
മുത്തച്ഛന് ചെവിയിൽ തുള്ളിമരുന്ന് ഒഴിച്ചുകൊടുക്കുന്നതിനിടെയാണ് ഇഷിക വർധന്യ ഒരു കാര്യം ശ്രദ്ധിച്ചത്. മറ്റൊരാളുടെ സഹായമില്ലാതെ സ്വയം തുള്ളിമരുന്ന് ഉപയോഗിക്കാൻ പ്രായമായവർ നേരിടുന്ന ബുദ്ധിമുട്ട്. ഈ ചെറിയ അനുഭവമാണ് പുതിയൊരു കണ്ടുപിടിത്തത്തിലേക്ക് ഇഷികയെയും കൂട്ടുകാരെയും നയിച്ചത്. കണ്ണിലും ചെവിയിലും തുള്ളിമരുന്ന് ഉപയോഗിക്കുന്നത് എളുപ്പമാക്കുന്ന 'ഒട്ടോമേറ്റ്' എന്ന ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഈ വിദ്യാർഥി സംഘം. നാലര മാസത്തെ പരിശ്രമത്തിനൊടുവിൽ രൂപം നൽകിയ കണ്ടുപിടിത്തവുമായി ഇനി അമേരിക്കയിലെ രാജ്യാന്തര മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനൊരുങ്ങുകയാണ് ഇവർ.
ആന്ധ്രപ്രദേശിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ വിദ്യാർഥികളായ ഇഷിക വർധന്യ, രാജ്ഹൻസ് അധവ്, പ്രശൻസ മൗര്യ, നിധി കുമാരി എന്നിവരാണ് ഈ നേട്ടത്തിന് പിന്നിൽ. 'ടീം കരിഗർ' എന്ന പേരിൽ അറിയപ്പെടുന്ന നാലംഗ സംഘം പതിനാറാമത് ആകൃതി ഇന്നവേഷൻ കോംപറ്റീഷൻ 2026ന്റെ ഇന്ത്യ ഫൈനലിൽ വിജയികളായി. മികച്ച ഓൾ ഗേൾസ് ടീമിനുള്ള പുരസ്കാരവും ഇവർ സ്വന്തമാക്കി.
രാജ്യത്തുടനീളമുള്ള 2,443 ടീമുകളിലായി 15,000ത്തിലധികം വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിലാണ് ടീമിന്റെ നേട്ടം. 2027 ഫെബ്രുവരിയിൽ അമേരിക്കയിലെ നാഷ്വില്ലിൽ നടക്കുന്ന ആകൃതി ഗ്ലോബൽ ഫൈനലിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള ടീമുകളുമായി ഇവർ മാറ്റുരയ്ക്കും.
മുത്തച്ഛന്റെ ബുദ്ധിമുട്ട് കണ്ടുപിടിത്തത്തിന് വഴിതുറന്നു
ചെവിസംബന്ധമായ അസുഖത്തെത്തുടർന്ന് ഇഷികയുടെ മുത്തച്ഛന് പതിവായി തുള്ളിമരുന്ന് ഉപയോഗിക്കേണ്ടിവന്നിരുന്നു. ഇഷികയുടെ സഹായത്തോടെയായിരുന്നു മരുന്ന് ഉപയോഗിച്ചിരുന്നത്. എന്നാൽ അവൾ അടുത്തില്ലാത്ത സമയങ്ങളിൽ സ്വയം മരുന്ന് ഉപയോഗിക്കാൻ കഴിയാതെ വരികയും ചിലപ്പോൾ മരുന്ന് മുടങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യം ഇഷികയെ ചിന്തിപ്പിച്ചു.കൂട്ടുകാരുമായി വിഷയം പങ്കുവച്ചതോടെ കണ്ണിലും ചെവിയിലും തുള്ളിമരുന്ന് ഉപയോഗിക്കുമ്പോൾ പ്രായമായവർ ഉൾപ്പെടെ നിരവധി പേർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സംഘം ചർച്ച ചെയ്തു. ഇതിന് പ്രായോഗികമായ പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് 'ഒട്ടോമേറ്റ്' വികസിപ്പിക്കാൻ തീരുമാനിച്ചത്.
നാലര മാസത്തെ പരിശ്രമം; 35 പേരിൽ പരീക്ഷണം
പഠനത്തിനിടയിലെ ഒഴിവുസമയങ്ങളിലായിരുന്നു രൂപകൽപനയും പരീക്ഷണങ്ങളും. നാലുപേർക്കും ഒരുമിച്ച് സമയം കണ്ടെത്തുക എളുപ്പമായിരുന്നില്ല. അതിനാൽ രാത്രിയിൽ ആരംഭിക്കുന്ന ചർച്ചകൾ പലപ്പോഴും പുലർച്ചെ വരെ നീളാറുണ്ടായിരുന്നു.
കോളജിലെ 3ഡി പ്രിന്ററുകൾ ഉപയോഗിച്ച് വിവിധ മാതൃകകൾ നിർമിച്ചാണ് പരീക്ഷണങ്ങൾ നടത്തിയത്. മൂന്ന് ഇഎൻടി വിദഗ്ധരുടെയും കോളജിലെ ഒരു ഡോക്ടറുടെയും സഹായവും തേടി. തുടർന്ന് എയിംസിലെത്തി പ്രായമായവർ ഉൾപ്പെടെയുള്ളവരിൽ ഉപകരണം പരീക്ഷിക്കുകയും അഭിപ്രായങ്ങൾ ശേഖരിക്കുകയും ചെയ്തു. ഇതുവരെ 35ഓളം പേരിൽ പരീക്ഷണം നടത്തിയിട്ടുണ്ട്.
മരുന്നിന്റെ അളവ് നിയന്ത്രിക്കാം; തുള്ളികൾ കാണാനും കഴിയും
മരുന്നിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന സംവിധാനമാണ് 'ഒട്ടോമേറ്റി'ന്റെ പ്രധാന സവിശേഷത. മരുന്ന് പുറത്തുവരുന്ന തുള്ളികൾ വ്യക്തമായി കാണാൻ കഴിയുന്ന സുതാര്യമായ മധ്യഭാഗവും ഉപകരണത്തിലുണ്ട്. നിലവിലെ മാതൃക പോളികാർബണേറ്റും സിലിക്കോണും ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ശുചിത്വവും ഉപയോഗസൗകര്യവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി മറ്റ് വസ്തുക്കളും സംഘം പരീക്ഷിച്ചുവരികയാണ്.
സോളിഡ്വർക്സ് സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് വിവിധ രൂപകൽപനകൾ തയ്യാറാക്കുകയും അവയുടെ സാധ്യതകൾ പരിശോധിക്കുകയും ചെയ്തത്.
ദൈനംദിന ജീവിതത്തിൽ നാം കാണാതെ പോകുന്ന ചെറിയ ബുദ്ധിമുട്ടുകൾ ശ്രദ്ധിക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യണമെന്നാണ് ഇഷികയുടെ അഭിപ്രായം. മുത്തച്ഛന് നേരിട്ട ഒരു പ്രയാസത്തിൽനിന്ന് ആരംഭിച്ച ആശയം ഇന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച് രാജ്യാന്തര വേദിയിലെത്താനുള്ള അവസരമായി മാറിയിരിക്കുകയാണ്.










