
സ്കൂളിൽ ശുദ്ധജലം വേണം, അധ്യാപകരെ നിയമിക്കണം, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം തുടങ്ങിയ ആവശ്യങ്ങളുമായി ഉത്തർപ്രദേശിലെ സർക്കാർ സ്കൂൾ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. പ്രൈമറി ക്ലാസ് കുട്ടികൾ വരെ തെരുവിലിറങ്ങി സമരം ചെയ്യുന്ന സാഹചര്യമാണുള്ളത്. അധ്യാപകരുടെ കുറവ്, തകർന്ന സ്കൂൾ കെട്ടിടങ്ങൾ, വൃത്തിഹീനമായ ഉച്ചഭക്ഷണം, ശുചിമുറികളുടെ അപര്യാപ്തത, ശുദ്ധജലക്ഷാമം എന്നിവയാണ് വിദ്യാർഥികൾ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. അധികൃതരുടെ മോശം പെരുമാറ്റത്തിനെതിരെയും പ്രതിഷേധമുണ്ട്.
ഫത്തേപുരിലെ സർവോദയ സ്കൂളിൽ കഴിഞ്ഞ മാസം 1,500ഓളം വിദ്യാർഥികൾ ആറ് മണിക്കൂർ ധർണ നടത്തിയതാണ് പ്രതിഷേധങ്ങൾക്ക് തുടക്കമായത്. ഫാനുകളും ശുചിമുറികളും ശുദ്ധജലവും വേണമെന്ന ആവശ്യവുമായി നടത്തിയ സമരത്തിനൊടുവിൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകി.
പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന പ്രതിഷേധങ്ങൾ അരങ്ങേറി. കനൗജിലെ ജവാഹർ നവോദയ വിദ്യാലയത്തിൽ മെസ് ഭക്ഷണത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ഭക്ഷണം ബഹിഷ്കരിച്ചു. ഭട്പുർവ സമുഹിയിൽ നിർമാണം പാതിവഴിയിൽ നിലച്ച സ്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് 250ലേറെ പ്രൈമറി വിദ്യാർഥികൾ ക്ലാസ് ബഹിഷ്കരിച്ച് ധർണ നടത്തി.
ഹാമിർപുരിൽ തകർന്ന റോഡാണ് വിദ്യാർഥികളെ പ്രതിഷേധത്തിലേക്ക് നയിച്ചത്. 300ഓളം കുട്ടികൾ ആറ് കിലോമീറ്റർ കാൽനടയായി മാർച്ച് നടത്തി കലക്ടറേറ്റിലെത്തി. ലക്നൗവിലും ഉന്നാവിലും അധ്യാപകക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ചൂണ്ടിക്കാട്ടി വിദ്യാർഥികൾ പ്രതിഷേധത്തിലാണ്.
സമൂഹമാധ്യമങ്ങളിൽ പ്രതിഷേധങ്ങളുടെ വിഡിയോകൾ വ്യാപകമായി പ്രചരിച്ചതോടെ വിഷയം ദേശീയ ശ്രദ്ധ നേടുകയാണ്. ഡൽഹിയിലെ ജെൻ സി പ്രതിഷേധങ്ങളുടെ മാതൃകയിൽ ബിഹാറിലും രാജസ്ഥാനിലും ജെൻ ആൽഫ വിഭാഗത്തിൽപ്പെടുന്ന കുട്ടികളുടെ സമാന പ്രതിഷേധങ്ങൾ ഉയരുന്നതായും റിപ്പോർട്ടുകളുണ്ട്.
വിദ്യാർഥി പ്രതിഷേധം ശക്തമായതോടെ യൂട്യൂബർമാർ സ്കൂളുകളിൽ പ്രവേശിച്ച് വിഡിയോ ചിത്രീകരിക്കുന്നത് വിലക്കി യുപി സർക്കാർ ഉത്തരവിറക്കി. അതേസമയം, സമരം ചെയ്യുന്ന കുട്ടികളുമായി നേരിട്ട് സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ ഉന്നത ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ചു.
കുട്ടികൾക്കെതിരെ ബലപ്രയോഗം വേണ്ട
പ്രതിഷേധത്തിനിടെ കുട്ടികൾക്കെതിരെ ബലപ്രയോഗം നടത്തരുതെന്ന് പൊലീസിന് സർക്കാർ നിർദേശം നൽകി. സ്കൂളുകളിലെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഇടപെട്ട് പരിഹാരം കാണാൻ ജില്ലാ കലക്ടർമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും വിദ്യാർഥി പ്രതിഷേധം വഴിതുറന്നിരിക്കുകയാണ്.










