
കൊല്ലം: കുന്നത്തൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. കുന്നത്തൂർ പടിഞ്ഞാറ് തിരുവാതിരയിൽ ഗീതു, ഭർത്താവ് സുരേഷ് എന്നിവരെയാണ് ഇന്നു പുലർച്ചെ ആലപ്പുഴയിൽ നിന്നും അറസ്റ്റ് ചെയ്തത്. കുന്നത്തൂർ പടിഞ്ഞാറ് ഗോപി വിലാസം (ശിവരഞ്ജിനി) ഗോപുവിന്റയും രഞ്ജിനിയുടെയും മകൻ ആദികൃഷ്ണൻ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കൊല്ലം സെഷൻസ് കോടതി തള്ളിയതിന് പിന്നാലെ ഇരുവരും ഒളിവിൽ പോകുകയായിരുന്നു.
ഡിസംബർ ഒന്നിന് ഉച്ചക്കാണ് വീടിനുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് ഭിന്നശേഷിക്കാരനായ ഇളയ സഹോദരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നെടിയിവിള വിജിഎസ്എസ് അംബികോദയം എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ആദി കൃഷ്ണൻ. വിദ്യാർത്ഥിയായ മകൾക്കു സമൂഹമാധ്യമത്തിലൂടെ സന്ദേശം അയച്ചെന്ന പേരിൽ ദമ്പതികൾ ആദികൃഷ്ണനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ ശേഷം മർദിച്ചിരുന്നു. മുഖത്തു നീരും ചെവിയിൽനിന്നു രക്തസ്രാവവും ഉണ്ടായി. സംഭവത്തിൽ ബാലാവകാശ കമ്മിഷനു പരാതി നൽകാൻ ഒരുങ്ങുന്നതിനിടെയാണു കുട്ടി ജീവനൊടുക്കിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടികളുണ്ടായില്ല. രാഷ്ട്രീയ ഇടപെടലിനെത്തുടർന്നു പ്രതികൾക്കു മുൻകൂർ ജാമ്യം ലഭിക്കുന്നതു വരെ പൊലീസ് കാത്തിരിക്കുകയാണെന്നു പരാതി ഉയർന്നിരുന്നു. രോഗിയായ പിതാവും ഭിന്നശേഷിക്കാരനായ സഹോദരനും ഉൾപ്പെടുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന്റെ ആകെയുള്ള പ്രതീക്ഷയായിരുന്നു ആദികൃഷ്ണൻ. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുമിടുക്കനായിരുന്നു ആദികൃഷ്ണൻ.











