
കൊച്ചി: സ്കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്ര സാങ്കേതിക രംഗങ്ങളോടുള്ള താല്പര്യവും ഗവേഷണ മനോഭാവവും വളർത്തുന്നതിനായി സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സ്ട്രീം എക്കോസിസ്റ്റത്തിന്റെ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി സമഗ്രശിക്ഷാ കേരളവും, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്) സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ‘കുട്ടി സ്ലാം’ ഫെബ്രുവരി 26, 27 തീയതികളിൽ സർവകലാശാല സെമിനാർ കോംപ്ലക്സിൽ സംഘടിപ്പിക്കുന്നു. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. എം. കെ. ജയരാജ് ഫെബ്രുവരി 26ന് രാവിലെ 10 മണിക്ക് പരിപാടി ഉദ്ഘാടനം ചെയ്യും.
പരിപാടിയുടെ ഭാഗമായി ആറു ജില്ലകളിൽ നിന്നായി തിരഞ്ഞെടുത്ത 25 പ്രോജെക്റ്റുകളിൽ നിന്ന് 12 എണ്ണം ഫെബ്രുവരി 26നും 13 എണ്ണം ഫെബ്രുവരി 27നും വിദ്യാർത്ഥികൾ അവതരിപ്പിക്കും. ഓരോ ടീമിനും അവരുടെ പ്രൊജക്റ്റ് അവതരിപ്പിക്കാൻ 10 മിനിറ്റ് സമയം അനുവദിക്കും. ശാസ്ത്രീയ ചിന്ത, സൃഷ്ടിപരാമായ സമീപനം, പ്രായോഗിക അറിവ് എന്നിവ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് അവതരണങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സാമൂഹ്യപ്രശ്നങ്ങളെ ആസ്പദമാക്കി ആറുമാസക്കാലം ശാസ്ത്രീയരീതിയിൽ പഠനം നടത്തി വിദഗ്ധരുടെയും ഗവേഷകരുടെയും മെന്റർഷിപ്പോടെ തയ്യാറാക്കിയ കണ്ടെത്തലുകളാണ് പൊതുജനങ്ങൾക്ക് മുന്നിൽ ലളിതമായി അവതരിപ്പിക്കുക. അവതരണങ്ങൾക്ക് ശേഷം വിദഗ്ധർക്കും സദസ്യർക്കും സംശയങ്ങളും നിർദേശങ്ങളും പങ്കുവെക്കാനുള്ള അവസരവും ഉണ്ടായിരിക്കും. ഏകദേശം 6 ജില്ലകളിൽ നിന്നായി 175-ലധികം പ്രോജക്ടുകൾ, 5000-ത്തിലധികം വിദ്യാർത്ഥികൾ, 100-ത്തിലധികം അധ്യാപകർ, 100-ത്തിലധികം വിദ്യാലയങ്ങൾ, കൂടാതെ 250-ത്തിലധികം സന്നദ്ധപ്രവർത്തകർ, 1500 ലതികം കാണികൾ എന്നിവരുടെ പങ്കാളിത്തത്തോടെ പരിപാടി വിദ്യാഭ്യാസ–ശാസ്ത്രീയ സഹകരണത്തിനുള്ള വേദിയായി മാറും.
പാലക്കാട്, തൃശൂർ, എറണാകുളം, കണ്ണൂർ, ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിൽ നിന്നുള്ള കുട്ടികളെയാണ് അന്തിമ ഘട്ടത്തിലെ 25 പ്രൊജെക്ടുകൾ അവതരിപ്പിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നത്. സിക്കിൾ സെൽ അനീമിയ: രോഗപ്രതിരോധവും നിർമാർജനവും, ജലമലിനീകരണം, കാർബൺ ന്യൂട്രൽ വീടുകൾ, വയോജന സംരക്ഷണം, സാനിറ്ററി നാപ്കിന്റെ ശാസ്ത്രീയ ഉപയോഗം, കാലാവസ്ഥ പഠനം, റോഡ് സുരക്ഷ, ജലജന്യ രോഗങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ ഗവേഷണങ്ങൾ അവതരിപ്പിക്കും.
ഈ പരിപാടിയോട് അനുബന്ധിച്ച് നടത്തിയ പത്ര സമ്മേളനത്തിൽ സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോഗ്രാം ഓഫീസർ ജോളി പി ജി, ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ ഷിനി കെ എൻ, കുസാറ് സിൻഡിക്കേറ്റ് അംഗം ഡോ. ശശി ഗോപാലൻ, രജിസ്ട്രാർ ഡോ. അരുൺ എ യു, C-SiS ഡയറക്ടർ ഡോ. ഷൈജു പി, ഫിസിക്സ് വകുപ്പ് പ്രൊഫസറും മേധാവിയുമായ ഡോ. ആൽഡ്രിൻ ആന്റണി, അഡ്‌ജങ്ട് ഫാക്കൽറ്റി ഡോ. എൻ ഷാജി എന്നിവർ പങ്കെടുത്തു.
കുട്ടി സ്ലാം 2026 സമാപന ചടങ്ങ് ഫെബ്രുവരി 27ന് നിയമ-വ്യവസായ-കയർ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
Photo Courtesy - Google








