
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്ന യുവതികളോട് പ്രണയം നടിച്ച് സ്വർണം തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റിൽ. വടകര സ്വദേശി മുഹമ്മദ് നജീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. പ്രണയം നടിച്ച് 25 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്തു എന്നാണ് യുവതിയുടെ പരാതി. സമാനമായ രീതിയിൽ നിരവധി യുവതികളെ ഇയാൾ തട്ടിപ്പിനിരയാക്കിയിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്.
നജീർ വിവിധ സ്ഥലങ്ങളിലുള്ള യുവതികളെയാണ് പ്രണയത്തട്ടിപ്പിന് ഇരകളാക്കിയത്. വിധവകളോ ഭർത്താവുമായി അകന്നു കഴിയുന്നവരോവായ യുവതികളാണ് ഇയാളുടെ ഇരകൾ. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുകയും പിന്നീട് പ്രണയബന്ധം സ്ഥാപിച്ച് തട്ടിപ്പ് നടത്തുകയുമാണ് ഇയാളുടെ രീതി.
കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. ചൊവ്വ സ്വദേശിനിയായ യുവതിയോട് ഇൻസ്റ്റഗ്രാമിലൂടെ പ്രണയബന്ധം സ്ഥാപിച്ച് സ്വർണാഭരണം കൈക്കലാക്കുകയായിരുന്നു. തട്ടിപ്പ് മനസ്സിലായതോടെ യുവതി പൊലീസിൽ പരാതി നൽകി. യുവതിയിൽ നിന്നും തട്ടിയെടുത്ത 25 പവനിൽ 14 പവൻ വടകരയിലെ ജ്വല്ലറിയിൽ നിന്നും പൊലീസ് കണ്ടെടുത്തു. പ്രതിയിൽ നിന്ന് ഏഴര ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.











