03:41am 10 November 2026
NEWS
ജില്ലാ ജയിലിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ ആഭ്യന്തരവകുപ്പ് അറിയിക്കണം മനുഷ്യാവകാശ കമ്മീഷൻ


04/06/2025  08:06 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജില്ലാ ജയിലിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ ആഭ്യന്തരവകുപ്പ് അറിയിക്കണം മനുഷ്യാവകാശ കമ്മീഷൻ

എറണാകുളം :  ജില്ലാ ജയിലിൽ അനുഭവിക്കുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി നിലവിലുള്ള കുടിവെള്ള ടാങ്കിന്റെ തകരാർ പരിഹരിക്കുന്നതിന് തുക അനുവദിക്കണമെന്ന ആവശ്യത്തിൽ സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

ജയിൽ വകുപ്പിന്റെ ചുമതലയുള്ള ഡി.ജി.പി. ഒരുദ്യോഗസ്ഥനെ നിയോഗിച്ച് ആഭ്യന്തര വകുപ്പിലുള്ള  ഫയലിന്റെ  നടപടിക്രമങ്ങളുടെ പുരോഗതി വിലയിരുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ജയിൽവിഭാഗം ഡി.ജി.പി., ജില്ലാ ജയിൽ സൂപ്രണ്ട്, ജല അതോറിറ്റി (കളമശ്ശേരി) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരുടെ പ്രതിനിധികൾ ജൂൺ 25ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്നസിറ്റിംഗിൽ നേരിട്ട് ഹാജരായി തൽസ്ഥിതി വ്യക്തമാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ജില്ലാ ജയിലിലെ കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ട പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.

ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി. അജിത്കുമാർ, ജില്ലാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് പി. വിനീത് എന്നിവർ കമ്മീഷൻ എറണാകുളത്ത് നടത്തിയ സിറ്റിംഗിൽ ഹാജരായിരുന്നു.

ജയിലിലെ കുടിവെള്ള ടാങ്കറിന്റെ സംഭരണ ശേഷിയിലുള്ള കുറവാണ് കുടിവെള്ളക്ഷാമത്തിന് കാരണമെന്ന് ജല അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു.  മൂന്നു ദിവസത്തിലൊരിക്കൽ ജല അതോറിറ്റി വെള്ളം നൽകുകയാണെങ്കിൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ സാധിക്കുമെന്ന് ജില്ലാ ജയിൽ സൂപ്രണ്ട് കമ്മീഷനെ അറിയിച്ചു.  നിലവിലുള്ള കുടിവെള്ള ടാങ്കിന്റെ തകരാർ പരിഹരിക്കാൻ 22,73,000 രൂപയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും ജയിൽ സൂപ്രണ്ട് അറിയിച്ചു.  5000 ലിറ്റർ വെള്ളമെങ്കിലും തൃക്കാക്കര മുൻസിപ്പാലിറ്റിയിൽ നിന്നും ദിവസവും ലഭിക്കുയാണെങ്കിൽ ക്ഷാമം പരിഹരിക്കാൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img