
കൊച്ചി: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ (KSBCDC) സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ‘സമഗ്ര – 2026’ എന്ന പേരിൽ നടക്കും. 2026 ജൂലൈ 23-ന് കൊച്ചി പള്ളുരുത്തി എസ്.എൻ ഓഡിറ്റോറിയത്തിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി കെ.എ. തുളസി ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. വിവിധ വകുപ്പ് മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, തദ്ദേശ സ്വയംഭരണ ജനപ്രതിനിധികൾ, മത-സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
'സമഗ്ര 2026' വിജയകരമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിൽ വെച്ച് ബഹുമാനപ്പെട്ട മന്ത്രി ശ്രീമതി കെ.എ. തുളസിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക അവലോകന യോഗം ചേർന്നു. പരിപാടിയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ നിർദ്ദേശങ്ങൾ യോഗം വിലയിരുത്തി. ഇതോടൊപ്പം, ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വാക്കത്തോണിന്റെ ഔദ്യോഗിക സ്കാനർ (Scanner) പ്രകാശനവും മന്ത്രി കെ.എ. തുളസി ചടങ്ങിൽ നിർവ്വഹിച്ചു.
15,000-ത്തോളം ഗുണഭോക്താക്കൾക്കായി 100 കോടി രൂപയുടെ വായ്പാ വിതരണം ചടങ്ങിൽ നടക്കും. പുതിയ ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും കോർപ്പറേഷന്റെ ഔദ്യോഗിക ന്യൂസ്‌ലെറ്റർ പ്രകാശനവും ഇതോടൊപ്പം നിർവ്വഹിക്കും. വിവിധ സർക്കാർ വകുപ്പുകളുടെ ഇൻഫർമേഷൻ കിയോസ്കുകൾ, വിജ്ഞാനപ്രദമായ ബോധവൽക്കരണ ക്ലാസ്സുകൾ എന്നിവ പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും.വിവിധ സർക്കാർ വകുപ്പുകൾ, വികസന ഏജൻസികൾ, ധനകാര്യ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ മേഖലകൾ, സാമൂഹിക സംഘടനകൾ എന്നിവയെല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ അണിനിരക്കുന്ന ഒരു ബൃഹദ് സംരംഭമായാണ് ‘സമഗ്ര – 2026’ വിഭാവനം ചെയ്തിരിക്കുന്നത്. ലഹരി വിരുദ്ധ പോരാട്ടത്തിന് പിന്തുണയേകി ‘വാക്കത്തോൺ’ (Walkathon)ലഹരിമുക്തവും ആരോഗ്യപൂർണ്ണവുമായ ഒരു യുവതലമുറയെ വാർത്തെടുക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തുഫാൻ, ദ നാർക്കോ ഹണ്ട്’ എന്ന ദൗത്യത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ‘സമഗ്ര 2026’ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പൊതുസമൂഹത്തിലും പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കിടയിലും ബോധവൽക്കരണം സൃഷ്ടിക്കുന്നതിനായി 2026 ജൂലൈ 19-ന് വിപുലമായ ഒരു ‘വാക്കത്തോൺ’ (Walkathon) സംഘടിപ്പിക്കും. എറണാകുളം BOT പാലം മുതൽ പള്ളുരുത്തി എസ്.എൻ ഹാൾ വരെയാണ് വാക്കത്തോൺ നടക്കുക.
കെ.എസ്.ബി.സി.ഡി.സി യെക്കുറിച്ച് (KSBCDC):1995 ഫെബ്രുവരി 28-ന് സ്ഥാപിതമായ കേരള സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയാണ് (NBFC) ഇത്. “ദാരിദ്ര്യത്തിൽ നിന്നും പിന്നാക്കാവസ്ഥയിൽ നിന്നും മോചനം” എന്ന മുദ്രാവാക്യവുമായി പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സ്വയംതൊഴിൽ, വിദ്യാഭ്യാസം, മൈക്രോ ക്രെഡിറ്റ് വായ്പകൾ എന്നിവ നൽകുന്നു. കേന്ദ്ര സർക്കാരിന്റെ ചാനലൈസിങ് ഏജൻസിയായി പ്രവർത്തിക്കുന്ന കോർപ്പറേഷൻ, ഇതുവരെ 9.61 ലക്ഷത്തിലധികം ഗുണഭോക്തൃ കുടുംബങ്ങളിലായി ഏകദേശം 8,400 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തിട്ടുണ്ട്.
Photo Courtesy - Google







