
ദോഹ:വേനൽക്കാലത്തെ കഠിനമായ ചൂട് കണക്കിലെടുത്ത് തുറസ്സായ സ്ഥലങ്ങളിൽ ഏർപ്പെടുത്തിയ ജോലി വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന ജാഗ്രതയുമായി ഖത്തർ തൊഴിൽ മന്ത്രാലയം. നിയമലംഘനങ്ങളോ തൊഴിൽ സുരക്ഷാ-ആരോഗ്യ മാനദണ്ഡങ്ങളിലെ വീഴ്ചകളോ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക ചാനലുകൾ വഴി ഉടനടി റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.നിങ്ങൾ നൽകുന്ന ഒരു വിവരമായിരിക്കാം ഒരുപക്ഷേ ഒരു മനുഷ്യജീവൻ സംരക്ഷിക്കുന്നത്" എന്ന് മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക 'എക്സ്' (X) അക്കൗണ്ടിലൂടെ ഓർമ്മിപ്പിച്ചു. സുരക്ഷിതമായ ഒരു തൊഴിലന്തരീക്ഷം ഉറപ്പാക്കാൻ ഓരോ റിപ്പോർട്ടും നിർണ്ണായകമാണെന്നും പൊതുജനങ്ങൾ ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ വ്യക്തമാക്കി.തുറസ്സായ സ്ഥലങ്ങളിലെ ജോലി വിലക്ക് ലംഘിക്കുന്നതായി കണ്ടാലോ, സുരക്ഷാ വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടാലോ 40488264 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ
വിവരമറിയിക്കാവുന്നതാണ്.തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി മുൻവർഷങ്ങളിലെന്നപോലെ ഇത്തവണയും
ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ
ദിവസേന രാവിലെ 10:00 മണി മുതൽ ഉച്ചകഴിഞ്ഞ് 3:30 വരെ തുറസ്സായ സ്ഥലങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്ന രീതിയിലുള്ള ജോലികൾ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ ലംഘിച്ച് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന കമ്പനികൾക്കെതിരെ പിഴയും സ്ഥാപനം താൽക്കാലികമായി അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികളും സ്വീകരിക്കുമെന്ന് അധികൃതർ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.










