09:13pm 12 November 2026
NEWS
തിരുവനന്തപുരം–കാസർകോട് അതിവേഗ റയിൽപാതയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്
03/02/2026  03:20 PM IST
nila
തിരുവനന്തപുരം–കാസർകോട് അതിവേഗ റയിൽപാതയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്

തിരുവനന്തപുരം: തിരുവനന്തപുരം–കാസർകോട് അതിവേഗ ഗതാഗത റയിൽ പാതയായ റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതിയുമായി സംസ്ഥാന സർക്കാർ ഔദ്യോഗികമായി മുന്നോട്ട്. പദ്ധതിയുടെ നടപ്പാക്കൽ നടപടികൾ വ്യക്തമാക്കുന്ന മാർഗനിർദേശ ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കി.ആകെ 583 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ആർആർടിഎസ് പദ്ധതി. ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കുക. 

ആദ്യഘട്ടമായി തിരുവനന്തപുരം മുതൽ തൃശൂർ വരെ 284 കിലോമീറ്റർ നീളമുള്ള പാത നിർമിക്കും. ‘തിരുവിതാംകൂർ ലൈൻ’ എന്ന പേരിലാണ് ഈ ഘട്ടം അറിയപ്പെടുക. 2027ൽ നിർമാണം ആരംഭിച്ച് 2033ൽ ആദ്യഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ആകെ ചെലവ് 1,92,780 കോടി രൂപയായി കണക്കാക്കുന്നു. എന്നാൽ, അന്തിമ ചെലവ് വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാകുമ്പോഴേ വ്യക്തമാകൂവെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. നിർമാണം ആരംഭിച്ച് 12 വർഷത്തിനുള്ളിൽ പദ്ധതി പൂർണമായി പൂർത്തിയാക്കാനാകുമെന്നും, 2027ൽ തുടക്കമിട്ടാൽ 2039ഓടെ ആർആർടിഎസ് സമ്പൂർണമായി പ്രവർത്തനസജ്ജമാകുമെന്നും സർക്കാർ വിലയിരുത്തുന്നു.

ധനവിനിയോഗ മാതൃക പ്രകാരം പദ്ധതിച്ചെലവിന്റെ 20 ശതമാനം വീതം സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും വഹിക്കും. ശേഷിക്കുന്ന 60 ശതമാനം വായ്പയായി കണ്ടെത്തും. ഇതുമായി ബന്ധപ്പെട്ട ധനസഹായ ചർച്ചകൾക്കായി കേന്ദ്ര സർക്കാരുമായി ഗതാഗത വകുപ്പ് ഉടൻ ആശയവിനിമയം ആരംഭിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

പദ്ധതിയുടെ ഭൂരിഭാഗം പാതയും തൂണുകളിൽ ഉയർത്തിയ ഘടനയായിരിക്കുമെന്നും, ആവശ്യമായ ഇടങ്ങളിൽ മാത്രം തുരങ്കങ്ങൾ നിർമിക്കുമെന്നും സർക്കാർ അറിയിച്ചു. രണ്ടാംഘട്ടമായി തൃശൂർ–കോഴിക്കോട് ‘മലബാർ ലൈൻ’, മൂന്നാംഘട്ടമായി കോഴിക്കോട്–കണ്ണൂർ ‘കണ്ണൂർ ലൈൻ’, നാലാംഘട്ടമായി കണ്ണൂർ–കാസർകോട് ‘കാസർകോട് ലൈൻ’ എന്നിങ്ങനെയാണ് ശേഷിക്കുന്ന ഘട്ടങ്ങൾ.

ഡൽഹി–മീററ്റ് ആർആർടിഎസ് മാതൃകയിൽ കേരളത്തിൽ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകിയതിന്റെ തുടർച്ചയായാണ് ഇപ്പോൾ സർക്കാർ നടപടികൾ വേഗത്തിലാക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img