
കൊൽക്കത്ത: ബംഗാളിലെ നദിയ ജില്ലയിൽ ഉപേക്ഷിക്കപ്പെട്ട പിഞ്ചുകുഞ്ഞിന് രക്ഷകരായത് തെരുവ് നായകൾ. നബദ്വീപ് നഗരത്തിലെ റെയിൽവേ കോളനിക്കു സമീപം, ശുചിമുറിയുടെ പുറത്ത് ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന് തെരുവ് നായകൾ ഒരു രാത്രി മുഴുവൻ കാവിലിരിക്കുകയായിരുന്നു. പ്രദേശവാസികളെത്തി കുഞ്ഞിനെ കാണുംവരെ നായകൾ ഇത്തരത്തിൽ കുഞ്ഞിന് സംരക്ഷണവലയം തീർത്ത് നിലയുറപ്പിച്ചു.
സാധാരണയായി ആളുകൾ കണ്ടാൽ ഓടിപ്പോകുന്ന നായ്ക്കൾ, ഈ കുഞ്ഞിനെ ചുറ്റി ഒരിക്കലും പിരിയാത്ത ഒരു വലയമായി നിന്നുവെന്നാണ് പ്രദേശവാസികളുടെ വിവരണം. കുഞ്ഞിനെ കടിക്കുകയോ കുരയ്ക്കുകയോ ചെയ്യാതെ അവ നിലകൊണ്ടത് അത്ഭുതകരമെന്ന് നാട്ടുകാർ പറയുന്നു.
പുലർച്ചെ കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് സമീപവാസിയായ ശുക്ല മണ്ഡൽ സ്ഥലത്തെത്തിയത്. അപ്പോൾ നായ്ക്കൾ ശാന്തമായി വഴിമാറിയതായും അവർ പറഞ്ഞു. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു, ഇപ്പോൾ ചികിത്സയിലാണ്. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.










