
തെഹ്റാൻ: സ്റ്റ്രെയിറ്റ് ഓഫ് ഹോർമുസിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് ഇറാൻ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്കാണ് തടസ്സമില്ലാതെ സഞ്ചരിക്കാൻ ഇളവ് നൽകിയിരിക്കുന്നത്. ഇറാന്റെ സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ഇറാനിയൻ പാർലമെന്റിന്റെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മിറ്റി ഡെപ്യൂട്ടി ചെയർമാൻ അമീർ ഹയാത് മുഖദ്ദം വ്യക്തമാക്കി.
ഇന്ത്യയിൽ നിന്നുള്ള മരുന്നുകളുടെ ഇറക്കുമതി തടസ്സമില്ലാതെ നടപ്പാക്കുന്നതിനാണ് ഇന്ത്യൻ കപ്പലുകൾക്ക് ഇളവ് അനുവദിച്ചതെന്ന് മുഖദ്ദം പറഞ്ഞു. ബെയ്ജിംഗിന്റെ രാഷ്ട്രീയ പിന്തുണ ഉറപ്പാക്കുകയാണ് ചൈനീസ് കപ്പലുകൾക്ക് ഇളവ് നൽകിയതിന് പിന്നിൽ. അതേസമയം, ഇന്ത്യയുടെയും ചൈനയുടെയും കപ്പലുകളിൽ നിന്ന് ട്രാൻസിറ്റ് ഫീസ് ഈടാക്കും. ഖത്തറിൽ നിന്നുള്ള കപ്പലുകൾക്ക് സൗജന്യമായി കടന്നുപോകാം.
ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിൽ നിർണായക പങ്കുവഹിക്കുന്ന സമുദ്രപാതയാണ് സ്റ്റ്രെയിറ്റ് ഓഫ് ഹോർമുസ്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എൽ.പി.ജി.യുടെ 90 ശതമാനവും എൽ.എൻ.ജി., വളം എന്നിവയുടെ വലിയൊരു പങ്കും ഈ വഴിയിലൂടെയാണ് എത്തുനന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളിലും കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിലും ഇതുവരെ 15 ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. നവംബർ രണ്ടിന് ഒമാൻ തീരത്ത് എം.എസ്.വി. അൽ ജൂസുഫിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
ഫെബ്രുവരി 28-ന് നടന്ന യു.എസ്-ഇസ്രായേൽ ആക്രമണങ്ങളെ തുടർന്ന് മാർച്ച് രണ്ടിനാണ് ഇറാൻ സ്റ്റ്രെയിറ്റ് ഓഫ് ഹോർമുസ് അടച്ചത്. ഏപ്രിലിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നുവെങ്കിലും ജൂലൈയോടെ വീണ്ടും സംഘർഷം രൂക്ഷമാകുകയായിരുന്നു. പേർഷ്യൻ ഉൾക്കടലിനെയും ഒമാൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഈ ജലപാത ലോകത്തിലെ പ്രധാന എണ്ണ-വാതക ഗതാഗത മാർഗ്ഗങ്ങളിലൊന്നാണ്.











