
ദോഹ: 2025 നവംബർ മാസത്തിൽ ഖത്തറിൽ നടന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ മൊത്തം മൂല്യം 2.261 ബില്യൺ റിയാൽ ആയി എത്തിയതായി നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.നീതിന്യായ മന്ത്രാലയം പുറത്തിറക്കിയ റിയൽ എസ്റ്റേറ്റ് ബുള്ളറ്റിൻ പ്രകാരം, നവംബറിൽ 530 റിയൽ എസ്റ്റേറ്റ് ഇടപാടുകൾ രജിസ്റ്റർ ചെയ്തു. വിൽപ്പന ചെയ്ത സ്വത്തുക്കളുടെ എണ്ണത്തിൽ 7 ശതമാനം വർധനയും, ഇടപാട് മൂല്യ സൂചികയിലും അതേ തോതിലുള്ള വർധനയും രേഖപ്പെടുത്തി. വ്യാപാര വിസ്തീർണ്ണ സൂചിക 4 ശതമാനം ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു.മുനിസിപ്പാലിറ്റികളിൽ അൽ റയ്യാൻ, ദോഹ, അൽ വക്ര എന്നിവയാണ് ഇടപാടുകളുടെ സാമ്പത്തിക മൂല്യത്തിൽ മുന്നിലെത്തിയത്. അൽ റയ്യാനിൽ 798.7 മില്യൺ റിയാലിന്റെയും, ദോഹയിൽ 689.6 മില്യൺ റിയാലിന്റെയും, അൽ വക്രയിൽ 342.8 മില്യൺ റിയാലിന്റെയും ഇടപാടുകളാണ് നടന്നത്. ഇതിന് പിന്നാലെ അൽ ദയാൻ, ഉം സലാൽ, അൽ ഖോർ–അൽ തഖീറ, അൽ ഷമാൽ, അൽ ഷഹാനിയ എന്നീ മുനിസിപ്പാലിറ്റികളാണ്.
വ്യാപാര വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ അൽ റയ്യാൻ (39%), ദോഹ (19%), അൽ വക്ര (15%) എന്നീ മേഖലകളാണ് ഏറ്റവും സജീവമായത്. ഇടപാടുകളുടെ എണ്ണത്തിലും അൽ റയ്യാൻ (27%) മുൻപന്തിയിലായിരുന്നു; ദോഹ (24%), അൽ വക്ര (16%) എന്നിവയാണ് തുടർന്നത്.ചതുരശ്ര അടി വിലയിൽ ദോഹയിൽ QR 535 മുതൽ 832 വരെ, അൽ റയ്യാനിൽ QR 319–450, അൽ വക്രയിൽ QR 276–405 എന്നിങ്ങനെയാണ് നിരക്കുകൾ രേഖപ്പെടുത്തിയത്. നവംബറിൽ ഏറ്റവും ഉയർന്ന മൂല്യമുള്ള പത്ത് ഇടപാടുകളിൽ ആറു എണ്ണം അൽ റയ്യാനിലും, മൂന്നു ദോഹയിലും, ഒന്ന് അൽ വക്രയിലുമാണ് നടന്നത്.അതേസമയം, നവംബർ മാസത്തിൽ 115 മോർട്ട്ഗേജ് ഇടപാടുകൾ പൂർത്തിയാക്കിയതായും, ഇതിന്റെ മൊത്തം മൂല്യം 3.76 ബില്യൺ റിയാൽ ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മോർട്ട്ഗേജ് മൂല്യത്തിൽ ദോഹമുനിസിപ്പാലിറ്റിയാണ് ഒന്നാമത്.റിയൽ എസ്റ്റേറ്റ് മേഖലയിലെ ഈ വളർച്ച, പുതിയ നിയമങ്ങളും നിക്ഷേപ സൗഹൃദ ചട്ടങ്ങളും പ്രാബല്യത്തിൽ വന്നതിന്റെ ഫലമായി ഖത്തറിന്റെ സാമ്പത്തിക അടിത്തറ കൂടുതൽ ശക്തമാകുന്നുവെന്നതിന്റെ സൂചനയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു











