02:32pm 18 August 2026
NEWS
കോതമംഗലം എം.എ കോളേജിൽ വിദ്യാർഥിയുടെ ആത്മഹത്യ: മഴയിലും തളരാതെ വിദ്യാർഥികളുടെ പ്രതിഷേധം


18/08/2026  12:41 PM IST
ചെറുകര സണ്ണിലൂക്കോസ്
കോതമംഗലം എം.എ കോളേജിൽ വിദ്യാർഥിയുടെ ആത്മഹത്യ: മഴയിലും തളരാതെ വിദ്യാർഥികളുടെ പ്രതിഷേധം

 

കോതമംഗലം മാർ അത്തനേഷ്യസ് (എം.എ) കോളേജിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ ക്യാമ്പസിൽ പ്രതിഷേധം ശക്തമായി തുടരുന്നു. പ്രതികൂല കാലാവസ്ഥ പോലും വകവെയ്ക്കാതെ നൂറുകണക്കിന് വിദ്യാർഥികളാണ് മഴയത്ത് കോളേജിന് മുന്നിൽ പ്രതിഷേധ പ്രകടനവുമായി അണിനിരന്നിരിക്കുന്നത്.

മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സമഗ്രമായ അന്വേഷണം വേണമെന്നുമാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യം. കോളേജ് അധികാരികളുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നാരോപിച്ച് വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാർഥികളുടെ പ്രതിഷേധം കണക്കിലെടുത്ത് ക്യാമ്പസിലും പരിസരത്തും പോലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്. 

സേ പരീക്ഷാ ഫീസ് 6000 രൂപയില്‍ നിന്ന് 1000 രൂപയായി കുറയ്ക്കുമെന്ന് കോളജ് അധികൃതർ അറിയിച്ചു. ഗഠഡ നിർദേശപ്രകാരമുള്ള മിനിമം ക്രെഡിറ്റ് സിസ്റ്റം നടപ്പാക്കുമെന്നും വിദ്യാർഥി അക്കാദമി കൗണ്‍സില്‍ യോഗങ്ങള്‍ കൃത്യമായി വിളിച്ചുചേർക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

കുറഞ്ഞ ക്രെഡിറ്റിന്റെ പേരില്‍ നേരത്തെ രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്ന വിദ്യാർഥികള്‍ക്ക് അഞ്ചാം സെമസ്റ്ററിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ഒരുക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. വിദ്യാർഥികള്‍ അനിശ്ചിതകാല പഠിപ്പുമുടക്ക് സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോളജ് അധികൃതർ ഉത്തരവിറക്കിയത്.

എന്നാല്‍ കോളജ് പുറത്തിറക്കിയ സർക്കുലർ അംഗീകരിക്കാനാകില്ലെന്നും സമരവുമായി മുന്നോട്ടുപോകുമെന്നും വിദ്യാർഥികള്‍ അറിയിച്ചു. കോളജിന് മുന്നില്‍ വിദ്യാർഥികള്‍ പ്രതിഷേധം ആരംഭിക്കുകയും അധ്യാപകരടക്കമുള്ളവരെ തടയുകയും ചെയ്തു. പ്രിൻസിപ്പലും ഡീനും സ്ഥാനമൊഴിയണമെന്നാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യം.

നിയമം മാറ്റിയതുകൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കില്ലെന്നും ഇയർ ബാക്കിനെ തുടർന്ന് ആത്മഹത്യ ചെയ്ത മൂന്നാം വർഷ സിവില്‍ എൻജിനീയറിങ് വിദ്യാർഥി മിച്ചി മർപ്പുവിന്റെ മരണത്തില്‍ മാനേജ്‌മെന്റ് ഇതുവരെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെന്നും വിദ്യാർഥികള്‍ ആരോപിച്ചു. മരണത്തിന്റെ ഉത്തരവാദിത്വം മാനേജ്‌മെന്റ് ഏറ്റെടുക്കുന്നതുവരെ സമരം തുടരുമെന്നും വിദ്യാർഥികള്‍ വ്യക്തമാക്കി.

മിച്ചിയുടെ മരണത്തിന് പിന്നാലെ മാനേജ്‌മെന്റ് ഉറപ്പുനല്‍കിയ കാര്യങ്ങള്‍ രേഖാമൂലം പ്രസിദ്ധീകരിക്കുക, കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക, വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. കോളജിലെ മുഴുവൻ വിദ്യാർഥികളും സമരത്തിന്റെ ഭാഗമാകുമെന്ന് വിദ്യാർഥി കൂട്ടായ്മ അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img