
ദോഹ: ലോകത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായ ദോഹ ഹാമദ് അന്താരാഷ്ട്ര വിമാനത്താവളം യാത്രാനടപടികൾ കൂടുതൽ ലളിതമാക്കുന്നതിനുള്ള അത്യാധുനിക ബയോമെട്രിക് യാത്രാ സേവനത്തിന് തുടക്കം കുറിച്ചു. ഖത്തർ എയർവേയ്‌സുമായി സഹകരിച്ച് സിറ്റാ (SITA) ടെക്‌നോളജീസിന്റെ പിന്തുണയോടെയാണ് 'ഫാസ്റ്റ് ട്രാക്ക്' എന്ന പേരിലുള്ള ഈ ഡിജിറ്റൽ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.
യാത്രക്കാരുടെ മുഖം തിരിച്ചറിയൽ (Facial Recognition) സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. വിമാനത്താവളത്തിലെ പ്രധാന പരിശോധനാ കേന്ദ്രങ്ങളിൽ പേപ്പർ രേഖകളുടെ ഉപയോഗം പരമാവധി കുറച്ചുകൊണ്ട് സുഗമമായ യാത്ര ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.മിഡിൽ ഈസ്റ്റിലും ആഗോളതലത്തിലും തന്നെ ഇത്തരമൊരു സാങ്കേതികവിദ്യ ഇത്രയും വിപുലമായി നടപ്പിലാക്കുന്നത് ഇതാദ്യമായാണ്. വിമാനത്താവളത്തിലുടനീളമുള്ള എഴുന്നൂറിലധികം (700) ടച്ച് പോയിന്റുകളെ ഒരൊറ്റ ബയോമെട്രിക് ശൃംഖലയിൽ ബന്ധിപ്പിച്ചുകൊണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. യാത്രക്കാരുടെ ഡാറ്റാ സുരക്ഷയ്ക്കും വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണത്തിനും ഉയർന്ന മുൻഗണന നൽകിക്കൊണ്ടാണ് ഇതിന്റെ രൂപകൽപ്പന.
വിമാനത്താവളത്തിലെ സെൽഫ് സർവീസ് ചെക്ക്-ഇൻ കിയോസ്‌കുകൾ വഴിയോ ഖത്തർ എയർവേയ്‌സ് മൊബൈൽ ആപ്പ് വഴിയോ യാത്രക്കാർക്ക് വളരെ വേഗത്തിൽ ഈ സേവനത്തിനായി രജിസ്റ്റർ ചെയ്യാം.ഒരിക്കൽ രജിസ്റ്റർ ചെയ്താൽ ചെക്ക്-ഇൻ, ബാഗേജ് ഡ്രോപ്പ്-ഓഫ്, സെക്യൂരിറ്റി പരിശോധന, ബോർഡിംഗ് ഗേറ്റുകൾ എന്നിവടങ്ങളിൽ പാസ്‌പോർട്ടോ ബോർഡിംഗ് പാസോ ഇടയ്ക്കിടെ കാണിക്കാതെ, മുഖം തിരിച്ചറിയൽ വഴി മാത്രം കടന്നുപോകമെന്നതാണ് ഏറെ സവിശേഷത.
ഏതാനും സെക്കൻഡുകൾക്കുള്ളിൽ ബയോമെട്രിക് വെരിഫിക്കേഷൻ പൂർത്തിയാകും. ഇത് തിരക്കേറിയ സമയങ്ങളിൽ ക്യൂവിലുള്ള കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.പുതിയ ബയോമെട്രിക് സംവിധാനം പൂർണ്ണമായും യാത്രക്കാരുടെ താല്പര്യപ്രകാരം മാത്രമായിരിക്കും (Optional). ഡിജിറ്റൽ സംവിധാനം ഉപയോഗിക്കാൻ താല്പര്യമില്ലാത്തവർക്ക് പാസ്‌പോർട്ടും ബോർഡിംഗ് പാസും ഉപയോഗിച്ചുള്ള പരമ്പരാഗത രീതിയിൽ തന്നെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ യാത്രാനടപടികൾ പൂർത്തിയാക്കാവുന്നതാണ്.ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (IATA) പുതിയ പഠനങ്ങൾ പ്രകാരം, ഭൂരിഭാഗം ആഗോള യാത്രക്കാരും പേപ്പർ രേഖകൾക്ക് പകരം ബയോമെട്രിക് തിരിച്ചറിയൽ രീതികളാണ് ഇപ്പോൾ താല്പര്യപ്പെടുന്നത്. ഈ ആഗോള പ്രവണത ഉൾക്കൊണ്ടാണ് ഹാമദ് വിമാനത്താവളം 'ഫാസ്റ്റ് ട്രാക്ക്' സംവിധാനം വിപുലീകരിച്ചിരിക്കുന്നത്.
ഭാവിയിൽ കൂടുതൽ ടച്ച് പോയിന്റുകൾ കൂട്ടിച്ചേർക്കാനും, ഹാമദ് വിമാനത്താവളം വഴി സർവീസ് നടത്തുന്ന മറ്റ് എയർലൈൻസുകളിലെ യാത്രക്കാർക്ക് കൂടി ഈ സേവനം ലഭ്യമാക്കാനും പദ്ധതിയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പരിപൂർണ്ണമായ ഒരു പേപ്പർരഹിത (Paperless) യാത്രാനുഭവം വിമാനത്താവളത്തിൽ യാഥാർത്ഥ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.l











