
ദോഹ: ഖത്തർ നാഷണൽ വിഷൻ 2030ന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണത്തിനും വായു ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി രാജ്യം അത്യാധുനിക ദേശീയ വായു നിരീക്ഷണ ശൃംഖല നടപ്പാക്കി.
പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രൂപപ്പെടുത്തിയ ഈ സംവിധാനം രാജ്യത്തുടനീളമുള്ള 45-ത്തിലധികം സ്റ്റേഷനുകളിലൂടെ റിയൽ-ടൈം നിരീക്ഷണം നടത്തുന്നു. വാസസ്ഥലങ്ങൾ, വ്യവസായ മേഖലകൾ, പ്രധാന റോഡുകൾ എന്നിവയിലുടനീളം വ്യാപിച്ചിട്ടുള്ള ഈ സ്റ്റേഷനുകൾ കൃത്രിമ ബുദ്ധിയും ബിഗ് ഡാറ്റാ സാങ്കേതികവിദ്യയും ഉൾപ്പെടുത്തി മലിനീകരണ പ്രവണതകൾ മുൻകൂട്ടി കണ്ടെത്താനും മുന്നറിയിപ്പ് നൽകാനും സഹായിക്കുന്നു.
വായു ഗുണനിലവാരം ശാസ്ത്രീയമായി പരിശോധിച്ച് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതാണു മന്ത്രാലയത്തിന്റെ പ്രധാന പ്രതിബദ്ധതയെന്ന്
അസിസ്റ്റന്റ് ഡയറക്ടർ അബ്ദുല്ല അൽ ഖുലൈഫി വ്യക്തമാക്കി.
പൊതുജനങ്ങൾക്ക് എളുപ്പത്തിൽ വായു നിലവാര വിവരം ലഭ്യമാക്കാൻ ഇലക്ട്രോണിക് എയർ ക്വാളിറ്റി പ്ലാറ്റ്ഫോം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിര ഗതാഗത സംവിധാനങ്ങൾ, ഇലക്ട്രിക് ബസുകൾ, സൈക്ലിംഗ് പാതകൾ എന്നിവ ഉൾപ്പെടെ പരിസ്ഥിതി സൗഹൃദ നയങ്ങളിലൂടെ ഖത്തർ സ്മാർട്ട്, സുസ്ഥിര നഗരങ്ങളുടെ ദർശനം യാഥാർത്ഥ്യമാക്കുകയാണ്.











