08:44am 25 November 2026
NEWS
വഖഫ് ബോർഡ് പുനഃസംഘടനയിൽ ശക്തമായ പ്രതിഷേധം; എ.പി-ഇ.കെ സമസ്തകൾ പ്രതിഷേധത്തിൽ; ഒടുവിൽ മുട്ടുമടക്കി സർക്കാർ
01/11/2026  10:11 AM IST
നെല്ലിക്കുത്ത് ഹനീഫ
വഖഫ് ബോർഡ് പുനഃസംഘട നയിൽ ശക്തമായ പ്രതിഷേധം; എ.പി-ഇ.കെ സമസ്തകൾ പ്രതിഷേധത്തിൽ; ഒടുവിൽ മുട്ടുമടക്കി സർക്കാർ

സംസ്ഥാന വഖഫ് ബോർഡ്  പുനഃസംഘടിപ്പിച്ചത് മുസ്ലിം സംഘടനകൾക്കിടയിലും, രാഷ്ട്രീയ കേന്ദ്രങ്ങളിലും പുതിയ വിവാദത്തിന് തുടക്കമിട്ടു. വിഷയത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലാണ് കാര്യങ്ങൾ മുന്നേറിയത്. തുടർച്ചയായ 18 വർഷം സംസ്ഥാന വഖഫ് ബോർഡിൽ തെഞ്ഞെടുക്കപ്പെട്ട   അംഗമായിരുന്ന കോഴിക്കോട് നല്ലളം സ്വദേശി എം.സി മായിൻ ഹാജിയാണ് പുതിയ ബോർഡ് ചെയർമാൻ. വഖഫ് സ്വത്തുക്കൾ തട്ടിയെടുത്തതായി ഇദ്ദേഹത്തിനെതിരെ നിരവധി പരാതികൾ നേരത്തെ ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് കോടതി വ്യവഹാരങ്ങളും നിലനിൽക്കുന്നുണ്ട്. 

ബോർഡ് പുനഃസംഘടിപ്പിച്ചതിൽ  യു.ഡി.എഫിനുള്ളിലും ഭിന്നാഭിപ്രായം ഉയർന്നതോടെ, രാഷ്ട്രീയ വിവാദവും ശക്തമാവുകയാണ്. എം.സി മായിൻ ഹാജി (ചെയർമാൻ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ്), കുറുക്കോളി മൊയ്തീൻ (എം.എൽ.എ പ്രതിനിധി) എം.പി. മുസ്തഫൽ ഫൈസി(സമസ്ത ഇ.കെ വിഭാഗത്തിലെ കൂടിയാലോചനാ സമിതിയിൽ നിന്ന് പുറത്താക്കപ്പെട്ട അംഗം.) തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രതിനിധി), അബ്ദുൽ മജീദ് സ്വലാഹി (കേരള നദ്വത്തുൽ മുജാഹിദ്ദീൻ പ്രതിനിധി) സി. ജസീം സബാഹ് (വെൽഫെയർ പാർട്ടി), സജ്‌ന ഫിറോസ് (തദ്ദേശസ്ഥാപന പ്രതിനിധി- കോൺഗ്രസ്സ്), എ. മദീന ബീഗം (സർക്കാർ ഉദ്യോഗസ്ഥ പ്രതിനിധി) എന്നിങ്ങനെയാണ് പുനഃസംഘടിക്കപ്പെട്ട വഖഫ് ബോർഡിലെ അംഗങ്ങൾ.

എതിർപ്പിനുള്ളകാരണം

വി.ഡി സതീശൻ മുഖ്യമന്ത്രിയായുള്ള യു.ഡി.എഫ് സർക്കാർ തങ്ങൾക്ക് നൽകിയ ഉറപ്പ് ലംഘിച്ചതായും, ബോർഡ് പുനഃസംഘടന വഞ്ചനാപരമാണെന്നും കാന്തപുരം വിഭാഗത്തിന്റെ മുഖപത്രം സിറാജ് രൂക്ഷമായി വിമർശിച്ചു. മതസ്ഥാപനങ്ങളും,  മറ്റ് വഖഫ് സ്വത്തുക്കളും കൈകാര്യം ചെയ്യുകയും, അനുബന്ധമായ  തർക്കങ്ങൾ തീർപ്പാക്കുകയും ചെയ്യുന്ന വഖഫ് ബോർഡിൽ തൊണ്ണൂറ് ശതമാനം വഖഫുകളും നിയന്ത്രിക്കുന്ന മത സംഘടനകൾക്ക് ഔദ്യോഗിക അംഗങ്ങൾ വേണമെന്നത് ന്യായമായ ആവശ്യം മാത്രമാണ്. അതില്ലാത്ത കാരണത്താൽ നേരത്തെ പല വഖഫ് സ്വത്തുകളും സുന്നീവിഭാഗങ്ങൾക്ക് നഷ്ടപ്പെട്ടു. പലതും സുന്നീ വിരുദ്ധ ആശയക്കാരാണ് അതെല്ലാം തട്ടിയെടുത്തതും. ഇപ്പോൾ സുന്നീ വിരുദ്ധ ആശയക്കാരായ 'ജമാഅത്തെ ഇസ്ലാമി, മുജാഹിദ്' വിഭാഗങ്ങൾക്ക് ബോർഡിൽ പ്രാതിനിധ്യം നൽകുകയും, സുന്നികളെ അവഗണിക്കുകയും ചെയ്തതാണ് വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചതിനെതിരെ ശക്തമായ എതിർപ്പ് ഉയരാൻ കാരണം. ഇതിനോട് ജനാധിപത്യ മാർഗ്ഗത്തിൽ പ്രതിഷേധിക്കുമെന്നും നിഷേധിക്കപ്പെട്ട അവകാശങ്ങൾക്ക് വേണ്ടിയും, നേരിടുന്ന അവഗണനക്കെതിരേയും ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കാന്തപുരം സുന്നീ വിഭാഗം തീരുമാനിച്ചിരുന്നു. 

അതേസമയം സമാന പരാതി തന്നെയാണ് 'ഇ.കെ വിഭാഗം സുന്നികൾക്കും' പറയാനുള്ളത്. പുനഃസംഘടിക്കപ്പെട്ട ബോർഡിൽ ഇ.കെ സുന്നീ സംഘടനയിൽ നിന്ന് വ്യക്തമായ ഒരംഗത്തിനേയും ഉൾപ്പെടുത്തിയിട്ടില്ല. ചെയർമാൻ മായിൻ ഹാജിയും, അംഗം മുസ്തഫൽ ഫൈസിയും ഇ.കെ സുന്നികളാണെന്ന ന്യായമാണ് മുസ്ലിംലീഗ് നേതൃത്വം അവകാശപ്പെടുന്നതെങ്കിലും, ഇ.കെ സുന്നീ സമസ്തയുടെ പ്രധാന പദവിയിൽ നിന്ന് പുറത്താക്കപ്പെട്ട ലീഗനുകൂലിയാണ് മുസ്തഫൽ ഫൈസി. ഇദ്ദേഹത്തെ ബോർഡിൽ ഉൾപ്പെടുത്തിയതു തന്നെ ഇ.കെ സമസ്തയോടുള്ള പരിഹാസമായാണ് അവർ വിലയിരുത്തുന്നത്.

സിറാജ് മുഖപ്രസംഗം

സംസ്ഥാന വഖഫ് ബോർഡ് പലപ്പോഴും രാഷ്ട്രീയ വടംവലികൾക്ക് വേദിയായിട്ടുള്ളതാണ്. 'വഖഫ് ബോർഡ്, ഹജ്ജ്കമ്മിറ്റി' തുടങ്ങിയവയുടെ ചെയർമാൻ സ്ഥാനങ്ങളിൽ കണ്ണുനട്ടാണ് എ.പി-ഇ.കെ സുന്നീ ഗ്രൂപ്പുകൾ എക്കാലത്തും വോട്ടിനുള്ള വില പേശാറുള്ളതും. ഇപ്പോൾ വഖഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാർ സ്വീകരിച്ച നിലപാട് ദുരൂഹമാണെന്ന് എ.പി വിഭാഗം സുന്നികൾ ആണയിടുന്നു. അതിരൂക്ഷമായാണ് കാന്തപുരം വിഭാഗത്തിന്റെ മുഖപത്രം സിറാജിൽ വന്ന മുഖ പ്രസംഗവും. ബോർഡ് പുനഃസംഘടന വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിൽ ഏറ്റവും  വലിയ തിരിച്ചടി മുസ്ലിം ലീഗിനായിരിക്കുമെന്നും സിറാജ് മുഖപ്രസംഗം താക്കീത് നൽകുന്നു. സർക്കാർ നിലപാട് അനീതിയും, അന്യായവുമാണെന്ന് കാന്തപുരം യുവജന വിഭാഗം നേതാവ് റഹ്മത്തുള്ള സഖാഫി സോഷ്യൽ മീഡിയായിലൂടെ വ്യക്തമാക്കി. 

കേരളത്തിലെ വഖഫ് സ്വത്തുകളുടെ ഏറിയ പങ്കും നിയന്ത്രിക്കുന്നത് ഇ.കെ-എ.പി വിഭാഗം സുന്നികളാണ്. 20,000-ൽ പ്പരം മദ്രസ്സകളും, 1,000-ത്തിന് മുകളിൽ ഉന്നത മത വിദ്യാഭ്യാസ സ്ഥാപനങ്ങളും, 1,000-ന് മുകളിൽ മഹല്ലുകളും ഇ.കെ-എ.പി സമസ്തകളാണ് നടത്തുന്നത്. എന്നിട്ട് പോലും ഈ സമസ്തകളിൽ നിന്ന് ബോർഡിൽ പ്രതിനിധികളെ ഉൾപ്പെടുത്തിയിട്ടില്ലെന്ന് റഹ്മത്തുള്ള സഖാഫി കുറ്റപ്പെടുത്തുന്നു. ബോർഡിൽ അംഗത്വം വേണമെന്ന് പറയുന്നത് കസേരമോഹം കൊണ്ടല്ല. ഞങ്ങൾ മതരംഗത്ത് പ്രവർത്തിക്കുന്നവരാണ്. ലക്ഷക്കണക്കിന് വിശ്വാസികളുള്ള ഇരു സമസ്തയിൽ നിന്നും, ഒരംഗത്തെപ്പോലും ഉൾപ്പെടുത്താതെ, സുന്നി വിരുദ്ധരെ മാത്രം ഉൾപ്പെടുത്തിയാണ് ബോർഡ് പുനസംഘടിപ്പിച്ചത്. അതിന് പറയുന്ന ന്യായമാകട്ടെ തീർത്തും അപഹാസ്യവുമാണ്. പരാതി ഉള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും, വഖഫ് ബോർഡിൽ സ്ഥാനം കിട്ടാത്തവർക്ക് ഹജ്ജ് കമ്മിറ്റിയിൽ അംഗത്വം നൽകാമെന്നുമാണ് സാദിക്കലി തങ്ങൾ മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിച്ചത്. ഹജ്ജ് കമ്മിറ്റിയും, വഖഫ് കമ്മിറ്റിയും ഒരു പോലെയാണോ, എന്ന് കൂടി സാദിക്കലി തങ്ങൾ വ്യക്തമാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. 

ഇരുവിഭാഗം സമസ്തകൾക്കുമായി  ഏതാണ്ട് കേരളത്തിലെ 70% മത സ്ഥാപനങ്ങളും വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തതാണ്. അതേസമയം ജമാഅത്തെ ഇസ്ലാമിക്കാരും, മുജാഹിദ് വിഭാഗക്കാരും അവരവരുടെ എത്ര സ്ഥാപനങ്ങൾ വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന വസ്തുതയും സാദിക്കലി തങ്ങൾ ചോദിച്ച് മനസ്സിലാക്കണം. ഇതൊക്കെ ചോദിച്ചും, പറഞ്ഞും കാര്യങ്ങൾ നടത്തിയാൽ, സ്വാർത്ഥ താത്പ്പര്യങ്ങളും, നേട്ടങ്ങളും നടത്താൻ അവസരം ലഭിക്കില്ല. അക്കാര്യം ഇതിന്റെയെല്ലാം അണിയറ പ്രവർത്തകർക്ക് നന്നായിട്ടറിയാം. അതിന് വേണ്ടി കളം പാകപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ ഈ പുനഃസംഘടന. മുനമ്പം വഖഫ് ഭൂമി അടക്കമുള്ള ഔദ്യോഗിക വഖഫ് വസ്തുക്കൾ ഇനിയും അന്യാധീനപ്പെട്ടുകൂടാ എന്ന നിലപാടാണ് സുന്നികൾക്കുള്ളത്. ബോർഡിനെതിരെയുള്ള ഇത്തരം വിമർശനത്തിൽ, സർക്കാരിനെതിരെ പരസ്യ പ്രതിഷേധം വരാതിരിക്കാൻ ശ്രദ്ധിക്കുമെന്ന് മന്ത്രി കെ.എം ഷാജി പറഞ്ഞു. ബോർഡ് രൂപീകരണത്തിൽ ആരോടൊക്കെയാണ് ചർച്ച നടത്തിയത് എന്ന് അറിയില്ലെന്നും ഷാജി പറഞ്ഞു. 

നിയമം മറികടന്ന നീക്കം 

മുൻ വഖഫ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ, എ.എ റഹീം എം.പി എന്നിവർ, വഖഫ് നിയമത്തിലെ 14-ാം വകുപ്പ് പാലിച്ച് കൊണ്ടല്ല യു.ഡി.എഫ്‌സർക്കാർ പുനഃസംഘടന നടത്തിയതെന്നും, വഖഫ് ബോർഡ് പിരിച്ച് വിടാൻ 'ഉമീദ് നിയമത്തി'ൽ വ്യവസ്ഥയില്ലെന്നും, ഇപ്രകാരം നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെയുമാണ് ബോർഡ് പുനഃസംഘടിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബോറ (ഷിയ) വിഭാഗത്തിൽ നിന്നുള്ള അംഗത്തിന് പ്രാതിനിധ്യം നൽകാനാണ് പുനഃസംഘടന നടത്തിയത് എന്ന സർക്കാർ വിശദീകരണം ശരിയല്ല. ബോർഡിൽ ഒരു എം,എൽ.എ യുടെ ഒഴിവ് നിലവിൽ ഉണ്ടായിരുന്നു. ആ സ്ഥാനത്തേക്ക് ബോറ വിഭാഗത്തിൽ നിന്നുള്ള അംഗത്തെ നിയമിക്കാമായിരുന്നു. ബോർഡിൽ നിലവിലുള്ള ഒഴിവ് നികത്താൻ ആവശ്യമായ നടപടി സ്വീകരിക്കണം എന്നായിരുന്നു നേരത്തെ കോടതി നിർദ്ദേശിച്ചിരുന്നത്. അതിന് പകരം, ബോർഡ് പുനഃസംഘടിപ്പിക്കുകയാണ് സർക്കാർ ചെയ്തത്. ആയതിനാൽ ബോർഡ് പുനഃസംഘടന റദ്ദ് ചെയ്യണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. ഹർജി അടിയന്തരമായി പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബഞ്ച് പുതിയ ബോർഡിന്റെ പ്രവർത്തനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു. എന്നാൽ, പുതിയ ബോർഡിന്റെ നിയമനങ്ങൾ കോടതിയിലുള്ള ഹർജികളിലെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്ന് ജസ്റ്റിസ് എസ് മനു ഉത്തരവിട്ടു. ഒരു 'ഷിയാ' വിഭാഗക്കാരനെ ഇന്നേവരെ വഖഫ് ബോർഡിൽ ചേർത്തിട്ടില്ല. ഇപ്പോൾ ഉണ്ടാക്കിയ ഈ മാറ്റം കാരണം വലിയ ഭവിഷ്യത്തുകളാണ് ഭാവിയിൽ നേരിടേണ്ടി വരികയെന്ന് കെ.എസ് ഹംസ മാധ്യമങ്ങളോട് വ്യക്തമാക്കി.

സി.പി.എം സെക്രട്ടറിയേറ്റ്

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച യു.ഡി.എഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും രംഗത്തുണ്ട്. എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് രൂപീകരിച്ച ബോർഡ് കാലാവധി പൂർത്തീകരിക്കുന്നതിന് മുമ്പാണ് പിരിച്ച് വിട്ടതെന്നും, മുസ്ലിം സമൂഹത്തെ മുസ്ലിംലീഗും, കോൺഗ്രസ്സും വഞ്ചിച്ചതായും പി. രാജീവ് ആരോപിച്ചു. നിലവിലുള്ള വഖഫ് ബോർഡ് പിരിച്ചു വിട്ട് പുതിയ വഖഫ് ബോർഡ് രൂപീകരിച്ച നടപടി പൂർണ്ണമായിട്ടും നിയമ വിരുദ്ധമാണ്. തങ്ങൾക്ക് ഇഷ്ടപ്പെട്ട ആളുകളെ തിരുകി ക്കേറ്റുന്നതിന് വേണ്ടി നിമയ വ്യവസ്ഥയെ വെല്ലുവിളിച്ച്, ഹൈക്കോടതിയുടെ നിരീക്ഷണത്തെ തെറ്റായി അവതരിപ്പിക്കുകയുമാണ് സർക്കാർ ചെയ്തിട്ടുള്ളത്. പി രാജീവ് പറഞ്ഞു.

ബോർഡ് പിരിച്ച് വിടുന്നതിന് ഒരു തരത്തിലുള്ള വകുപ്പുകളും ഇല്ല. നിലവിലുള്ള വഖഫ് നിയമത്തിന്റെ 99-ാം വകുപ്പ് പ്രകാരം 6 മാസത്തേയ്ക്ക് സസ്‌പെന്റ് ചെയ്യാം. അതിന് മതിയായ കാരണങ്ങളും ഉണ്ടായിരിക്കണം. ഇതിന് കൃത്യമായ മാനദണ്ഡങ്ങളും ഉണ്ട്. അത് പാലിച്ച് കൊണ്ട് 6 മാസത്തേയ്ക്ക് സസ്‌പെന്റ് ചെയ്യാനും, ആവശ്യമെങ്കിൽ പിന്നീട് നീട്ടാനുമുള്ള വ്യവസ്ഥകൾ ഉണ്ട്. വഖഫിന്റെ കോൺസ്റ്റിറ്റിയൂഷനിൽ തെറ്റുകൾ ഉണ്ടെങ്കിൽ വഖഫ് ബോർഡ് എടുക്കുന്ന തീരുമാനങ്ങൾ പോലും അസാധുവാകില്ല. ഏതെങ്കിലും ഒരു അംഗത്തിന്റെ നിയമനത്തിൽ അപാകതകൾ ഉണ്ടെങ്കിൽ വഖഫ് ബോർഡ് അസാധുവാകുമെന്ന അസാധാരണമായ വ്യാഖ്യാനമാണ്. ലോകത്തിൽ ഒരു നിയമവും അംഗീകരിക്കാത്ത വ്യാഖ്യാനമാണ് സർക്കാർ നടത്തിയിട്ടുള്ളത്. ഏതെങ്കിലും ഒരു അംഗത്തെ നിയമിക്കുന്നതിൽ തെറ്റുണ്ട് എന്ന് കണ്ടെത്തിയാൽ കോടതിക്ക് അത് റദ്ദ് ചെയ്യാം. അങ്ങനെയുള്ള ആളെ മാറ്റാം. അതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാം എന്നല്ലാതെ വഖഫ് ബോർഡിനകത്ത് ഒരു തരത്തിലും ഈ രൂപത്തിൽ പിരിച്ച് വിടൽ നിയമപരമായി നിലനിൽക്കുന്നതല്ലെന്നും പി രാജീവ് ചൂണ്ടിക്കാട്ടി.  

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ സജ്‌നാ ഫിറോസിനെ ബോർഡിൽ ഉൾപ്പെടുത്തിയതിൽ കോൺഗ്രസ്സിൽ ഒരു വിഭാഗവും അതൃപ്തിയിലാണ്. മലപ്പുറം-മേലാറ്റൂർ ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് പിന്തുണയിൽ മത്സരിച്ച് വിജയിച്ച ജസീംസബാഹ് (വെൽഫയർ പാർട്ടി) ആണ് 'ജമാഅത്തെ ഇസ്ലാമി'യിൽ നിന്നുള്ള വഖഫ് ബോർഡ് അംഗം. ബോർഡ് പുനഃസംഘടനയിൽ സുന്നികൾക്ക് അർഹമായ പ്രാതിനിധ്യം നൽകിയിട്ടില്ലെന്നും, അത് എത്രയും പെട്ടന്ന് പരിഹരിക്കണമെന്നും കോൺഗ്രസ്സ് എം.പി  രാഘവനും ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ കൈക്കൊണ്ട നടപടി നിയമ വിരുദ്ധമാണെന്ന് നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്. 

ചെയർമാൻ അയോഗ്യനെന്ന് 

ബോർഡ് പുനഃസംഘടന രാഷ്ട്രീയ പ്രേരിതമാണെന്നും, വിവാദമായ മുനമ്പം ഭൂമി പ്രശ്‌നത്തിൽ മുൻ ബോർഡ് വിട്ടു വീഴ്ച നടത്താത്തതിലാണ് യു.ഡി.എഫ് സർക്കാർ ബോർഡ് പിരിച്ചു വിട്ടതെന്നും ഐ.എൻ.എൽ പോലുള്ള പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നുണ്ട്. കേന്ദ്ര സർക്കാറിന്റെ പുതിയ വഖഫ് നിയമം വരുന്നത് വരെയുള്ള എല്ലാ വഖഫ് ബോർഡുകളിലും വോട്ടിംഗിലൂടെ അംഗമായിരുന്ന മായിൻ ഹാജി 'ഒട്ടും വിശുദ്ധനല്ലെന്ന് തെളിവ് സഹിതം' അവർ കുറ്റപ്പെടുത്തുന്നുണ്ട്. വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ കളങ്കിതനെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയെ തന്നെ, പുതിയ വഖഫ് ബോർഡിന്റെ ചെയർമാൻ ആക്കിയതിന് പിന്നിൽ, വി.ഡി സതീശൻ സർക്കാറിന് കൃത്യമായ അജണ്ടയുണ്ട്. 

നേരത്തെ റഷീദലി തങ്ങൾ ചെയർമാനും, താൻ മെമ്പറുമായ കമ്മിറ്റി 'മുനമ്പം' വഖഫ് ഭൂമിയാണെന്ന നിലപാടിൽ ഉറച്ച് നിന്നിരുന്നു എന്ന് പറഞ്ഞ മായിൻ ഹാജി, പിന്നീട് മുനമ്പം വിഷയം ഒരു ഭൂമിത്തർക്കം മാത്രമാക്കി സംഗ്രഹിച്ചു. ഇതിൽ നിന്ന്  മനസ്സിലാക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ട്. മുനമ്പം വിഷയത്തിൽ തീരുമാനമെടുക്കാൻ അധികാരമുള്ളത് സർക്കാരിനും കോടതിക്കുമാണെന്ന് പറഞ്ഞ്, സർക്കാർ തീരുമാനത്തെ പിന്തുണയ്ക്കുമെന്ന് പറയുന്ന മായിൻ ഹാജി മലക്കം മറിയുന്നത് സ്വയം രക്ഷയ്ക്ക് വേണ്ടിയാണെന്നും ആരാപിക്കപ്പെടുന്നു. 

വഖഫ് ബോർഡിന് കീഴിൽ കോഴിക്കോട്-കുറ്റിക്കാട്ടൂരിൽ കോടിക്കണക്കിന് രൂപ ആസ്തിയുള്ള സ്ഥാപനം 500 രൂപയ്ക്ക് ഭാര്യാ സഹോദരന്റെ ട്രസ്റ്റിന് വിൽപ്പന നടത്തിയത് മായിൻ ഹാജിയാണ്. വിഷയം കോടതിയിലുമെത്തി. ബോർഡിന്റെ 25 കോടി രൂപ, കൂടുതൽ പലിശ ലഭിക്കുമെന്ന് പറഞ്ഞ്  ഓഹരി വിപണിയിൽ നിക്ഷേപിച്ചതും ഇതേ മായിൻ ഹാജി തന്നെയാണ്. അതും കോടതിയിലുള്ള വിഷയമാണ്. ഇതാണോ അദ്ദേഹത്തിന്റെ പ്രവൃത്തിപരിചയമെന്ന് ഐ.എൻ.എല്ലിലെ എൻ.കെ. അബ്ദുൽ അസീസ് ചോദിക്കുന്നു. ഇത്തരം ഒരാളെ വീണ്ടും വഖഫ് ബോർഡ് ചെയർമാൻ ആക്കിയാൽ എന്താകും ഭാവിയിൽ ബോർഡിന്റെ അവസ്ഥയെന്ന് അദ്ദേഹം ചോദിക്കുന്നു.  

സർക്കാറിന്റെ യൂടേൺ

വഖഫ് ബോർഡിൽ ധാരാളം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള തങ്ങളെ അവഗണിച്ചതിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു കാന്തപുരം സുന്നീ വിഭാഗത്തിന്റെ 'കേരള മുസ്ലിം ജമാഅത്ത്'. ഓരോ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ മാർച്ച് നടത്താനായിരുന്നു ഇവരുടെ ആഹ്വാനം. ഇതിന് പിറകിലുള്ള അപകടം തിരിച്ചറിഞ്ഞ് സർക്കാർ കാന്തപുരവുമായി അനുനയത്തിന് തയ്യാറാവുകയായിരുന്നു. മുസ്ലിംലീഗിനും മറ്റ് വഴികളുണ്ടായിരുന്നില്ല. ഇ.കെ വിഭാഗം സമസ്തയുമായി കോൺഗ്രസ്സ് ബന്ധപ്പെട്ടിരുന്നത് മുസ്ലിംലീഗ് വഴിയായിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടി ആയിരുന്നു ഇവർക്കിടയിലെ പാലം. അതുകൊണ്ട് കോൺഗ്രസ്സിന് കാര്യമായ ഗുണമില്ലെന്ന് വിലയിരുത്തിയ വി.ഡി സതീശൻ, നേരിട്ട് ഇ.കെ സമസ്ത പ്രസിഡണ്ട് ജിഫ്രി തങ്ങളുമായി സമ്പർക്കം പുലർത്തി. അതോടൊപ്പം കാന്തപുരമായിട്ടും വി.ഡി സതീശൻ ഒരു പാലമിട്ടു. ഇതിന്റെയെല്ലാം ഗുണഫലമായിട്ടാണ് മുമ്പൊരിക്കലും ഇല്ലാത്ത വിധം തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ചിലയിടത്തെല്ലാം എ.പി വിഭാഗം സുന്നികൾ യു.ഡി.എഫിനെ സഹായിച്ചതും. അതോടൊപ്പം മുസ്ലിംലീഗും, കാന്തപുരവും സൗഹൃദത്തിലായതോടെ വഖഫ് ബോർഡിൽ അവർക്ക് ഇടം കിട്ടുമെന്ന് അവരും, കോൺഗ്രസ്സും കണക്ക് കൂട്ടിയിരുന്നു. ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം നിലവിൽ എ.പി വിഭാഗത്തിന് ഉള്ളത് കൊണ്ട്, മദ്രസ്സാ ക്ഷേമനിധി ബോർഡ് കൂടി അവർക്ക് കൊടുത്താൽ കാന്തപുരം വിഭാഗം ഒതുങ്ങുമെന്നാണ് മുസ്ലിംലീഗ് കണക്ക് കൂട്ടിയിരുന്നത്. അത് കൊണ്ടാണ് വഖഫ് ബോർഡ് പുനഃസംഘടനാ വിഷയം അവരെ അറിയിക്കാതെ നടത്തിയതും.

വഖഫ് ബോർഡിലെ പ്രാതിനിധ്യം, കാന്തപുരം വിഭാഗത്തെ സംബന്ധിച്ചിടത്തോളം ഭരണകൂടത്തിന്റെ ഔദാര്യമല്ല. അത് തീർത്തും അവരുടെ അവകാശം തന്നെയാണ്. സിറാജ് പത്രത്തിലെ മുഖപ്രസംഗവും, കാന്തപുരം വിഭാഗത്തിലെ യുവ സംഘടനാ നേതാക്കളുടെ പ്രസ്താവനകളും എല്ലാം കൂടെ ഒത്തുവന്നതോടെ മുസ്ലിംലീഗുമായി കാന്തപുരത്തിന് നിലവിലുണ്ടായിരുന്ന അടുപ്പത്തിൽ വിള്ളലുണ്ടാക്കുമെന്ന് മുസ്ലിംലീഗും, അതോടൊപ്പം മുഖ്യമന്ത്രി വി.ഡി സതീശനും തിരിച്ചറിഞ്ഞു. കാന്തപുരം എതിരാകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് വി.ഡി സതീശൻ, കുഞ്ഞാലിക്കുട്ടിയോട് ആവശ്യപ്പെട്ടു. മുസ്ലിം സംഘടനകളുമായി ഊഷ്മളബന്ധം പുലർത്തുന്ന പൊന്നാനി എം.എൽ.എ കെ.പി നൗഷാദലിയെ ഇറക്കി കാന്തപുരവുമായി ചർച്ചകൾ നടത്തി ഏതാണ്ട് അദ്ദേഹത്തിന്റെ രോഷം ശാന്തമാക്കി. തുടർന്നാണ് വഖഫ് മന്ത്രി എൻ. ഷംസുദ്ദീൻ കോഴിക്കോട് മർക്കസ്സിലെത്തി കാന്തപുരം അബൂബക്കർ മുസ്ല്യാരുമായി നേരിൽ ചർച്ച നടത്തി കാര്യങ്ങൾക്ക് താത്ക്കാലിക ശമനമുണ്ടാക്കിയത്. ബോർഡ് പുനഃസംഘടനയിൽ ആരേയും ബോധപൂർവ്വം മാറ്റി നിർത്തിയിട്ടില്ലെന്നും, ബോർഡിന്റെ പുതിയ ഘടനയിൽ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ആളുകളെ ഉൾപ്പെടുത്തേണ്ടി വന്നതിനാലാണ് ചിലർക്ക് അവസരം ലഭിക്കാതെ പോയതെന്നുമാണ് മന്ത്രി കുറ്റസമ്മതം നടത്തിയത്.  മന്ത്രി മുന്നോട്ട് വെച്ച സമവായ പ്രകാരം പുനഃസംഘടിക്കപ്പെട്ട ബോർഡിൽ അംഗമായ ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമ പ്രതിനിധി തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി തൽസ്ഥാനം രാജിവെച്ച്, പകരം കാന്തപുരത്തിന്റെ പ്രതിനിധിയെ ബോർഡിൽ അംഗമാക്കാൻ ധാരണയായത്. ഇത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഉടൻ പുറത്തിറക്കും. ഇതോടെ കാന്തപുരം വിഭാഗം നടത്താൻ തീരുമാനിച്ചിരുന്ന കളക്‌ട്രേറ്റ് മാർച്ച് താത്ക്കാലികമായി മാറ്റിവെച്ചിരിക്കുകയാണ്.

ഇപ്പോഴത്തെ സമവായത്തിലും വൈരുദ്ധ്യമുള്ളതായി പറയപ്പെടുന്നുണ്ട്. സുന്നികളുടെ പ്രാതിനിധ്യം പരിഹരിക്കുന്നതിനായി, പകരം പുറത്തിറക്കുന്നത് മറ്റൊരു സുന്നിയായ തൊടിയൂർ മൗലവിയേയാണ്. ഇതാണ് വൈരുദ്ധ്യം.  പത്ത് ശതമാനം പോലും വഖഫ് വസ്തുക്കൾ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുമില്ല. കാന്തപുരത്തിന് വേണ്ടി ബോർഡ് ചെയർമാൻ സ്ഥാനം ഒഴിയാൻ താൻ തയ്യാറാണെന്നും, അദ്ദേഹത്തെ നേരിൽ കണ്ട് സംസാരിക്കുമെന്നും ബോർഡ് നിയുക്ത ചെയർമാൻ എം.സി മായിൻഹാജി പ്രഖ്യാപിച്ചിരുന്നു. അതേസമയം പുറത്ത് വരുന്ന വാർത്തകൾ രാഷ്ട്രീയ തന്ത്രമായിട്ടാണ് കാന്തപുരം സുന്നികളിലെ യുവജന വിഭാഗം  കാണുന്നത്. പ്രക്ഷോഭത്തിന് ഒരുങ്ങിയ പ്രവർത്തകരെ നിഷ്‌ക്രിയരാക്കാനുള്ള ശ്രമങ്ങളാണിതെന്ന് അവർ വിലയിരുത്തുന്നു. പ്രക്ഷോഭ പരിപാടികൾ  നടത്തുമെന്ന് തന്നെയാണ് അവർ പറയുന്നതും. നേതൃത്വത്തെ വിമർശിച്ച കാരണത്താൽ,  ഇ.കെ വിഭാഗം സമസ്തയുടെ കൂടിയാലോചനാ സമിതിയിൽ നിന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കപ്പെട്ട മുസ്തഫൽ ഫൈസിയെ ബോർഡിൽ ഉൾപ്പെടുത്തിയതിനെതിരെ ഇ.കെ വിഭാഗം സുന്നികളിലും കടുത്ത അതൃപ്തി പുകയുകയാണ്. മുൻ ബോർഡിൽ അംഗമായിരുന്ന ലീഗ് വിരുദ്ധനും, സമസ്ത അംഗവുമായിരുന്ന മുക്കം ഉമർ ഫൈസിയെ ഒഴിവാക്കാനും, ലീഗ് അനുകൂലിയായ മുസ്തഫൽ ഫൈസിയെ നിയമിച്ചതിന് പിന്നിലും മുസ്ലിംലീഗ് താത്പ്പര്യം മാത്രമാണ്. അത് വിജയിച്ചുവെങ്കിലും, കാന്തപുരത്തിന്റെ കാര്യത്തിൽ ലീഗിന് പാളി. അതുകൊണ്ടാണ് സർക്കാറിന് മലക്കം മറിയേണ്ടി വന്നതും. വഖഫ് ബോർഡിനെ രാഷ്ട്രീയ-വ്യക്തി താത്പ്പര്യങ്ങളുടെ മേച്ചിൽപുറമാക്കുന്നത് വഖഫ് നിയമങ്ങളുടെ അന്തഃസത്തയ്ക്ക് വിരുദ്ധമാണെന്ന പൊതുവിമർശനവും ഉയർന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img