11:09am 09 November 2026
NEWS
വേനൽച്ചൂടിൽ ഉദരരോഗങ്ങൾ വർധിക്കുന്നു; മുൻകരുതൽ വേണമെന്ന് ആരോഗ്യ വിദഗ്ധർ
23/07/2026  03:19 PM IST
nila
വേനൽച്ചൂടിൽ ഉദരരോഗങ്ങൾ വർധിക്കുന്നു; മുൻകരുതൽ വേണമെന്ന് ആരോഗ്യ വിദഗ്ധർ

 

​ദോഹ: വേനൽക്കാലം കടുക്കുന്നതിനൊപ്പം പ്രവാസി മലയാളികൾ അടക്കമുള്ളവർക്കിടയിൽ വയറിളക്കം, ഭക്ഷ്യവിഷബാധ തുടങ്ങിയ ഉദരരോഗങ്ങൾ (Gastroenteritis) വർധിക്കുന്നതായി ആരോഗ്യ വിദഗ്ധരുടെയും പോഷകാഹാര വിദഗ്ധരുടെയും മുന്നറിയിപ്പ്. മുൻ മാസങ്ങളെ അപേക്ഷിച്ച് എമർജൻസി വിഭാഗങ്ങളിൽ ഉദരരോഗങ്ങളുമായി എത്തുന്നവരുടെ എണ്ണത്തിൽ 40 ശതമാനത്തോളം വർധനവുണ്ടായതായി കിഴക്കൻ മേഖല കേന്ദ്രീകരിച്ച് നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നു. അടിയന്തര വിഭാഗങ്ങളിൽ എത്തുന്ന ആകെ കേസുകളിൽ 55 മുതൽ 60 ശതമാനം വരെയും ഉദരരോഗങ്ങളാണെന്ന് എമർജൻസി ഫിസിഷ്യൻ ഡോ. താരെഖ് ഫൗദ ചൂണ്ടിക്കാട്ടി.
​അന്തരീക്ഷ താപനില ഉയരുന്നതും, ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങളെ കൂടുതലായി ആശ്രയിക്കുന്നതുമാണ് രോഗബാധ ഉയരാൻ പ്രധാന കാരണം. ഭക്ഷണം ശരിയായ താപനിലയിൽ സൂക്ഷിക്കാതിരിക്കുന്നതും, ദീർഘദൂരം സുരക്ഷിതമല്ലാത്ത രീതിയിൽ കൊണ്ടുപോകുന്നതും ഭക്ഷണം വേഗത്തിൽ കേടാകുന്നതിനും ബാക്ടീരിയ വളർച്ചയ്ക്കും ഇടയാക്കുന്നു.മയോണൈസ്, ഗാർലിക് പേസ്റ്റ് (തൂം), ക്രീം സോസുകൾ, പച്ചക്കറി സലാഡുകൾ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, മീൻ-കടൽ വിഭവങ്ങൾ എന്നിവ ചൂടുകാലത്ത് വളരെ പെട്ടെന്ന് കേടാകാൻ സാധ്യതയുള്ളവയാണ്.
പുറത്തുനിന്നുള്ള ഭക്ഷണത്തിന് പകരം ശുചിത്വത്തോടെ തയ്യാറാക്കുന്ന വീട്ടുഭക്ഷണങ്ങളെ കൂടുതലായി ആശ്രയിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും അനുയോജ്യം.
ഓർഡർ ചെയ്യുന്ന ഭക്ഷണം ലഭിച്ചാലുടൻ കഴിക്കുകയോ അല്ലെങ്കിൽ പരമാവധി രണ്ട് മണിക്കൂറിനകം (അന്തരീക്ഷ താപനില വളരെ കൂടുതലാണെങ്കിൽ ഒരു മണിക്കൂറിനകം) റഫ്രിജറേറ്ററിലേക്ക് മാറ്റുകയോ വേണം.ഭക്ഷണത്തിന്റെ മണം, രുചി, നിറം, രൂപം എന്നിവയിൽ വ്യത്യാസം കണ്ടാൽ അത് ഉപയോഗിക്കരുത്.
​വിളർച്ച, നിർജ്ജലീകരണം (Dehydration) എന്നിവയാണ് ഇത്തരം രോഗങ്ങളുടെ പ്രധാന പാർശ്വഫലങ്ങൾ. കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, പ്രമേഹവും അമിത രക്തസമ്മർദ്ദവുമുള്ളവർ എന്നിവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. റെസ്റ്റോറന്റുകൾ, ഡെലിവറി ഏജൻസികൾ, ഉപഭോക്താക്കൾ എന്നിവർ ഒരുപോലെ ജാഗ്രത പുലർത്തിയാൽ മാത്രമേ രോഗവ്യാപനം തടയാൻ സാധിക്കൂ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img