02:48pm 15 August 2026
NEWS
ഫ്‌ളോറസിനെ നടുക്കി തീവ്ര ഭൂചലനം; സുനാമി മുന്നറിയിപ്പ്; ജനങ്ങളെ ഒഴിപ്പിക്കുന്നു
15/08/2026  07:44 AM IST
nila
ഫ്‌ളോറസിനെ നടുക്കി തീവ്ര ഭൂചലനം; സുനാമി മുന്നറിയിപ്പ്; ജനങ്ങളെ ഒഴിപ്പിക്കുന്നു

ജക്കാർത്ത: ശക്തമായ ഭൂചലനത്തിൽ കുലുങ്ങി കിഴക്കൻ ഇൻഡൊനീഷ്യയിലെ ഫ്‌ളോറസ് ദ്വീപ്. റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ശനിയാഴ്ച പുലർച്ചെയുണ്ടായത്. ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതോടെ തീരമേഖലയിൽ നിന്ന് നൂറുകണക്കിന് പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്.

ഇൻഡൊനീഷ്യൻ സമയം രാവിലെ 5.58നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ത്യൻ സമയം പുലർച്ചെ 3.28നായിരുന്നു ഇത്. ഫ്‌ളോറസ് ദ്വീപിന്റെ വടക്കൻ തീരത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

6.1 തീവ്രതയിലുള്ള ആദ്യ ചലനത്തിന് പിന്നാലെയാണ് കൂടുതൽ ശക്തമായ ഭൂചലനമുണ്ടായത്. പ്രകമ്പനത്തിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ചില കെട്ടിടങ്ങൾ തകർന്നതായും റിപ്പോർട്ടുണ്ട്. നിലവിൽ ആളപായം സ്ഥിരീകരിച്ചിട്ടില്ല.

ഭൂചലനത്തെ തുടർന്ന് കടലിൽ അരമീറ്റർ മുതൽ മൂന്ന് മീറ്റർ വരെ ഉയരമുള്ള തിരമാലകൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. പ്രഭവകേന്ദ്രത്തിൽ നിന്ന് 2,400 കിലോമീറ്റർ അകലെയുള്ള മൗമറേ പട്ടണത്തിലെ ജനങ്ങൾ ഉൾപ്പെടെ സുരക്ഷയ്ക്കായി ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിയതായി എഎഫ്പി റിപ്പോർട്ട് ചെയ്തു.

സുനാമി മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തീരമേഖലയിൽ അധികൃതർ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. തുടർചലനങ്ങൾക്കും കടൽനിരപ്പിലെ മാറ്റങ്ങൾക്കും നിരീക്ഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img