NEWS
നവീകരിച്ച പോലീസ് ചീഫ് കണ്‍ട്രോള്‍ റൂമിന്‍റേയും ശൗര്യ ശില്പത്തിൻ്റയും ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി നിര്‍വ്വഹിച്ചു
14/08/2026 06:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച പോലീസ് ആസ്ഥാനത്തെ പോലീസ് ചീഫ് കണ്‍ട്രോള്‍ റൂമിന്‍റേയും(PCCR), കാലപ്പഴക്കം കാരണം സംഭവിച്ച തോക്കുകളുപയോഗിച്ച് നിർമ്മിച്ച ത്രിമാനരൂപമായ 'ശൗര്യ' യുടേയും ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ നിര്‍വ്വഹിച്ചു.
പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പോലീസ് ചീഫ് കണ്‍ട്രോള്‍ റൂമില്‍ സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലേയും സി.സി.ടി.വികളുടെ കേന്ദ്രീകൃത മോണിറ്ററിംഗ് റൂം, ആട്ടോമാറ്റിക്ക് നമ്പര്‍ പ്ലേറ്റ് റിക്കഗ്നിഷന്‍ കണ്‍ട്രോള്‍ യൂണിറ്റ്, കേരളത്തിലെ തന്ത്രപ്രധാനമായ മേഖലകളിലെ സി.സി.ടി.വികളുടെ നിരീക്ഷണം, എല്ലാ ജില്ലയിലേയും കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍, ഹൈവേ പട്രോളിംഗ് വാഹനങ്ങള്‍, പിങ്ക് പട്രോളിംഗ് വാഹനങ്ങള്‍ തുടങ്ങിയവയുടെ തത്സമയ നരീക്ഷണവും നടത്തിവരുന്നു. നിലവില്‍ മൂന്ന് സബ്. ഇന്‍സ്പെക്ടര്‍മാര്‍ അടക്കം 14 പോലീസ് ഉദ്യോഗസ്ഥരാണ് ഇവിടെ ജോലി ചെയ്യുന്നത്.
ഉപയോഗശൂന്യമായ തോക്കുകള്‍ ഉപയോഗിച്ച് പോലീസ് ആസ്ഥാനത്ത് 2020 ല്‍ അന്നത്തെ സംസ്ഥാന പോലീസ് മേധാവിയാണ് 'ശൗര്യ' എന്ന് നാമകരണം ചെയ്തിരിക്കുന്ന ശില്പം സേനയ്ക്കായി സമര്‍പ്പിച്ചത്. സര്‍വീസില്‍ നിന്നു വിരമിച്ച പോലീസ് ഉദ്യോഗസ്ഥരോടുള്ള ആദരവ് പ്രകടിപ്പിക്കാനാണ് ഈ ശില്പം തയ്യാറാക്കിയിരിക്കുന്നത്. ഉപയോഗശൂന്യമായതും കാലഹരണപ്പെട്ടതുമായ റൈഫിളുകള്‍, റിവോള്‍വറുകള്‍, മാഗസിനുകള്‍ എന്നിവയാണ് ഈ സ്മൃതിമണ്ഡപത്തിന്‍റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്.
പോലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ആസ്ഥാനത്തെ ഐ.ജി ഹര്‍ഷിത അട്ടല്ലൂരി, മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










