06:02pm 10 November 2026
NEWS
​തെരുവുനായ ശല്യം: ഹൈക്കോടതിക്ക് അതൃപ്തി, തദ്ദേശ സ്ഥാപനങ്ങൾക്ക് രൂക്ഷ വിമർശനം
29/07/2025  08:19 AM IST
സുരേഷ് വണ്ടന്നൂർ
​തെരുവുനായ ശല്യം: ഹൈക്കോടതിക്ക് അതൃപ്തി, തദ്ദേശ സ്ഥാപനങ്ങൾക്ക് രൂക്ഷ വിമർശനം

​ കൊച്ചി: കേരളത്തിലെ തെരുവുനായ ശല്യത്തിൽ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. പ്രഭാതനടത്തത്തിനു പോകുന്നവർക്ക് പോലും നായ്ക്കളുടെ കടിയേൽക്കാതെ തിരിച്ചെത്താൻ കഴിയാത്ത അവസ്ഥയാണെന്നും, ഇത് അതീവ ഗൗരവമുള്ള വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മൃഗങ്ങളുടെ അവകാശത്തേക്കാൾ വലുതാണ് മനുഷ്യരുടെ അവകാശം എന്നും കോടതി വാക്കാൽ പറഞ്ഞു.
​തെരുവുനായ്ക്കളുടെ നിയന്ത്രണത്തിന് തദ്ദേശ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്നും, അവയുടെ കസ്റ്റോഡിയൻമാരായ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കെതിരെ കേസെടുത്താൽ മാത്രമേ ഫലപ്രദമായ നിയന്ത്രണം സാധ്യമാകൂ എന്നും കോടതി നിരീക്ഷിച്ചു. ഇത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

​തെരുവുനായ ശല്യം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ നിയമ വിദ്യാർത്ഥിനി കീർത്തന സരിൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികൾ പരിഗണിക്കവേയാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ പരാമർശങ്ങൾ. പ്രശ്നപരിഹാരത്തിനായി എല്ലാ കക്ഷികളും നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്നും മൃഗങ്ങളുമായുള്ള സഹവർത്തിത്വം ഉറപ്പാക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.
​സർക്കാർ നിർദ്ദേശിച്ച ദയാവധം ഇതിനൊരു പരിഹാരമല്ലെന്നും, മാറാരോഗമോ ഗുരുതര പരിക്കോ ഉള്ള നായ്ക്കളെ മാത്രം ദയാവധം ചെയ്യാൻ അനുവാദമുള്ളൂ എന്നും കോടതി ഓർമ്മിപ്പിച്ചു. എ.ബി.സി (Animal Birth Control) നിയമപ്രകാരമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സുപ്രീംകോടതിയും ഹൈക്കോടതിയും നൽകിയിട്ടുണ്ടെന്നും, അത് ഫലപ്രദമായി നടപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

​വളർത്തുമൃഗങ്ങൾ ഉപദ്രവിച്ചാൽ ഉടമയ്ക്കെതിരെ കേസെടുക്കുന്ന സാഹചര്യത്തിൽ, തെരുവുനായ്ക്കളുടെ കാര്യത്തിലും ഉത്തരവാദിത്തം വേണം. ഈ വർഷം കടിയേറ്റവരുടെ എണ്ണം, മരണസംഖ്യ, തെരുവുനായ്ക്കളുടെ എണ്ണം എന്നിവ സർക്കാർ കോടതിയെ അറിയിക്കണം. പോലീസ് മേധാവിയും കേസുകളുടെ എണ്ണം ഹാജരാക്കണം. ഓഗസ്റ്റ് 4-ന് കേസിൽ തുടർവാദം കേൾക്കും.

​സർക്കാർ കണക്കിൽ സംശയം:
 
​തെരുവുനായ്ക്കളുടെ എണ്ണം മൂന്നു ലക്ഷം വരുമെന്ന സർക്കാർ കണക്ക് വിശ്വസനീയമല്ലെന്ന് കോടതി പറഞ്ഞു. 50 ലക്ഷം നായ്ക്കളുണ്ടെന്നും ആറു മാസത്തിനിടെ ഒരു ലക്ഷം പേർക്ക് കടിയേറ്റെന്നും 16 പേർ മരിച്ചെന്നും റിപ്പോർട്ടുണ്ടല്ലോ എന്ന് കോടതി ചോദിച്ചു. കടിയേറ്റവർക്കും ഉറ്റവരെ നഷ്ടപ്പെട്ടവർക്കുമാണ് ഈ വേദന മനസ്സിലാകുന്നത്. കണ്ണൂരിൽ കുത്തിവയ്പ്പ് എടുത്തിട്ടും ഒരു കുട്ടി മരിച്ച സംഭവം കോടതി ചൂണ്ടിക്കാട്ടി. സർക്കാർ ഈ വിഷയത്തിൽ കൂടുതൽ കാര്യക്ഷമമായി ഇടപെടണമെന്നും ദുരന്ത നിവാരണ നിയമത്തിന്റെ പരിധിയിൽ ഇത് ഉൾപ്പെടുത്താനാകുമോ എന്ന് പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഡൽഹിയിൽ ഒരു കുട്ടിയെ പട്ടികടിച്ചതിന് സുപ്രീംകോടതി സ്വമേധയാ കേസെടുത്തതും സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img