11:23am 30 April 2026
NEWS
ഭൂമി കയ്യേറ്റക്കേസിന് സ്റ്റേ; കേന്ദ്രമന്ത്രി കുമാരസ്വാമിയ്ക്ക് ആശ്വാസം
20/06/2025  11:40 AM IST
വിഷ്ണുമംഗലം കുമാർ
ഭൂമി കയ്യേറ്റക്കേസിന് സ്റ്റേ; കേന്ദ്രമന്ത്രി കുമാരസ്വാമിയ്ക്ക് ആശ്വാസം

 ബംഗളുരു: കോൺഗ്രസ്സ് നേതാക്കളായ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരും ജെഡിഎസ്സ് നേതാവും കേന്ദ്രമന്ത്രിയുമായ കുമാരസ്വാമിയും മൈസൂരു മേഖലയിൽ നിന്നുള്ള പ്രമുഖ നേതാക്കളാണ്. രാഷ്ട്രീയ അധീശത്വത്തിനായി സിദ്ധരാമയ്യയും ശിവകുമാറും ഒരുഭാഗത്തും കുമാരസ്വാമി മറുഭാഗത്തുമായി നടന്നുവരുന്ന പ്രത്യക്ഷ- പരോക്ഷ പോരാട്ടം രാഷ്ട്രീയത്തിനപ്പുറം വ്യക്തിപരവുമാണ്. മൈസൂരു മേഖലയിലെ വൊക്കലിഗ ബെൽറ്റിൽനിന്ന് ജെഡിഎസ്സിനെ തുടച്ചുമാറ്റാനാണ് സിദ്ധരാമയ്യയും ശിവകുമാറും ഒത്തുചേർന്ന് പരിശ്രമിക്കുന്നത്. സംസ്ഥാനഭരണം പിടിച്ച് ശക്തരായതോടെ സിദ്ധരാമയ്യയും ശിവകുമാറും കുമാരസ്വാമിയ്ക്ക് എതിരായ നീക്കങ്ങൾക്ക് ആക്കംകൂട്ടി. എന്നാൽ മന്ധ്യയിൽനിന്നും ലോകസഭയിലേക്ക് ജയിച്ച് മന്ത്രിയായ കുമാരസ്വാമി കരുത്താർജ്ജിച്ചു. ബംഗളുരു റൂറലിൽ ശിവകുമാറിന്റെ സഹോദരൻ ഡി കെ സുരേഷിന്റെ പരാജയം ഉറപ്പുവരുത്തിയതും കുമാരസ്വാമിയാണ്. അദ്ദേഹത്തിന്റെ സഹോദരീഭർത്താവ് ഡോക്ടർ മഞ്ജുനാഥാണ് ബിജെപി ടിക്കറ്റിൽ ശിവകുമാറിന്റെ പ്രധാനതട്ടകമായ ബംഗളുരു റൂറലിൽ നിന്ന് ജയിച്ചുകയറിയത്. നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ, കുമാരസ്വാമി ഒഴിഞ്ഞ ചന്നപട്ടണയിൽ അദ്ദേഹത്തിന്റെ മകനും യുവനേതാവുമായ നിഖിലിനെ പരാജയപ്പെടുത്തി ശിവകുമാർ പകരംവീട്ടിയെങ്കിലും  പോരാട്ടം അവസാനിക്കുന്നില്ല. അതിനിടയിലാണ് ബിഡദി കെത്തഗനഹള്ളിയിലെ 14 ഏക്ര സർക്കാർഭൂമി കുമാരസ്വാമി കയ്യേറിയതാണെന്ന ആരോപണം ഉയർന്നത്. കുമാരസ്വാമിയുടെ ഫാംഹൗസിന് ചേർന്നുകിടക്കുന്ന ഈ ഭൂമിയ്ക്ക് 130 കോടിയോളം വിലമതിപ്പുണ്ട്. ആരോപണം കോടതിയിലെത്തിയിരുന്നു. കുമാരസ്വാമിയെ കുരുക്കാനായി ഗവണ്മെന്റ് എസ് ഐ ടി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും ഈ ഭൂമി1984 ൽ താൻ വിലകൊടുത്തുവാങ്ങിയതാണെന്നുമുള്ള വിശദീകരണമാണ് കുമാരസ്വാമി നൽകിയത്. എസ് ഐ ടി രൂപീകരണം നിയമാനുസൃതമല്ലെന്നും കുമാരസ്വാമി വാദിച്ചു. ആ വാദം അംഗീകരിച്ച് ഹൈക്കോടതി കേസ് സ്റ്റേ ചെയ്തത് കുമാരസ്വാമിയ്ക്ക് ആശ്വാസമായിരിക്കുകയാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ശിവകുമാറും കടുത്ത നിലപാട് സ്വീകരിച്ചതിനാലാണ് കുമാരസ്വാമിയുടെ ജ്യേഷ്ഠപുത്രനും മുൻ ഹാസ്സൻ എം പി യുമായ പ്രജ്വൽ ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായത്. ഒരുവർഷത്തോളമായി പ്രജ്വൽ ജാമ്യം ലഭിക്കാതെ ജയിലിലാണ്. കുമാരസ്വാമിയ്ക്കും ബന്ധുക്കൾക്കും എതിരെ മറ്റുചില കേസ്സുകളും കോൺഗ്രസ്സ് ഗവണ്മെന്റ് കുത്തിപ്പൊക്കിയെടുക്കുന്നുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img