
ശബരിമല മിൽമ നെയ്യ് അഴിമതി കേസിൽ ഹൈക്കോടതി നിർദേശത്തിന് പിന്നാലെ അതിവേഗ നടപടികളുമായി സംസ്ഥാന സർക്കാർ. പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പട്ടിക സർക്കാർ ഹൈക്കോടതിക്ക് കൈമാറി. വിജിലൻസിലെ അഞ്ച് ഇൻസ്പെക്ടർമാരടങ്ങുന്നതാണ് അന്വേഷണ സംഘം.മേൽനോട്ട ചുമതലയ്ക്കായി വിജിലൻസ് മേധാവി മനോജ് എബ്രഹാം സമർപ്പിച്ച പട്ടികയിൽ ജുവനപ്പൂടി മഹേഷ്, എം. ജെ. സോജൻ, ആർ. ബിനു എന്നീ ഉദ്യോഗസ്ഥരുടെ പേരുകളാണുള്ളത്. ഇതിൽ നിന്ന് അന്വേഷണ സംഘത്തിന്റെ തലവനെ ഹൈക്കോടതി തീരുമാനിക്കും.
അതേസമയം, ശബരിമലയിലെ മെയിൻ സ്റ്റോറിലേക്ക് സാധനസാമഗ്രികൾ വാങ്ങിയതിൽ വൻ ക്രമക്കേട് നടന്നതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. 2017 മുതൽ 2020 വരെയുള്ള കാലയളവിൽ പത്ത് ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. അഭിഷേകത്തിന്റെ മറവിൽ ആവശ്യമായതിന്റെ അഞ്ചിരട്ടിയിലധികം സാധനങ്ങൾ വാങ്ങിക്കൂട്ടിയതായി അന്വേഷണത്തിൽ വ്യക്തമായി. 2017-20 കാലഘട്ടത്തിൽ മെയിൻ സ്റ്റോർ സൂപ്രണ്ടായിരുന്ന എസ്. മനുവിനെക്കുറിച്ചുള്ള പരാതിയിലെ അന്വേഷണത്തിലാണ് ഈ തട്ടിപ്പ് പുറത്തുവന്നത്.
വർഷങ്ങളായി മാറ്റമില്ലാതെ സ്റ്റോറിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും വ്യാജമായി സാധനങ്ങൾ വാങ്ങിക്കൂട്ടിയ വിതരണക്കാർക്കും ഈ ഇടപാടിൽ പങ്കുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 2020-ലെ മിന്നൽ പരിശോധനകളിൽ ആവശ്യത്തിലധികം തേനും അരവണയ്ക്കുള്ള സാമഗ്രികളും കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് ബാക്കി വന്ന അരവണ സാമഗ്രികൾ എന്ത് ചെയ്തു എന്നതിനെക്കുറിച്ച് യാതൊരു വിവരവുമില്ല. അരവണ പാക്കിംഗ് സാധനങ്ങളിൽ വൻ തോതിൽ ഡാമേജ് കാണിച്ചതായും കണ്ടെത്തിയിട്ടുണ്ട്.ഈ സാഹചര്യത്തിൽ പർച്ചേസിൽ സ്പെഷ്യൽ ഓഡിറ്റ് വേണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ദേവസ്വം ഓംബുഡ്സ്മാൻ നൽകിയ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
Photo Courtesy - Google











