03:19am 30 April 2026
NEWS
ഉപതെരഞ്ഞെടുപ്പ് നടന്ന ബാഗൽകോട്ടും ദാവൺഗെരെ സൗത്തിലും അടിയൊഴുക്ക് ശക്തം.
10/04/2026  12:40 PM IST
വിഷ്ണുമംഗലം കുമാർ
ഉപതെരഞ്ഞെടുപ്പ് നടന്ന ബാഗൽകോട്ടും ദാവൺഗെരെ സൗത്തിലും അടിയൊഴുക്ക് ശക്തം

കർണാടകം: ബാഗൽകോട്ട്, ദാവൺഗെരെ സൗത്ത് എന്നീ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് സമാധാനപരമായി നടന്നെങ്കിലും അടിയൊഴുക്കുകളെ കുറിച്ചുള്ള സംശയം ബാക്കിനിൽക്കുകയാണ്.രണ്ടും കോൺഗ്രസ്സിന്റെ സിറ്റിംഗ് മണ്ഡലങ്ങളാണ്. എച്ച് വൈ മെറ്റി, ശാമനൂർ ശിവശങ്കരപ്പ എന്നീ മുതിർന്ന എംഎൽഎമാരുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ്സ് ഭരിക്കുമ്പോൾ ഉപതെരഞ്ഞെടുപ്പുകളിൽ ആ പാർട്ടിയുടെ സ്ഥാനാർഥികൾ വിജയിക്കുന്ന പതിവാണ് കർണാടകത്തിലുള്ളത്. എന്നാൽ ബാഗൽകോട്ടും ദാവൺഗെരെ സൗത്തിലും രാഷ്ട്രീയ സ്ഥിതിഗതികൾ വ്യത്യസ്തമാണ്. അഹിന്ദ വിഭാഗക്കാർക്ക് മുൻ തൂക്കമുള്ള മണ്ഡലമാണ് ബാഗൽകോട്.കുറുബ സമുദായക്കാരനായിരുന്ന എച്ച് വൈ മെറ്റി അഹിന്ദ നേതാവായിരുന്നു. അദ്ദേഹത്തിന്റെ മകൻ ഉമേഷ്‌ മെറ്റിയാണ് കോൺഗ്രസ്സ് ടിക്കറ്റിൽ മത്സരിച്ചത്. ബിജെപിയാകട്ടെ ലിങ്കായത്തുകാരനായ മുൻ എംഎൽഎ വീരണ്ണ ചരന്ദിനാഥിനെ ഇറക്കി കടുത്ത മത്സരമാണ് കാഴ്ചവെച്ചത്. 2023 ൽ മെറ്റിയോട് അയ്യായിരത്തിൽ ചില്ലറ വോട്ടുകൾക്ക് തോറ്റ നേതാവാണ് ചരന്ദിനാഥ്. ബിജെപി പ്രചാരണം ശക്തിപ്പെടുത്തിയിരുന്നു. ബാഗൽകോട്ട് സീറ്റ് നിലനിർത്തേണ്ടത് അഹിന്ദയുടെ അനിഷേധ്യ നേതാവായ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഭിമാന പ്രശ്നമാണ്. ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന് ചില സർവ്വേകൾ പ്രവചിച്ചപ്പോൾ സിദ്ധരാമയ്യ പ്രചാരണം അതിശക്തമാക്കി. പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ നേതൃത്വത്തിൽ മന്ത്രിമാരെയും എം എൽ എമാരെയും നിയോഗിച്ചാണ് സിദ്ധരാമയ്യ പ്രചാരണം കടുപ്പിച്ചത്. 68.55 ശതമാനം വോട്ടർമാരാണ് ബാഗൽകോട്ടിൽ വോട്ട് രേഖപ്പെടുത്തിയത്. ബിജെപിയും പ്രചാരണം ഊർജ്ജിതമാക്കിയിരുന്നതിനാൽ വിജയം ആരുടേതാകുമെന്ന് പറയാൻ സാധിക്കാത്ത സാഹചര്യമാണ്. ദാവൺഗെരെ മണ്ഡലത്തിലെ പ്രബല സമുദായമായ മുസ്ലിങ്ങളുടെ പ്രതിഷേധവും നിസ്സഹകരണവുമാണ് കോൺഗ്രസ് നേരിട്ടത്. തങ്ങളുടെ സമുദായത്തിൽ പെട്ട ഒരു നേതാവിനെ സ്ഥാനാർത്ഥിയാക്കണമെന്ന മുസ്ലിങ്ങളുടെ ആവശ്യം സിദ്ധരാമയ്യ അംഗീകരിച്ചിരുന്നില്ല. ശിവശങ്കരപ്പയുടെ കൊച്ചുമകൻ സമർത്ഥ ശാമന്നൂരിനെയാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥിയാക്കിയത്. മുസ്ലിം സമുദായത്തിൽ നിന്നുള്ള പ്രതിഷേധം ഭയന്ന് ഭവനമന്ത്രി സമീർ അഹമ്മദ് ഖാൻ പ്രചാരണത്തിനെത്തിയിരുന്നില്ല. എസ്‌ ഡി പി ഐ സ്ഥാനാർത്ഥിയുടെ സാന്നിധ്യവും കോൺഗ്രസിന് വെല്ലുവിളി ഉയർത്തിയിരുന്നു. ദീർഘകാലം ശിവശങ്കരപ്പ കൈവശം വെച്ചുപോന്ന ഈ മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അദ്ദേഹം ഇരുപത്തിയേഴായിരത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു എന്നതാണ് കോൺഗ്രസിന് ആശ്വാസം പകരുന്നത്. എന്നാൽ മണ്ഡലത്തിലെ എൺപതായിരത്തോളം വരുന്ന മുസ്ലിം വോട്ടർമാർ പ്രതികൂലമായി പ്രതികരിച്ചാൽ അത് കോൺഗ്രസ്സിന് പ്രശ്നമാണ്. പട്ടികവർഗ്ഗ സമുദായത്തിൽ പെട്ട ശ്രീനിവാസ് ടി ദാസ കാരിയപ്പയെയാണ് ബിജെപി മത്സരിപ്പിച്ചത്. 69.48 ശതമാനമാണ് ദാവൺഗെരെ മണ്ഡലത്തിലെ പോളിംഗ്. രണ്ടു മണ്ഡലത്തിലും അടിയൊഴുക്ക് ശക്തമായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img