07:11pm 01 September 2026
NEWS
ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്റ്റേഷൻ ചുമതല നൽകിയ ഉത്തരവ് പിൻവലിച്ചു
01/09/2026  05:54 PM IST
nila
ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്റ്റേഷൻ ചുമതല നൽകിയ ഉത്തരവ് പിൻവലിച്ചു

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് നൽകാനുള്ള ഉത്തരവ് പൊലീസ് മേധാവി പിൻവലിച്ചു. സസ്പെൻഷനിലുള്ള എഡിജിപി എം.ആർ. അജിത് കുമാറിനും സ്റ്റേഷൻ ചുമതല നൽകിയുള്ള ഉത്തരവ് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവ് പിൻവലിച്ചത്. 

സംസ്ഥാനത്തെ 59 പൊലീസ് സ്റ്റേഷനുകൾ ഉന്നത ഉദ്യോഗസ്ഥർ ദത്തെടുത്ത് മാതൃകാ സ്റ്റേഷനുകളാക്കി മാറ്റണമെന്ന നിർദേശത്തിന്റെ ഭാഗമായാണ് പൊലീസ് ആസ്ഥാനത്ത് നിന്ന് ഉത്തരവിറക്കിയത്. 2025ലെ ഡിജിപിമാരുടെ സമ്മേളനത്തിൽ പ്രധാനമന്ത്രി നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ‘വികസിത് ഭാരത്’ പദ്ധതിയുടെ ഭാഗമായാണ് പൊലീസ് സ്റ്റേഷനുകളെ മാതൃകാ സ്റ്റേഷനുകളാക്കി ഉയർത്താൻ നിർദേശം നൽകിയത്.

വർക്കല പൊലീസ് സ്റ്റേഷന്റെ ചുമതലയാണ് സസ്പെൻഷനിലുള്ള എഡിജിപി എം.ആർ. അജിത് കുമാറിന് നൽകിയത്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിതിന് കിളിമാനൂർ സ്റ്റേഷന്റെ ചുമതലയും നൽകിയിരുന്നു.

കേരള കേഡറിൽ പത്ത് വർഷം സർവീസ് പൂർത്തിയാക്കിയ എസ്പി മുതൽ ഡിജിപി വരെയുള്ള ഉദ്യോഗസ്ഥരെയാണ് വിവിധ സ്റ്റേഷനുകളുടെ ചുമതലയിലേക്ക് ഉൾപ്പെടുത്തിയത്. സസ്പെൻഷൻ കാലാവധി അവസാനിച്ച ശേഷം അജിത് കുമാറിന് ചുമതല ഏറ്റെടുക്കാമെന്നായിരുന്നു പൊലീസ് ആസ്ഥാനത്തെ വിലയിരുത്തൽ. എന്നാൽ ഉത്തരവ് പുറത്തുവന്നതോടെ ഇത് വിവാദമായി.

തുടർന്നാണ് പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉത്തരവ് പിൻവലിക്കാൻ തീരുമാനിച്ചത്. കൂടുതൽ കൂടിയാലോചനകൾക്ക് ശേഷം പട്ടികയിൽ മാറ്റം വരുത്തി പുതിയ ഉത്തരവ് പുറത്തിറക്കുമെന്ന് പൊലീസ് ആസ്ഥാനം അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img