09:24pm 11 August 2026
NEWS
വിദ്യാർഥി പ്രതിഷേധം: പ്രതിപക്ഷത്തിന് വഴങ്ങി കേന്ദ്രം; പാർലമെന്റിൽ വിശദമായ ചർച്ചയ്ക്ക് തയ്യാറെന്ന് കിരൺ റിജിജു
10/08/2026  04:37 PM IST
nila
വിദ്യാർഥി പ്രതിഷേധം: പ്രതിപക്ഷത്തിന് വഴങ്ങി കേന്ദ്രം; പാർലമെന്റിൽ വിശദമായ ചർച്ചയ്ക്ക് തയ്യാറെന്ന് കിരൺ റിജിജു

ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സർക്കാർ. വിഷയത്തിൽ പാർലമെന്റിൽ സമഗ്രമായ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. വെറുമൊരു പ്രസ്താവനയിൽ വിഷയം ഒതുക്കില്ലെന്നും വിശദമായ ചർച്ച നടത്തുമെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.

ചർച്ചയ്ക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് സഭയിലെത്തി വിഷയത്തിൽ മറുപടി നൽകുമെന്നും റിജിജു അറിയിച്ചു. കഴിഞ്ഞ മൂന്ന് ആഴ്ചയായി പാർലമെന്റ് നടപടികൾ തടസ്സപ്പെട്ടതിൽ ആര് സമാധാനം പറയുമെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. മറുപടിയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെങ്കിൽ അത് നൽകാൻ ആഭ്യന്തരമന്ത്രി തയ്യാറാണെന്നും റിജിജു പറഞ്ഞു.

ഇതിനാൽ പ്രതിഷേധം അവസാനിപ്പിച്ച് സഭാ നടപടികളുമായി സഹകരിക്കണമെന്ന് പ്രതിപക്ഷത്തോട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. എന്നാൽ റിജിജുവിന്റെ വിശദീകരണത്തിന് ശേഷവും ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം തുടർന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിലെത്തി വിഷയത്തിൽ വിശദീകരണം നൽകണമെന്ന ആവശ്യത്തിലാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയത്. സഭാധ്യക്ഷന്മാരും പ്രതിഷേധം അവസാനിപ്പിച്ച് നടപടികളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.

ബഹളത്തിനിടെ പ്രധാന ബില്ലുകൾ പാസാക്കി

പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നെങ്കിലും കേന്ദ്ര സർക്കാർ നിർണായക ബില്ലുകൾ സഭയിൽ പാസാക്കി. ട്രിബ്യൂണൽസ് റിഫോംസ് ബില്ല് ഉൾപ്പെടെയുള്ള പ്രധാന ബില്ലുകളാണ് കനത്ത ബഹളത്തിനിടെ പാസാക്കിയത്.

പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ നടപടികൾ മുന്നോട്ടുകൊണ്ടുപോയ സഭകൾ പിന്നീട് നാളത്തേക്ക് പിരിഞ്ഞു. വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആഭ്യന്തരമന്ത്രി സഭയിലെത്തി വിശദമായ മറുപടി നൽകുമെന്ന കേന്ദ്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇനി പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാടാണ് നിർണായകമാകുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img