05:45pm 09 November 2026
NEWS
വിദ്യാർത്ഥി പീഡനം: കേരള സർവകലാശാലാ വകുപ്പ് മേധാവിക്ക് സസ്പെൻഷൻ
27/05/2025  08:00 PM IST
സുരേഷ് വണ്ടന്നൂർ
വിദ്യാർത്ഥി പീഡനം: കേരള സർവകലാശാലാ വകുപ്പ് മേധാവിക്ക് സസ്പെൻഷൻ

കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ ബംഗ്ലാദേശ് സ്വദേശിയായ ഒരു വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് അക്വാട്ടിക് ബയോളജി വകുപ്പ് മേധാവി ഡോ. എസ്. എം. റാഫിയെ സസ്പെൻഡ് ചെയ്തു. അദ്ദേഹത്തെ വകുപ്പ് മേധാവി സ്ഥാനത്തുനിന്നും നീക്കം ചെയ്യാനും സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനിച്ചു.

ഐ.സി.സി.ആർ. സ്കോളർഷിപ്പോടെ പഠിക്കുന്ന വിദ്യാർത്ഥിയാണ് റാഫിക്കെതിരെ പരാതി നൽകിയത്. ഈ പരാതിയെ തുടർന്ന് ക്യാമ്പസ് ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ റാഫി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ, ക്യാമ്പസ് യൂണിയൻ ചെയർമാനും റാഫിക്കെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്. റാഫി സ്ഥിരമായി മദ്യപിച്ച് ക്യാമ്പസിൽ വരാറുണ്ടെന്നും, മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.

ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ ഈ വിഷയം പ്രത്യേക അജണ്ടയായി ചർച്ച ചെയ്യുകയായിരുന്നു. തുടർന്നാണ് റാഫിയെ സസ്പെൻഡ് ചെയ്യാനും വകുപ്പ് മേധാവി സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനും തീരുമാനമെടുത്തത്.
മൂന്ന് വർഷം മുൻപാണ് റാഫിയെ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി നേരിട്ട് നിയമിച്ചത്.

ഈ സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ സിൻഡിക്കേറ്റ് മൂന്നംഗ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. അതുപോലെ, അക്വാട്ടിക് ബയോളജി പ്രൊഫസർ എ. ബിജു കുമാറിന് വകുപ്പ് മേധാവിയുടെ താൽക്കാലിക ചുമതല നൽകാനും സിൻഡിക്കേറ്റ് തീരുമാനിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img