09:59pm 28 October 2026
NEWS
ഫ്രാൻസിസ് മാർപാപ്പയെ പുറത്താക്കാൻ വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ഗൂഢാലോചന നടത്തിയെന്ന് വെളിപ്പെടുത്തൽ
16/02/2026  06:18 AM IST
nila
ഫ്രാൻസിസ് മാർപാപ്പയെ പുറത്താക്കാൻ വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ഗൂഢാലോചന നടത്തിയെന്ന് വെളിപ്പെടുത്തൽ

 ഫ്രാൻസിസ് മാർപാപ്പയെ അധികാരത്തിൽ നിന്ന് നീക്കാൻ മുൻ വൈറ്റ് ഹൗസ് ഉപദേഷ്ടാവ് സ്റ്റീവ് ബാനൻ ഗൂഢാലോചന നടത്തിയെന്ന് വെളിപ്പെടുത്തൽ. അമേരിക്കൻ നിയമവകുപ്പ് പുറത്തുവിട്ട ‘എപ്സ്റ്റീൻ ഫയലുകൾ’ എന്നറിയപ്പെടുന്ന രേഖകളിലാണ് വിവാദ വെളിപ്പെടുത്തലുകളുള്ളത്. 

തീവ്ര വലതുപക്ഷ രാഷ്ട്രീയ ചിന്താഗതിക്കാരനായ ബാനൻ, അഭയാർഥി പ്രശ്നവും കാലാവസ്ഥാ വ്യതിയാനവും ഉൾപ്പെടെ വിവിധ ആഗോള വിഷയങ്ങളിൽ മാർപാപ്പ സ്വീകരിച്ച ഉദാര നിലപാടുകളോട് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഈ നിലപാടുകൾ തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് തടസ്സമാണെന്ന വിലയിരുത്തലിലാണ് മാർപാപ്പയെ അധികാരത്തിൽ നിന്നും മാറ്റാനുള്ള നീക്കം നടത്തിയതെന്ന സൂചനയും രേഖകളിൽ ഉണ്ട്.

ലൈംഗിക കുറ്റക്കേസുകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽപ്പെട്ടിരുന്ന ജെഫ്രി എപ്സ്റ്റീനുമായി 2019-ൽ നടത്തിയ ആശയവിനിമയത്തിൽ, മാർപാപ്പയെ താഴെയിറക്കാനുള്ള ശ്രമത്തെക്കുറിച്ച് ബാനൻ പരാമർശിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. വത്തിക്കാനിലെ രഹസ്യങ്ങളെ ആസ്പദമാക്കി ഒരു ഡോക്യുമെന്ററി തയ്യാറാക്കി മാർപാപ്പയുടെ പ്രതിഛായ തകർക്കാനായിരുന്നു പദ്ധതിയെന്നുമാണ് റിപ്പോർട്ട്.

ഇതോടൊപ്പം, ഇറ്റലിയിലെ ഒരു പുരാതന ആശ്രമം കേന്ദ്രമാക്കി തീവ്ര വലതുപക്ഷ പ്രവർത്തകർക്കായി പരിശീലന കേന്ദ്രം ആരംഭിക്കാനുള്ള ശ്രമവും നടത്തിയതായി വിവരമുണ്ട്. വത്തിക്കാനിൽ മാർപാപ്പ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ചില ഉന്നത പുരോഹിതരുമായി ചേർന്ന് സഭയ്ക്കുള്ളിൽ ഭിന്നത സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ ഇറ്റാലിയൻ സർക്കാരിന്റെ ഇടപെടലോടെ ആ പദ്ധതി നടപ്പായില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിഷയത്തിൽ വത്തിക്കാനോ ബാനനോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img