10:57am 09 September 2026
NEWS
പി.എം.ശ്രീ പദ്ധതി നടപ്പാക്കാൻ സംസ്ഥാന നീക്കം; പാഠ്യപദ്ധതിയിൽ കേന്ദ്രവുമായി കടുത്ത ഭിന്നത
08/09/2026  08:48 AM IST
ന്യൂസ് ബ്യൂറോ
പി.എം.ശ്രീ പദ്ധതി നടപ്പാക്കാൻ സംസ്ഥാന നീക്കം; പാഠ്യപദ്ധതിയിൽ കേന്ദ്രവുമായി കടുത്ത ഭിന്നത

​തിരുവനന്തപുരം: യു.ഡി.എഫിലും കോൺഗ്രസിലും എതിർപ്പ് നിലനിൽക്കെ, പി.എം.ശ്രീ പദ്ധതി സ്കൂളുകളിൽ നടപ്പാക്കാൻ സർക്കാർ നീക്കം തുടങ്ങി. എസ്.എസ്.കെ ഡയറക്ടർ ഡോ. കെ. മാേഹൻ കുമാർ കഴിഞ്ഞ ദിവസം ഡൽഹിയിൽ നേരിട്ടെത്തി ഫണ്ട് അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. പദ്ധതി നടപ്പാക്കാതെ സാദ്ധ്യമല്ലെന്ന മറുപടിയാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ടി.കെ.അനിൽകുമാർ നൽകിയത്. ഇതാണ് നടപടികളിലേക്ക് നീങ്ങാൻ കാരണം.
​ഈ അദ്ധ്യയന വർഷത്തെ ആദ്യഗഡുവായ 300 കോടിയാണ് ആവശ്യപ്പെട്ടത്. ഫണ്ട് കിട്ടാത്തതിനാൽ എസ്.എസ്.കെ പ്രവർത്തനം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ അദ്ധ്യയന വർഷം വരെയുള്ള കുടിശിക മാത്രം 1516 കോടിവരും. കാലാവധി അവസാനിക്കുന്ന 2027 മാർച്ചിന് മുമ്പ് പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം.
​രണ്ട് ഉപാധികളോടെ നീക്കം
​രണ്ട് ഉപാധികളോടെ നടപ്പാക്കാനാണ് സംസ്ഥാന സർക്കാരിൻ്റെ ശ്രമം.
​സ്കൂളുകൾ തിരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിന് നൽകണം. അക്കാര്യത്തിൽ എതിർപ്പില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. 265 സ്‌കൂളുകളെയാണ് തിരഞ്ഞെടുക്കേണ്ടത്.
​പാഠ്യപദ്ധതി കേരളം തീരുമാനിക്കും എന്ന രണ്ടാമത്തെ ഉപാധി അംഗീകരിക്കാൻ കേന്ദ്രം തയ്യാറല്ല. അതു ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്രം.
​ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ അനുനയിപ്പിക്കുന്നതും, കോൺഗ്രസ് പാർട്ടിയിലും യു.ഡി.എഫിലും പിന്തുണ ഉറപ്പാക്കുന്നതുമാണ് സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളികൾ. കഴിഞ്ഞ ഇടതു മുന്നണി സർക്കാർ കരാർ ഒപ്പിട്ട സാഹചര്യത്തിൽ പദ്ധതി നടപ്പാക്കണമെന്ന നിലപാടിലാണ് സർക്കാർ.
​ചർച്ചകളും സമവായ ശ്രമങ്ങളും
​ഉദ്യോഗസ്ഥ തല ചർച്ച: പദ്ധതി പരിശോധിക്കാൻ നിയോഗിച്ച നാലംഗ മന്ത്രിസഭ ഉപസമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതോടെ കേന്ദ്രവുമായി ചർച്ചകൾ ആരംഭിക്കും. ഉപാധികൾ സംബന്ധിച്ച് സംസ്ഥാനം അയച്ച കത്തിന് കേന്ദ്രം ഇതുവരെ മറുപടി നൽകിയിട്ടില്ല.
​മുന്നണിയിലെ ഭിന്നത: കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലും ഹൈക്കമാൻഡിലും പദ്ധതിക്കെതിരെ എതിർപ്പുണ്ട്. കോൺഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ ഇത് നടപ്പാക്കിയത് ചൂണ്ടിക്കാട്ടി ഹൈക്കമാൻഡിനെ അനുനയിപ്പിക്കാനാണ് നീക്കം. എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഇതിനെ എതിർക്കുന്നുണ്ട്. മുസ്ലിം ലീഗിലും ഭിന്നത നിലനിൽക്കുന്നുണ്ട്; പദ്ധതി നടപ്പിലാക്കരുതെന്ന് യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ആവർത്തിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img