
പ്രോട്ടീൻ ഉൾപ്പെടെ നിരവധി പോഷകങ്ങൾ അടങ്ങിയ മുട്ട ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമാണ്. പുഴുങ്ങിയ മുട്ട ദിവസവും കഴിക്കുന്നവരും നിരവധിയാണ്. എന്നാൽ പുഴുങ്ങിയ ശേഷം മുട്ട എങ്ങനെ സൂക്ഷിക്കുന്നു എന്ന കാര്യത്തിൽ അൽപം ശ്രദ്ധക്കുറവുണ്ടായാൽ ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത വർധിക്കാം.
മുട്ട പുഴുങ്ങുന്നതോടെ അതിന്റെ സ്വാഭാവിക സംരക്ഷണ പാളിയായ ക്യൂട്ടിക്കിൾ നഷ്ടപ്പെടും. ഇതോടെ പുറംഭാഗത്തുനിന്നുള്ള ബാക്ടീരിയകൾക്ക് മുട്ടയ്ക്കുള്ളിലേക്ക് കടക്കാനുള്ള സാധ്യത കൂടും. പ്രത്യേകിച്ച് മുട്ട മുറിയിലെ താപനിലയിൽ ഏറെനേരം സൂക്ഷിച്ചാൽ സാൽമൊണല്ല പോലുള്ള ബാക്ടീരിയകൾ പെരുകാൻ സാധ്യതയുണ്ട്.
അതുകൊണ്ട് പുഴുങ്ങിയ മുട്ട പാകം ചെയ്ത ശേഷം മുറിയിലെ താപനിലയിൽ രണ്ട് മണിക്കൂറിൽ കൂടുതൽ വയ്ക്കാതിരിക്കുന്നതാണ് സുരക്ഷിതം. അന്തരീക്ഷ താപനില 32 ഡിഗ്രി സെൽഷ്യസിന് മുകളിലാണെങ്കിൽ ഈ സമയം ഒരു മണിക്കൂറായി ചുരുക്കുന്നതാണ് ഉചിതം.
പിന്നീട് കഴിക്കാനായി മാറ്റിവയ്ക്കുന്ന മുട്ട പുഴുങ്ങിയ ഉടൻ തന്നെ റഫ്രിജറേറ്ററിൽ സൂക്ഷിക്കണം. തോടോടുകൂടി ശരിയായ രീതിയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പുഴുങ്ങിയ മുട്ട ഏഴുദിവസം വരെ ഉപയോഗിക്കാം.
മുട്ട ഫ്രിഡ്ജിന്റെ വാതിലിലെ ഷെൽഫിൽ വയ്ക്കുന്നതിനേക്കാൾ അകത്തെ സ്ഥിരമായ തണുപ്പുള്ള ഭാഗത്ത് സൂക്ഷിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിന്റെ വാതിൽ ഇടയ്ക്കിടെ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതിനാൽ അവിടത്തെ താപനിലയിൽ വ്യത്യാസമുണ്ടാകാം. ഇത് ഭക്ഷണത്തിന്റെ സുരക്ഷയെ ബാധിക്കാനുള്ള സാധ്യതയുണ്ട്.
കഴിക്കുന്നതിന് മുൻപ് മുട്ടയുടെ ഗുണനിലവാരം പരിശോധിക്കാനും മറക്കരുത്. അസാധാരണമായ ദുർഗന്ധം, സൾഫർ പോലുള്ള ശക്തമായ മണം, വഴുവഴുപ്പ്, നിറത്തിലോ ഘടനയിലോ മാറ്റം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ മുട്ട കഴിക്കാതെ കളയുന്നതാണ് സുരക്ഷിതം.
പോഷകസമൃദ്ധമായ ഭക്ഷണമാണെങ്കിലും മുട്ടയുടെ സുരക്ഷ ഉറപ്പാക്കാൻ പുഴുങ്ങിയ ശേഷം ഉടൻ തണുപ്പിക്കുക, ശരിയായി റഫ്രിജറേറ്ററിൽ സൂക്ഷിക്കുക, കഴിക്കുന്നതിന് മുൻപ് പരിശോധിക്കുക എന്നീ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം.











