04:04am 29 October 2026
NEWS
പക്ഷാഘാതം- വസ്തുതകളും അതിജീവനവും.
28/10/2026  02:46 PM IST
Health Desk
പക്ഷാഘാതം- വസ്തുതകളും അതിജീവനവും

 

കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കിടയില്‍ പക്ഷാഘാതം വരാനുള്ള സാധ്യത ഇന്ത്യയില്‍ 100 ശതമാനം കൂടിയിട്ടുണ്ട് എന്നാണ് ഇന്ത്യന്‍ സ്‌ട്രോക്ക് അസോസിയേഷന്റെ സമീപപഠനങ്ങളില്‍ വ്യക്തമാകുന്നത്. ഓരോ വര്‍ഷവും 1.8 ദശലക്ഷം പേര്‍ക്ക് സ്‌ട്രോക്ക് ഉണ്ടാകുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. മനുഷ്യരുടെ മരണകാരണങ്ങളില്‍ മൂന്നാം സ്ഥാനം പക്ഷാഘാതം അഥവാ സ്‌ട്രോക്കിനുമാണ്. സ്‌ട്രോക്ക് അതിജീവിക്കുന്നവരില്‍ അത് ഉണ്ടാക്കുന്ന ശാരീരികവും മാനസികവും സാമ്പത്തികവുമായ വിഷമതകള്‍ വളരെ വലുതാണ്. ഒരു ജീവിതശൈലി രോഗമായ സ്‌ട്രോക്ക് പ്രതിരോധ സാധ്യമായ ഒരു അവസ്ഥയാണ്.

ത്രോംബോളിസിസ് എന്ന നൂതന ചികിത്സാരീതി സ്‌ട്രോക്ക് ചികിത്സയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നതും,  ത്രോംബോളിസിസ് എല്ലായിടത്തും ചെയ്യുന്നില്ല എന്നതും ഈ ചികിത്സാരീതിയുടെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്കിടയില്‍ എത്തുന്നതില്‍ വിഘാതമാകുന്നു.

സ്‌ട്രോക്ക് എന്താണെന്നും, അത് എങ്ങനെ തിരിച്ചറിയാം, എന്തൊക്കെ ചികിത്സകള്‍ ലഭ്യമാണ്, എങ്ങനെ വരാതെ നോക്കാം എന്നതിനെപറ്റി പൊതുജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനായാണ് എല്ലാവര്‍ഷവും ഒക്ടോബര്‍ 29 ലോക പക്ഷാഘാത ദിനമായി ആചരിക്കുന്നത്.

എന്താണ് സ്‌ട്രോക്ക്?

തലച്ചോറിലേക്ക് പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്‌ട്രോക്ക് എന്ന് പറയുന്നത്. സാധാരണയായി 55 വയസ്സ് കഴിഞ്ഞവരിലാണ് ഈ അവസ്ഥ കൂടുതലായും കാണുന്നത്. സ്‌ട്രോക്ക് പൊതുവെ രണ്ടുതരത്തില്‍ കാണുന്നു.

1. ഇസ്‌കീമിക് (ischemic) സ്‌ട്രോക്ക് അഥവാ രക്തധമനികളില്‍ രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്‌ട്രോക്ക്. സ്‌ട്രോക്കുകളില്‍ ഏറിയ പങ്കും (75%) ഇഷ്‌ക്കിമിക് സ്‌ട്രോക്ക് ആണ്.

2. ഹെമറേജിക് (haemorrhagic) സ്‌ട്രോക്ക് അഥവാ രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളില്‍ നിറയുകയും തകരാറുണ്ടാക്കുകയും ചെയ്യുന്ന സ്‌ട്രോക്ക്. ഇസ്‌കീമിക് സ്‌ട്രോക്കിനെക്കാള്‍ മാരകമാണ് ഹെമറേജിക് സ്‌ട്രോക്ക്.

സ്‌ട്രോക്ക് വരാനുള്ള സാദ്ധ്യതകള്‍

സ്‌ട്രോക്ക് ഒരു ജീവിതശൈലി രോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിതമദ്യപാനം, അമിതരക്തസമ്മര്‍ദ്ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് എന്നിവ സ്‌ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്. ഹാര്‍ട്ട് അറ്റാക്ക് വന്നവരില്‍, ഹൃദയവാല്‍വ് സംബന്ധമായ തകരാറുകള്‍ ഉള്ളവരില്‍, ഹൃദയമിടിപ്പ് ക്രമം അല്ലാത്തവര്‍, ഇവരിലൊക്കെ സ്‌ട്രോക്കിനുള്ള സാധ്യത വളരെ കൂടുതലാണ്. ഈയിടെയായി ചെറുപ്പക്കാരിലും സ്‌ട്രോക്ക് അധികമായി കണ്ടുവരുന്നുണ്ട്.

ഇതിന്റെ ഒരു പ്രധാനകാരണം ജീവിതശൈലിയില്‍ ഉണ്ടായിട്ടുള്ള വ്യതിയാനമാണ്. പുകവലി ആണ് ഇതില്‍ ഏറ്റവും പ്രധാനം. കൂടാതെ അമിതവണ്ണം, രക്തസമ്മര്‍ദ്ദം, മാനസികസമ്മര്‍ദ്ദം എന്നിവയും ചെറുപ്പക്കാരില്‍ സ്‌ട്രോക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളാണ്. ഗര്‍ഭനിരോധന ഗുളികകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകളിലും സ്‌ട്രോക്കിനുള്ള സാധ്യത കൂടുതലാണ്. ഇത് കൂടാതെ കുടുംബപരമായി സ്‌ട്രോക്ക് വരുന്നവരിലും രക്തം കട്ടപിടിക്കുന്നതില്‍ അപാകത ഉണ്ടാകുന്ന രോഗങ്ങള്‍ ഉള്ളവരിലും സ്‌ട്രോക്ക് ചെറുപ്പകാലത്തെ ഉണ്ടാകാം.

സ്‌ട്രോക്ക് എങ്ങനെ തിരിച്ചറിയാം?

ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്ന് ഉണ്ടാകുന്ന ബലക്ഷയം, മുഖം കോടുക, സംസാരിക്കാനും ഗ്രഹിക്കാനുമുള്ള ബുദ്ധിമുട്ട്, മരവിപ്പ്, ശരീരത്തിന്റെ അസന്തുലിതാവസ്ഥ, കാഴ്ച ശക്തി കുറയുക, അവ്യക്തത എന്നിവയിലേതെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍ അതും സ്‌ട്രോക്കിന്റെ ലക്ഷണങ്ങളാണ്.

സ്‌ട്രോക്ക് എങ്ങനെ ചികിത്സിക്കാം?

മേല്‍പറഞ്ഞ സ്‌ട്രോക്കിന്റെ ഏതെങ്കിലും ലക്ഷണങ്ങള്‍  കണ്ടു തുടങ്ങുമ്പോഴേ രോഗി ചികിത്സയ്ക്ക് വിധേയപ്പെടേണ്ടതാണ്. രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്‌ട്രോക്കുകളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി നാലര മണിക്കൂറിനുള്ളില്‍ തന്നെ രക്തം കട്ടപിടിച്ചത് മാറ്റാനുള്ള മരുന്ന് നല്‍കേണ്ടതാണ്. ഇതിനു ത്രോംബോളൈറ്റിക് (thrombolytic) തെറാപ്പി എന്നാണ് പറയുന്നത്.

ഈ ചികിത്സയില്‍ സ്‌ട്രോക്ക് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഗണ്യമായ കുറവുണ്ടാകും. അതിനാല്‍ ഇത്രയും പെട്ടന്ന് രോഗിയെ അടുത്തുള്ള സ്‌ട്രോക്ക് യൂണിറ്റില്‍ എത്തിക്കേണ്ടതാണ്. 24 മണിക്കൂറും ന്യൂറോളജിസ്റ്റ്, ന്യൂറോസര്‍ജന്‍, ന്യൂറോഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റ്, സിടി (CT) / എംആര്‍ഐ (MRI) എടുക്കാനുള്ള സൗകര്യം, ഐസിയു സൗകര്യം എന്നിവയാണ് സ്‌ട്രോക്ക് യൂണിറ്റുകളില്‍ ഉണ്ടായിരിക്കേണ്ടത്.

ത്രോംബോളിസിസ് കൊണ്ട് മാറ്റാന്‍ പറ്റാത്ത വലിപ്പമുള്ള രക്തക്കട്ടകള്‍ മാറ്റുന്നതിന് രക്തധമനി വഴി ഒരു കത്തീറ്റര്‍ കടത്തി രക്തക്കട്ട നീക്കം ചെയ്യാനുള്ള എന്‍ന്റോവാസ്‌ക്കുലര്‍ റീവാസ്‌ക്കുലറൈസേഷന്‍ (endovascular revascularization) തെറാപ്പിയും ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ ഇതു ചില സ്‌ട്രോക്ക് യൂണിറ്റുകളില്‍ മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളു.

സ്ട്രോക്ക് ചികിത്സയില്‍ ഓരോ മിനിറ്റും വിലപ്പെട്ടതാണ്

ഈ വര്‍ഷത്തെ ലോക സ്ട്രോക്ക് ദിനത്തിന്റെ പ്രമേയം 'Every Minute Counts' (ഓരോ മിനിറ്റും നിര്‍ണായകം) എന്നതാണ്. സ്ട്രോക്ക് ചികിത്സയില്‍ സമയത്തിനുള്ള പ്രാധാന്യമാണ് ഈ സന്ദേശം ഓര്‍മിപ്പിക്കുന്നത്. ചികിത്സ വൈകുന്ന ഓരോ മിനിറ്റിലും തലച്ചോറിലെ ദശലക്ഷക്കണക്കിന് കോശങ്ങള്‍ നശിച്ചുപോകാം. രോഗിയെ ആദ്യം അടുത്തുള്ള ക്ലിനിക്കിലെത്തിച്ച ശേഷം സ്‌കാനിങ്ങിനായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടിവരുന്നത് ചികിത്സ വൈകാന്‍ കാരണമാകാം. അതിനാല്‍ സമീപത്തുള്ള സ്ട്രോക്ക് ചികിത്സാ കേന്ദ്രങ്ങളെയും അവയുടെ ഹെല്‍പ്ലൈന്‍ നമ്പറുകളെയും കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിരിക്കുന്നത് വിലപ്പെട്ട സമയം ലാഭിക്കാന്‍ സഹായിക്കും.

ചികിത്സ വൈകുവാനുള്ള മറ്റൊരുകാരണം തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ വളരെ കുറവായിരിക്കും. സിടി സ്‌കാനില്‍ സ്ട്രോക്കിന്റെ വ്യതിയാനങ്ങള്‍ വരാന്‍ ചിലപ്പോള്‍ ആറ് തൊട്ട് ഇരുപതിനാല് മണിക്കൂര്‍ വരെ എടുക്കാം. സിടി സ്‌കാന്‍ വിശദമായി പരിശോധിക്കുകയോ ഇല്ലെങ്കില്‍ എംആര്‍ഐ സ്‌കാനില്‍ മാത്രമേ ആദ്യ മണിക്കൂറുകളില്‍ സ്ട്രോക്കിന്റെ വ്യത്യാനങ്ങളും മനസിലാക്കുവാന്‍ സാധിക്കുകയുള്ളു. കാര്യമായ രോഗലക്ഷങ്ങള്‍ ഇല്ലത്തതിനാലും സിടി സ്‌കാന്‍ നോര്‍മല്‍ ആയതിനാലും ചിലപ്പോള്‍ ചികിത്സ വൈകാറുണ്ട്. ഇത്തരക്കാരില്‍ ചിലപ്പോള്‍ 2-3 മണിക്കൂര്‍ കഴിയുമ്പോള്‍ പൂര്‍ണമായി സ്ട്രോക്ക് വരുകയും ത്രോംബോളിസിസ് ചികിത്സായ്ക്കുള്ള സമയപരിധി കഴിഞ്ഞു പോകുകയും ചെയ്യാറുണ്ട്.

ചിലരോഗികളില്‍ സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ വന്നു ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടിഐഎ(TIA) അഥവാ ട്രാന്‍സിയന്റ്  ഇസ്‌കീമിക് അറ്റാക്ക് (Transient ischemic Attack) എന്ന് പറയുന്നു. പൂര്‍ണമായി ഭേദമായതിനാല്‍ രോഗി ചികിത്സ ചിലപ്പോള്‍ തേടാറില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടിഐഎ ഭാവിയില്‍ സ്‌ട്രോക്ക് വരുന്നതിനുള്ള ഒരു അപായസൂചന ആണ്. അതിനാല്‍ ലക്ഷണങ്ങള്‍ ഭേദമായാലും ഉടനെ തന്നെ ഒരു ന്യൂറോളജിസ്റ്റിനെ കണ്ട് കൃത്യമായ ചികിത്സ തേടേണ്ടതാണ്.

സ്‌ട്രോക്കിനു ശേഷമുള്ള ജീവിതം

ശാരീരിക വിഷമതകള്‍ക്കു പുറമെ സ്‌ട്രോക്ക് രോഗിയുടെ മാത്രമല്ല കുടുംബത്തിലും ഉണ്ടാക്കുന്ന മാനസികവും സാമ്പത്തികവുമായ ആഘാതം വളരെ വലുതാണ്. അതിനാല്‍ സ്‌ട്രോക്ക് ചികിത്സയില്‍ ഏറ്റവും പ്രധാനമാണ് അവരുടെ പുനരധിവാസം (rehabilitation). ചലനശേഷി വീണ്ടെടുക്കാനായി മുടങ്ങാതെ ഫിസിയോതെറാപ്പി ചെയ്യണം. ഫിസിയോതെറാപ്പിയുടെ ആദ്യ ലക്ഷ്യം ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ രോഗിയെ പ്രാപ്തമാക്കുക എന്നതാണ്. അത് നേടിയാല്‍ അടുത്ത ലക്ഷ്യം ജോലി ചെയ്യാന്‍ പ്രാപ്തമാക്കാനുള്ള occupational ഫിസിയോതെറാപ്പി ആണ്. കിടപ്പിലായ രോഗികളില്‍ ബെഡ്‌സോര്‍ വരാതെ നോക്കാനായി ഓരോ രണ്ടുമണിക്കൂറിലും രോഗിയെ തിരിച്ചുകിടത്തേണ്ടതാണ്.

സ്‌ട്രോക്ക് രോഗികളില്‍ വീഴ്ചകള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. രോഗികള്‍ കിടക്കുന്ന മുറിയും അവരുപയോഗിക്കുന്ന ബാത്‌റൂമും ഒരേനിരപ്പില്‍ അയിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ രാത്രി ആവശ്യമായ പ്രകാശവും ബാത്‌റൂമില്‍ വേണം. തട്ടിവീഴാന്‍ കാരണമാകാവുന്ന സാധനങ്ങള്‍ തറയില്‍ നിന്ന് മാറ്റേണ്ടതാണ്. തിരിയുമ്പോഴും കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോഴും ഒക്കെ ചലനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രികരിക്കുക. ശരിക്കും പാകമുള്ളതും കനംകുറഞ്ഞ സോളോടു കൂടിയതും ഗ്രിപ്പുള്ളതുമായ പാദരക്ഷകള്‍ വേണം ഉപയോഗിക്കുവാന്‍.

സ്‌ട്രോക്ക് കാരണം ആശയവിനിമയത്തില്‍ പ്രശ്ങ്ങള്‍ ഉണ്ടായേക്കാം. ഇതിനു നല്ലരീതിയിലുള്ള സ്പീച് തെറാപ്പി ആവശ്യമാണ്. ആശയവിനിമയം നടത്താന്‍ നിരന്തരമായി അഭ്യസിക്കുക, ഉച്ചത്തില്‍ വായിക്കുക, പേരുകള്‍, ഗാനങ്ങള്‍ തുടങ്ങിയവ പലതവണ ആവര്‍ത്തിക്കുക, കാര്‍ഡുകള്‍ അല്ലെങ്കില്‍ ആധുനിക സാങ്കേതികവിദ്യകള്‍ ആശയവിനിമയത്തിന് ഉപയോഗിക്കുക തുടങ്ങിയവ ചെയ്യാവുന്നതാണ്. മ്യൂസിക് തെറാപ്പിയും ഇത്തരം രോഗികളില്‍ സഹായകരമാണ്.

സ്‌ട്രോക്ക് രോഗികളില്‍ ഭക്ഷണം വിഴുങ്ങന്നതിനുള്ള പ്രയാസം കാണാറുണ്ട്. ഇത് ആഹാരം ശ്വാസനാളത്തിലേക്കു പോകുവാനും തന്മൂലം ആസ്പിരേഷന്‍ ന്യുമോണിയ വരുന്നതിനും സാധ്യതയുണ്ട്. ഇത് തടയുന്നതിനായി ഭക്ഷണം ചെറിയകഷണങ്ങളായി മുറിച്ചു കഴിക്കേണ്ടതും പാനീയങ്ങള്‍ കുറേശെ കുറേശെ മൊത്തികുടിക്കേണ്ടതും ആകുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ സംസാരം ഒഴിവാക്കുകയും മറ്റുകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്. കിടന്നുകൊണ്ട് ഭക്ഷണം കഴിക്കാന്‍ പാടില്ല.

സ്‌ട്രോക്ക് മൂലം ശ്രദ്ധ കേന്ദ്രികാനുള്ള കുറവ്, ഓര്‍മ്മക്കുറവ് എന്നിവ വരാനും സാധ്യതയുണ്ട്. കാര്യങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ സമയം എടുക്കുക, ഒരുസമയം ഒരുകാര്യം മാത്രം ചെയ്യുക, ചെയ്യേണ്ട കാര്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക, ആവശ്യമെങ്കില്‍ മറ്റുള്ളവരുടെ സഹായം തേടുക എന്നിവ ഒക്കെ ചെയ്യണ്ടതാണ്. ശാന്തമായി വിശ്രമിക്കുക, ചെറിയ നടത്തത്തിനു പോകുക, സംഗീതം ആസ്വദിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങള്‍ ഏകാഗ്രത വീണ്ടെടുക്കാന്‍ സഹായിക്കും. സ്‌ട്രോക്ക് വരുമ്പോള്‍ പലര്‍ക്കും പണ്ടുണ്ടായിരുന്ന ജീവിതം നഷ്ടമായി എന്നാണ് തോന്നാറ്. നിരാകരണം, ക്ഷോഭം, സങ്കടം, കുറ്റബോധം, വിഷാദരോഗം തുടങ്ങിയവ വരിക സാധാരണമാണ്. ഇത് ഒഴിവാക്കുന്നതിന് കുടുംബങ്ങള്‍ക്ക് കാര്യമായ പങ്കുണ്ട്. സ്വയം സമാധാനപ്പെടുക, എപ്പോഴും മുന്നോട്ടു പോകുകയും, മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലിരിക്കുകയും ചെയ്യുക. മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള വഴികള്‍ തേടുക, കഴിയുന്നത്ര  ഉത്സാഹത്തോടെ ഇരിക്കുക, വിഷാദരോഗം മാറ്റുനതിനു വൈദ്യസഹായം തേടാന്‍ മടികാണിക്കാതിരിക്കുക, മനസ്സിലാക്കുന്നവരോട് അനുഭവങ്ങള്‍ പങ്കുവയ്ക്കുക എന്നിവയൊക്കെ ഈ വിഷാദം മാറ്റാന്‍ സഹായിക്കും.

സ്‌ട്രോക്ക് വരാതെ നോക്കുക

എപ്പോഴും രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് അത് വരാതെനോക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും, പ്രമേഹവും, ഉയര്‍ന്ന കൊളസ്‌ട്രോളും കൃത്യമായി മരുന്ന് കഴിച്ച് നിയന്ത്രിക്കേണ്ടതാണ്. കൂടാതെ രക്തം കട്ടപിടിക്കാതിരിക്കുവാനുള്ള മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദ്ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്‌ട്രോക്കിനെ അതിജീവിക്കാനാവും.

ശരീരഭാരം കൂടാതെ നോക്കുകയും, കൃത്യസമയത്തു തന്നെ സമീകൃതമായ ആഹാരം കഴിക്കുകയും അതില്‍ കൂടുതല്‍ പഴങ്ങളും, പച്ചക്കറികളും ഉള്‍പെടുത്താന്‍ ശ്രമിക്കേണ്ടതുമാണ്. പുകവലി പൂര്‍ണമായി ഒഴിവാക്കുകയും, മദ്യപാനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഒരിക്കല്‍ ടിഐഎ വന്ന രോഗികള്‍ ന്യൂറോളജിസ്റ്റിനെ കാണുകയും, ഭാവിയില്‍ സ്‌ട്രോക്ക് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണ്. തലച്ചോറിലേക്കുള്ള രക്തധമനികളുടെ ഡോപ്ലര്‍ സ്‌കാന്‍ (Neck vessel Doppler scan) ചെയ്യുന്നതിലൂടെ അതില്‍ അടവുകള്‍ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അപ്രകാരം അടവുകള്‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ (കരോട്ടിഡ് എന്റാര്‍ട്രക്ടമി; Carotid endartrectomy) ചെയ്യേണ്ടതാണ്.

വരും വര്‍ഷങ്ങളില്‍ സ്‌ട്രോക്കിന്റെ ആധിക്യം കുറയ്ക്കുന്നതിനും തന്മൂലം ഉണ്ടാകുന്ന പ്രയാസങ്ങള്‍ കുറയ്ക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങള്‍ക്കുള്ള നന്ദി കുറിക്കലാകട്ടെ ഈ പക്ഷാഘാത ദിനം എന്ന് നമുക്ക് പ്രത്യാശിക്കാം.

Dr. SUSANTH M J MD, DM

Consultant neurologist

Sut hospital pattom

SUT Stroke helpline number 0471-4077888

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.