
ന്യൂഡൽഹി: ഇന്ത്യൻ മെഡിക്കൽ ഗ്രാജുവേറ്റുകളോടൊപ്പം വിദേശ മെഡിക്കൽ ഗ്രാജുവേറ്റുകൾക്കും (എഫ്.എം.ജി.) തുല്യമായ സ്റ്റൈപൻഡ് ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. ഇന്റേൺഷിപ്പ് ചെയ്യുന്ന എല്ലാ വിദ്യാർത്ഥികളും തുല്യ വേതനത്തിന് അർഹരാണെന്ന് ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വിദേശത്തുനിന്ന് പഠനം പൂർത്തിയാക്കിയെത്തുന്ന ഡോക്ടർമാർക്ക് സ്റ്റൈപൻഡ് നിഷേധിക്കപ്പെടുന്നുവെന്നാരോപിച്ചുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, കേരളം, ഗുജറാത്ത്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ പരിശോധിക്കാൻ നാഷണൽ മെഡിക്കൽ കമ്മീഷനോട് (എൻ.എം.സി.) ബെഞ്ച് നിർദ്ദേശിച്ചു. കേരളത്തിൽ വിദേശ ഗ്രാജുവേറ്റുകൾക്ക് സ്റ്റൈപൻഡ് ലഭിക്കുന്നില്ലെന്നും, രാജസ്ഥാനിലെ ചുരുക്കം ചില കോളേജുകളിൽ മാത്രമാണ് ഇത് നൽകുന്നതെന്നും ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു.
എല്ലാ വിദ്യാർത്ഥികൾക്കും സ്റ്റൈപൻഡ് നൽകുന്നുണ്ടെന്ന എൻ.എം.സിയുടെ വാദത്തെ കോടതി ശക്തമായി ചോദ്യം ചെയ്തു. സമർപ്പിച്ച കണക്കുകൾ തെറ്റാണെങ്കിൽ എൻ.എം.സി ഡയറക്ടറെ നേരിട്ട് വിളിച്ചുവരുത്തുമെന്ന് ജസ്റ്റിസ് അരവിന്ദ് കുമാർ മുന്നറിയിപ്പ് നൽകി. കൂടാതെ, രാജസ്ഥാനിൽ വിദ്യാർത്ഥികളിൽ നിന്നും സ്റ്റൈപൻഡിനായി സമീപിക്കില്ലെന്ന് കാണിച്ച് നിർബന്ധിച്ച് സത്യവാങ്മൂലം ഒപ്പിടുവിച്ചെന്ന ആരോപണത്തിലും കോടതി ആശങ്ക പ്രകടിപ്പിച്ചു. ബജറ്റ് പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി വേതനം തടഞ്ഞുവെക്കാനുള്ള നീക്കങ്ങളെ കോടതി തള്ളിക്കളഞ്ഞു.
"ഡോക്ടർമാരുടെ സേവനം മുഴുവൻ ഉപയോഗപ്പെടുത്തുകയും എന്നാൽ അവർക്ക് അർഹമായ പ്രതിഫലം നൽകാതിരിക്കുകയും ചെയ്യുന്നു," എന്ന് നിരീക്ഷിച്ച കോടതി, ദിവസേന 15 മുതൽ 16 മണിക്കൂർ വരെ ജോലി ചെയ്യുന്ന ഇന്റേണുകൾ ഭാവി ഭയന്നാണ് പലപ്പോഴും പരാതിപ്പെടാത്തതെന്നും കൂട്ടിച്ചേർത്തു. സ്റ്റൈപൻഡ് കുടിശ്ശിക ഒരു ആഴ്ചയ്ക്കകം നൽകിയില്ലെങ്കിൽ രാജസ്ഥാൻ ആരോഗ്യ സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും കോടതി കർശന നിർദ്ദേശം നൽകി.
തുടർന്ന്, അർഹരായ എല്ലാ ഇന്റേണുകൾക്കും ഫണ്ട് അനുവദിക്കുമെന്ന് രാജസ്ഥാൻ, ഗുജറാത്ത് സർക്കാറുകളുടെ അഭിഭാഷകർ കോടതിക്ക് ഉറപ്പുനൽകി. സ്റ്റൈപൻഡ് സംബന്ധമായ പരാതികൾ പരിഹരിക്കാൻ സംസ്ഥാന സർക്കാറുകൾ വിരമിച്ച ജഡ്ജിമാരെ നിയമിക്കുന്നത് പരിഗണിക്കുമെന്നും ബെഞ്ച് അറിയിച്ചു.











