
തെരുവ് നായ ആക്രമണത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. തെരുവുനായ്ക്കളുടെ കടിയേറ്റ് പേവിഷബാധ കേസുകളും മരണങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പരമോന്നത കോടതിയുടെ ഇടപെടൽ. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. പേ വിഷബാധമൂലമുള്ള മരണം അസ്വസ്ഥപ്പെടുത്തുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് ജെ ബി പർദ്ദിവാലാ അധ്യക്ഷനായ ബെഞ്ചാണ് തെരുവ് നായ ആക്രമണവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്. കൊച്ചുകുട്ടികളും പ്രായപൂർത്തിയാകാത്തവരും തെരുവ് നായകളുടെ ഇരകളാകുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലുമായി നൂറുകണക്കിന് തെരുവുനായ ആക്രമണ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇവ പേവിഷബാധയിലേക്ക് നയിക്കുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് കുട്ടികളെയും പ്രായമായവരെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നുവെന്നും ജസ്റ്റിസുമാരായ ജെ. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് കേസെടുക്കവെ പറഞ്ഞു.











