവയ്ക്ക് റണ്ണിങ് ഷൂസ് നൽകുന്നതുപോലെയാണ്. ഓടുമ്പോൾ ആഘാതം കുറയ്ക്കാനും സംരക്ഷണം നൽകാനും ഇത് സഹായിക്കും. ഒരു ലാടത്തിന് ഏകദേശം 40 ദിവസം വരെ ഉപയോഗിക്കാനാകും' - ഫു പറയുന്നു.
എളുപ്പമുള്ള ജോലിയല്ല ഇതെന്നും ശാരീരികമായി ഏറെ അധ്വാനം ആവശ്യപ്പെടുന്ന തൊഴിലാണ് ഇതെന്നും ഫു തുറന്നുപറയുന്നു. പലരും ബുദ്ധിമുട്ടുകൾ കാരണം ഈ മേഖല ഉപേക്ഷിച്ചിട്ടുണ്ടെങ്കിലും തനിക്ക് ഈ തൊഴിൽ തുടരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
കുതിരയുടെ കുളമ്പ് കാലുകൾക്കിടയിൽ ചേർത്തുപിടിച്ച് കുനിഞ്ഞുനിന്നാണ് ഫാരിയർമാർ ജോലി ചെയ്യുന്നത്. മണിക്കൂറുകളോളം ഇതേ രീതിയിൽ തുടരേണ്ടിവരും. ഇതിനിടെ വിവിധ ഉപകരണങ്ങൾ മാറിമാറി ഉപയോഗിക്കുകയും വേണം. ജോലി കഴിഞ്ഞാൽ നിവർന്നുനിൽക്കാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരുണ്ട്.
'ജോലിയിൽ മികവ് പുലർത്തണമെന്നാണ് എന്റെ ആഗ്രഹം. അതുകൊണ്ടുതന്നെ ഞാൻ പരിശ്രമം തുടരുകയാണ്. അധ്യാപകൻ തന്റെ അറിവുകൾ ഉദാരമായി പകർന്നുനൽകുന്നുണ്ട്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി കൂടുതൽ കാര്യങ്ങൾ പഠിക്കണം' - ഫു പറഞ്ഞു.
പരിശീലനത്തിന്റെ തുടക്കത്തിൽ അരമാസത്തോളം മരക്കഷണങ്ങൾ ചീകിയെടുക്കുന്ന ജോലിയാണ് നൽകിയിരുന്നത്. കൈകളുടെ ശക്തി വർധിപ്പിക്കുന്നതിനും ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ദിശയും കോണും കൃത്യമായി നിയന്ത്രിക്കുന്നതിനുമായിരുന്നു ഈ പരിശീലനം.
കുതിരയുടെ കുളമ്പുകളിൽ ജോലി തുടങ്ങുന്നതിന് മുമ്പ് അവയുമായി നല്ല അടുപ്പം സ്ഥാപിക്കേണ്ടതുണ്ടെന്നും ഫു പറയുന്നു. കഴുത്തിൽ പതുക്കെ തലോടുക, മുഖം, മൂക്ക്, താടി എന്നിവയിൽ സാവധാനം സ്പർശിക്കുക തുടങ്ങിയവയിലൂടെ കുതിരയെ ശാന്തമാക്കാം. കാലുകളിൽ കൈകൊണ്ട് ചേർത്തുപിടിച്ച് പരിചയപ്പെടുത്തുന്നതും സ്പർശനത്തോട് അവയെ പൊരുത്തപ്പെടുത്താൻ സഹായിക്കും.
പരിശീലനത്തിനിടെ പരുക്കുകൾ ഒഴിവാക്കാനാകില്ലെന്നും ഫു പറയുന്നു. പരിശീലനത്തിന്റെ ആദ്യ മാസത്തിൽ ഒരു ആണി കൈപ്പത്തിയിൽ ആഴത്തിൽ തുളച്ചുകയറി എല്ല് വരെ ദൃശ്യമായിരുന്നു. പരുക്ക് ഭേദമാകാൻ രണ്ടാഴ്ചയെടുത്തു. മറ്റൊരു സംഭവത്തിൽ കുതിര ഇടതുകാലിൽ ചവിട്ടിയതിനെത്തുടർന്ന് കാൽ വല്ലാതെ വീർത്തു. രണ്ടാഴ്ചയോളം കിടക്കയിൽനിന്ന് എഴുന്നേൽക്കാൻ പോലും കഴിഞ്ഞില്ല.
അധികം വൈകാതെ സീനിയർ ഫാരിയർ സർട്ടിഫിക്കറ്റ് നേടുകയാണ് ഫുവിന്റെ ലക്ഷ്യം. മൂന്ന് പതിറ്റാണ്ടായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന തന്റെ അധ്യാപകൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അതുപോലെ പ്രായോഗിക പരിശീലനത്തിലൂടെ നിരന്തരം അറിവ് നേടാനാണ് തന്റെയും ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
ഫുവിന്റെ അധ്യാപകനായ ലി ജിസിൻ പറയുന്നതനുസരിച്ച് ഒരു കുതിരയ്ക്ക് ലാടം ഘടിപ്പിക്കുന്നതിന് കുറഞ്ഞത് 500 യുവാൻ (ഏകദേശം 6,000 രൂപ) ആണ് ഈടാക്കുന്നത്. പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുന്നതോടെ ഫുവിന് പ്രതിമാസം 10,000 യുവാനിലധികം (ഏകദേശം 1.2 ലക്ഷം രൂപ) വരുമാനം നേടാനാകുമെന്നാണ് അധ്യാപകന്റെ പ്രതീക്ഷ.
തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ചെങ്ഡുവിലുള്ള മുതിർന്ന ഫാരിയറായ വാങ് ക്വിങ്ബോയ്ക്ക് പ്രതിമാസം 40,000 മുതൽ 50,000 യുവാൻ വരെ (ഏകദേശം 4.8 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെ) വരുമാനമുണ്ട്. അടുത്തിടെ രണ്ട് സർവകലാശാല വിദ്യാർഥികൾ തങ്ങളുടെ പഴയ പഠനമേഖല ഉപേക്ഷിച്ച് വാങിന്റെ കീഴിൽ ഈ തൊഴിൽ പഠിക്കാനെത്തിയിട്ടുണ്ട്.
'കുതിരകളുടെ കുളമ്പുകൾ വൃത്തിയാക്കുന്നതും ലാടം ഘടിപ്പിക്കുന്നതും പുറത്തുനിന്ന് കാണുന്നവർക്ക് രസകരമായി തോന്നാം. എന്നാൽ ഏറെ ക്ഷമയും ശാരീരിക അധ്വാനവും ആവശ്യമായ ജോലിയാണിത്. ഈ ബുദ്ധിമുട്ടുകൾ സഹിച്ച് മുന്നോട്ടുപോകാൻ അധികം പേർക്ക് കഴിയില്ല' - വാങ് പറഞ്ഞു.
ഫുവിന്റെ കഥയോടെ ചൈനയിൽ അധികം ശ്രദ്ധിക്കപ്പെടാത്ത ഈ തൊഴിൽമേഖലയും ചർച്ചയാകുകയാണ്. മികച്ച വരുമാനസാധ്യതയുള്ള മേഖലയാണെങ്കിലും അപകടസാധ്യതയും ഏറെയാണെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ. കുതിരയുടെ ചവിട്ടേറ്റാൽ എല്ലുകൾ ഒടിയുന്നതിനോ പക്ഷാഘാതം സംഭവിക്കുന്നതിനോ വരെ സാധ്യതയുണ്ടെന്ന് ഒരാൾ അഭിപ്രായപ്പെട്ടു.
മത്സരക്കുറവുള്ളതിനാൽ ഇത്തരം അപൂർവ തൊഴിൽമേഖലകൾ ആകർഷകമാണെന്നാണ് മറ്റൊരാളുടെ പ്രതികരണം.










