10:55pm 10 November 2026
NEWS
ചെങ്ങന്നൂരിൽ തെരുവ് നായ ആക്രമണം: വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
18/08/2025  07:27 PM IST
nila
ചെങ്ങന്നൂരിൽ തെരുവ് നായ ആക്രമണം: വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

ചെങ്ങന്നൂർ : ചെങ്ങന്നൂർ താലൂക്കിൽ  ചെറിയനാട് പഞ്ചായത്തിൽ തെരുവ് നായയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. നാലാം വാർഡ് മാമ്പ്ര പ്ലാമൂട്ടിൽ കമലമ്മ (75)യ്ക്കാണ് നായയുടെ കടിയേറ്റത്. മുഖത്തും ചുണ്ടിലുമാണ് ഇവർക്ക് ഗുരുതരമായി പരിക്കേറ്റത്.
​കഴിഞ്ഞ ദിവസം രാവിലെ തന്റെ വളർത്തു പൂച്ചയെ ആക്രമിക്കാൻ ശ്രമിച്ച നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കമലമ്മയ്ക്ക് നേരെ ആക്രമണമുണ്ടായത്. നായ ചാടി കമലമ്മയുടെ മുഖത്ത് കടിക്കുകയും ചുണ്ട് കടിച്ചു കീറുകയും ചെയ്തു. ആക്രമണത്തിൽ നിലത്തുവീണതിനെ തുടർന്ന് മറ്റ് പരിക്കുകളും പറ്റി.
​തുടർന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കമലമ്മയെ ആക്രമിച്ച നായ ഇടമുറി പ്രദേശത്ത് മറ്റ് പലരേയും കടിച്ചിട്ടുണ്ട്.
​കഴിഞ്ഞ ആറ് മാസത്തിനിടെ നാലാം വാർഡിൽ മാത്രം സ്കൂൾ വിദ്യാർത്ഥി ഉൾപ്പെടെ നാല് പേർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. തെരുവ് നായ ശല്യം രൂക്ഷമായിട്ടും പഞ്ചായത്തിൽ എബിസി (ആനിമൽ ബർത്ത് കൺട്രോൾ) പദ്ധതി നടപ്പാക്കിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
​തെരുവ് നായ ആക്രമണത്തിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നാലാം വാർഡ് മെംമ്പർ ഒ.ടി. ജയമോഹൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.