
തിരുവനന്തപുരം: ജൂലൈ 9-ന് നടക്കുന്ന ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും കർശന മുന്നറിയിപ്പുമായി കേരള സർക്കാർ. പണിമുടക്കിന്റെ ഭാഗമായി ജോലിക്ക് ഹാജരാകാത്തവരുടെ ആഗസ്റ്റ് മാസത്തെ ശമ്പളത്തിൽ നിന്ന് ഈ ദിവസത്തെ ശമ്പളം തടഞ്ഞുവെക്കുമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. കേരള സർവീസ് റൂൾസ് പാർട്ട് ഒന്നിലെ 14A വകുപ്പ് പ്രകാരം ഇത് 'ഡയസ് നോൺ' ആയി കണക്കാക്കും.
വ്യക്തിപരമായോ അടുത്ത ബന്ധുവിന്റെ അസുഖത്തിനോ പ്രസവത്തിനോ, പരീക്ഷകൾക്കോ സമാനമായ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങൾക്കോ അല്ലാതെ പണിമുടക്ക് ദിവസത്തെ അവധി അനുവദിക്കില്ല.
കൂടാതെ, കർശന അച്ചടക്ക നടപടികളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്:
* അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാത്ത താൽക്കാലിക ജീവനക്കാരെ സർവീസിൽ നിന്ന് നീക്കം ചെയ്യും.
* അക്രമ പ്രവർത്തനങ്ങളിലോ പൊതുമുതൽ നശിപ്പിക്കുന്നതിലോ ഏർപ്പെടുന്ന ജീവനക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കും.
വകുപ്പ് മേധാവികൾക്കും ജില്ലാ കളക്ടർമാർക്കും സർവീസ് പെരുമാറ്റച്ചട്ടങ്ങൾ നടപ്പിലാക്കാനും പൊതു ഓഫീസുകളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) ജീവനക്കാർക്ക് ജോലിക്ക് എത്താൻ മതിയായ യാത്രാസൗകര്യം ഒരുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകാണ്,. ഉത്തരവ് പുറപ്പെടുവിച്ചത്. പണിമുടക്കാത്ത ജീവനക്കാർക്ക് സംരക്ഷണം ഉറപ്പാക്കാനും സർക്കാർ ഓഫീസുകളിലേക്ക് സുഗമമായ പ്രവേശനം ഉറപ്പാക്കാനും എല്ലാ . വകുപ്പുകൾക്കും നിയമ നിർവ്വഹണ അതോറിറ്റികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.











