
കാസർകോഡ്: കാസർകോട് ആറ് വയസുകാരനും പതിമൂന്നുകാരനും കഴിഞ്ഞ മൂന്നുമാസമായി രണ്ടാനച്ഛന്റെ ക്രൂരമർദ്ദനത്തിന് ഇരയാകുന്നെന്ന് വെളിപ്പെടുത്തൽ. കാസർകോഡ് സ്വദേശിയായ ഷൗക്കത്തലിയാണ് തന്റെ ഭാര്യയുടെ ആദ്യബന്ധത്തിലെ കുട്ടികളെ ക്രൂരമായി മർദ്ദിച്ചിരുന്നത്. ആറുവയസുകാരനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ അയൽവാസി ഫോണിൽ ചിത്രീകരിച്ച് പൊലീസിന് കൈമാറിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. മുടിക്ക് കുത്തിപ്പിടിച്ച് രണ്ടാനച്ഛൻ നിരന്തരം മർദ്ദിക്കുകയായിരുന്നു. ഷൗക്കത്തലിയെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടികളുടെ പിതാവും മാതാവും മൂന്നു വർഷം മുമ്പ് വിവാഹമോചനം നേടിയിരുന്നു. നാലുമാസം മുമ്പാണ് മൂന്നു കുട്ടികൾ കോടതി നിർദ്ദേശ പ്രകാരം മാതാവിനൊപ്പം താമസം ആരംഭിച്ചത്. ഇതിനു പിന്നാലെയാണ് ഷൗക്കത്തലി കുട്ടികളെ മർദ്ദിക്കാൻ തുടങ്ങിയത്. മൂന്ന് മാസമായി മർദ്ദനം തുടരുന്നുവെന്നും ഷൗക്കത്തലി ലഹരിക്ക് അടിമയാണെന്നും കുട്ടികളുടെ പിതാവ് പറയുന്നു.
രണ്ടാനഛൻ തന്നെയും നിരന്തരം മർദിക്കാറുണ്ടെന്ന് മൂത്ത കുട്ടിയും വെളിപ്പെടുത്തി. ചവിട്ടുകയും മുടി പിടിച്ച് വലിക്കുകയും ഐസ് കട്ട വച്ച് മുഖത്ത് കുത്തുകയും ചെയ്തെന്നും 13 വയസുകാരൻ പറഞ്ഞു. മർദ്ദനമേറ്റ ആറു വയസ്സുകാരൻ ചികിത്സയിലാണ്. അറസ്റ്റിലായ ഷൗക്കത്തലിയെ കോടതി റിമാൻ്റ് ചെയ്തു.









