
നൂറോളം തെരുവ് നായ്ക്കളെ വിഷംകൊടുത്ത് കൊന്ന സംഭവത്തിൽ ഗ്രാമപഞ്ചായത്തിനെതിരെ കേസ്. തെലങ്കാനയിലെ മഞ്ചേരിയൽ ജില്ലയിലെ കിശ്ത്പുർ ഗ്രാമത്തിലാണ് സംഭവം. ഗ്രാമമുഖ്യനും കൂട്ടാളികളും ചേർന്നാണ് നൂറോളം തെരുവ് നായ്ക്കളെ വിഷംകൊടുത്ത് കൊന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇതിനെതിരെ മൃഗസ്നേഹിയായ ഗൗതം എന്നയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഗൗതമിന്റെ പരാതിയിന്മേൽ ഗ്രാമത്തിലെ സർപഞ്ചിനും ഗ്രാമപഞ്ചായത്തിനുമെതിരെ പൊലീസ് കേസെടുത്തു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി തന്നെയാണ് തെരുവുനായ്ക്കളെ കൊല്ലാൻ മുൻകൈ എടുത്തത് എന്നാണ് വിവരം. പുറത്തുനിന്ന് രണ്ടുപേരെ കൊണ്ടുവന്ന് നായ്ക്കളെ വിഷംകൊടുത്ത് കൊന്നുവെന്നും നദിക്കരയിൽ കുഴിച്ചുമൂടിയെന്നുമാണ് കണ്ടെത്തൽ. കഴിഞ്ഞ കുറച്ച് മാസങ്ങളായി തെലങ്കാനയിലെ വിവിധ ഭാഗങ്ങളിലും വ്യാപകമായി തെരുവുനായ്ക്കളെ കൊല്ലുന്നതായി കാണപ്പെടുന്നുണ്ട്. നിരവധി ഗ്രാമപഞ്ചായത്ത് സർപഞ്ചുകൾക്കെതിരെയാണ് കേസ്.











