02:53am 29 October 2026
NEWS
​നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കുത്തനെ കൂട്ടി; പ്രവാസികൾക്കിടയിൽ കടുത്ത പ്രതിഷേധം
28/10/2026  09:00 PM IST
nila
​നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കുത്തനെ കൂട്ടി; പ്രവാസികൾക്കിടയിൽ കടുത്ത പ്രതിഷേധം

 


​ദോഹ: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക കുത്തനെ വർധിപ്പിച്ചു. 8,200 രൂപ മുതലാണ് പുതിയ വർധന നടപ്പിലാക്കിയിരിക്കുന്നത്. നിലവിൽ പ്രതിവർഷം 13,450 രൂപ പ്രീമിയം അടച്ചാൽ അഞ്ച് ലക്ഷം മുതൽ ഒരു കോടി രൂപ വരെ പരിരക്ഷ ലഭിച്ചിരുന്നു.  
​എന്നാൽ, പുതിയ കണക്കുകൾ പ്രകാരം അഞ്ച് ലക്ഷം രൂപയുടെ വ്യക്തിഗത ചികിത്സാപരിരക്ഷയ്ക്കായി വിവിധ പ്രായപരിധിയിലുള്ളവർ വൻ തുക നൽകേണ്ടി വരും. 51-60 പ്രായവിഭാഗത്തിൽ 21,722 രൂപയും, 61-70 വിഭാഗത്തിൽ 28,326 രൂപയും, 71-80 വിഭാഗത്തിൽ 48,279 രൂപയുമാണ് ആവശ്യപ്പെടുന്നത്. ഇതേ തുകയുടെ കുടുംബ ചികിത്സാപരിരക്ഷയ്ക്ക് യഥാക്രമം 35,664 രൂപ, 44,718 രൂപ, 77,773 രൂപ എന്നിങ്ങനെ നൽകേണ്ടി വരും.  
​കുറഞ്ഞ വരുമാനക്കാരും വിരമിച്ചവരുമുൾപ്പെടെയുള്ള പ്രവാസികൾക്ക് ഈ നിരക്ക് വർധന വലിയ തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഈ അന്യായായ നിരക്ക് വർധനക്കെതിരെ പ്രവാസികളും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.  
​പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും ചികിത്സാചെലവിന് ആശ്വാസം നൽകുകയെന്ന ലക്ഷ്യത്തോടെ എൽ.ഡി.എഫ് സർക്കാരാണ് നോർക്ക കെയർ അവതരിപ്പിച്ചത്. ഉയർന്ന ചികിത്സാചെലവ് കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ തകർക്കുന്ന സാഹചര്യത്തിൽ, താങ്ങാവുന്ന പ്രീമിയത്തിൽ ചികിത്സാപരിരക്ഷ ലഭിച്ചത് പ്രവാസികൾക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു. നിരവധി പ്രവാസികൾ സ്വകാര്യ ഇൻഷുറൻസ് പരിരക്ഷ ഉപേക്ഷിച്ച് നോർക്ക കെയറിന്റെ ഭാഗമാകുകയും ചെയ്തിരുന്നു. കേരളത്തിലും ഇന്ത്യയിലെ മറ്റ് ആശുപത്രികളിലും ചികിത്സ ലഭിക്കുന്ന ഈ പദ്ധതിയിലൂടെ രാജ്യത്തെ 24,000-ത്തിലധികം ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സ ലഭിക്കുമായിരുന്നു.  
​അന്യായായ പ്രീമിയം വർധന പിൻവലിക്കുക, പദ്ധതിയുടെ പ്രവാസക്ഷേമ സ്വഭാവം സംരക്ഷിക്കുക, മുതിർന്നവർക്കും കുറഞ്ഞ വരുമാനക്കാർക്കും സർക്കാർ സഹായത്തോടെ താങ്ങാവുന്ന നിരക്ക് ഉറപ്പാക്കുക എന്നിവയാണ് ഉയരുന്ന പ്രധാന ആവശ്യങ്ങൾ. ഇതിനൊപ്പം നിലവിലുള്ള അംഗങ്ങളുടെ പരിരക്ഷ മുടങ്ങാതെ പോളിസി പുതുക്കാനുള്ള അവസരമൊരുക്കണമെന്നും ആവശ്യമുയരുന്നുണ്ട്. പ്രവാസ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് വേണ്ടിയാണ് ഈ നീക്കം നടക്കുന്നതെന്ന ആക്ഷേപവും ശക്തമാകുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img