10:19pm 12 November 2026
NEWS
വനിതാ കമ്മീഷൻ പരാതികളിൽ ഡയറക്ടർക്ക് തീർപ്പുകൽപ്പിക്കാൻ അധികാരമില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ
30/03/2026  08:25 AM IST
ന്യൂസ് ബ്യൂറോ
വനിതാ കമ്മീഷൻ പരാതികളിൽ ഡയറക്ടർക്ക് തീർപ്പുകൽപ്പിക്കാൻ അധികാരമില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ

​തിരുവനന്തപുരം: വനിതാ കമ്മീഷനിൽ ലഭിക്കുന്ന പരാതികളിൽ തീർപ്പുകൽപ്പിക്കാനോ കമ്മീഷൻ ഉത്തരവുകൾക്ക് പകരമായി റിപ്പോർട്ടുകൾ നൽകാനോ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർക്ക് നിയമപരമായ അധികാരമില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. 1995-ലെ കേരള വനിതാ കമ്മീഷൻ നിയമം അനുസരിച്ച് കമ്മീഷൻ ചെയർപേഴ്‌സണോ അംഗങ്ങൾക്കോ മാത്രമേ പരാതികളിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കാൻ അധികാരമുള്ളൂവെന്ന് കമ്മീഷണർ ഡോ. സോണിച്ചൻ പി. ജോസഫ് വ്യക്തമാക്കി.  
​വണ്ടന്നൂർ സന്തോഷ് നൽകിയ പരാതി ഹർജിയിലാണ് (CP 763 (5) /25/എസ്ഐസി) വിവരാവകാശ കമ്മീഷൻ്റെ ഈ സുപ്രധാന ഉത്തരവ്. വനിതാ കമ്മീഷനിൽ സമർപ്പിക്കപ്പെട്ട ഒരു പരാതിയുമായി (No. P1/2523/2025) ബന്ധപ്പെട്ട അന്തിമ ഉത്തരവിൻ്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പരാതിയുടെ പകർപ്പ്, മിനിറ്റ്‌സ്, അന്വേഷണ റിപ്പോർട്ട്, പോലീസ് റിപ്പോർട്ട് എന്നിവ ആവശ്യപ്പെട്ടാണ് ഹർജിക്കാരൻ അപേക്ഷ നൽകിയിരുന്നത്.  
​എന്നാൽ, വിവരാവകാശ അപേക്ഷയ്ക്ക് കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഹിയറിംഗ് വേളയിൽ, അന്തിമ ഉത്തരവിന് പകരം പ്രൊസീഡിംഗ്‌സിൻ്റെ പകർപ്പാണ് നൽകിയതെന്നും എ.സി.പി.യുടെ അന്വേഷണ റിപ്പോർട്ട് നൽകിയിട്ടില്ലെന്നും വ്യക്തമായി.  ​കേസിൻ്റെ രേഖകൾ വിശദമായി പരിശോധിച്ച ശേഷം കമ്മീഷൻ   ഉത്തരവിട്ടു:
വനിതാ കമ്മീഷൻ നിയമത്തിലെ സെക്ഷൻ 17(2), 17(3) പ്രകാരം കമ്മീഷന് മാത്രമേ അന്തിമ ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയൂ. ഇൻവെസ്റ്റിഗേഷൻ ഡയറക്ടർക്ക് പരാതി തീർപ്പാക്കാനോ കമ്മീഷൻ ഉത്തരവിന് പകരമായി പ്രവർത്തിക്കാനോ നിയമപരമായ അധികാരമില്ല.  
​ഹർജിക്കാരൻ ആവശ്യപ്പെട്ട രേഖകളിൽ കൃത്യമായ മറുപടി 15 ദിവസത്തിനകം നൽകാൻ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.  
​ വിവരാവകാശ അപേക്ഷകളിൽ കൃത്യമായി മറുപടി നൽകാത്ത ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയാണ് പതിവെങ്കിലും, നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചാണ് മറുപടി നൽകാൻ ഉത്തരവിട്ടുകൊണ്ട് പരാതി തീർപ്പാക്കുന്നതെന്ന് കമ്മീഷൻ അറിയിച്ചു.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img