
ദോഹ: ഗാസയിലെ യുദ്ധംഅവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമഗ്ര പദ്ധതിയും യു.എൻ രക്ഷാസമിതിയുടെ 2803-ാം നമ്പർ പ്രമേയവും മുൻനിർത്തിയുള്ള റോഡ്‌മാപ്പ് തള്ളിക്കളഞ്ഞ ഇസ്രായേൽ നിലപാടിനെ രൂക്ഷമായി അപലപിച്ച് ഖത്തർ ഉൾപ്പെടെ എട്ട് അറബ്-ഇസ്‌ലാമിക രാജ്യങ്ങൾ. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തെ എതിർക്കുന്ന ഇസ്രായേലിന്റെ പരസ്യമായ നിലപാട് മേഖലയിലെ ശാശ്വത സമാധാന ശ്രമങ്ങളെ പാടെ തകർക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
ഖത്തർ, ജോർദാൻ, യു.എ.ഇ, ഇന്തോനേഷ്യ, പാകിസ്ഥാൻ, തുർക്കിയെ, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ഇസ്രായേലിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് നടത്തുന്ന തീവ്രശ്രമങ്ങൾക്ക് തിരിച്ചടിയാകുന്ന നിലപാടാണ് ഇസ്രായേലിന്റേത്. സമാധാന നീക്കങ്ങൾ തടസ്സപ്പെടുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഇസ്രായേലിനായിരിക്കും.ഫലസ്തീൻ കക്ഷികൾ അംഗീകരിച്ച ഈ റോഡ്‌മാപ്പ് പ്രകാരം ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റം, ഗാസയുടെ ഭരണം 'നാഷണൽ കമ്മിറ്റി ഫോർ ഗാസ മാനേജ്‌മെന്റ്' കൈമാറൽ, അന്താരാഷ്ട്ര സേനയുടെ വിന്യാസം, പുനർനിർമ്മാണം എന്നിവയാണ് ലക്ഷ്യമിട്ടിരുന്നത്.റോഡ്‌മാപ്പ് വ്യവസ്ഥകൾ പാലിക്കാൻ ഇസ്രായേലിനെ നിർബന്ധിതരാക്കാൻ അമേരിക്കയുടെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് വിദേശകാര്യ മന്ത്രിമാർ ആവശ്യപ്പെട്ടു.1967-ലെ അതിർത്തികൾ അംഗീകരിച്ച്, കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ മാത്രമേ മേഖലയിൽ ശാശ്വത സമാധാനം സാധ്യമാകൂ എന്നും ഏകപക്ഷീയമായ നീക്കങ്ങൾ അംഗീകരിക്കില്ലെന്നും രാജ്യങ്ങൾ വ്യക്തമാക്കി.










