01:08am 11 October 2026
NEWS
ഇടനിലക്കാരെ ഒഴിവാക്കി സംസ്ഥാന സർക്കാർ; ഇൻസുലിൻ വിലയിൽ വൻ കുറവ്; 18.50 കോടി ലാഭിക്കാം
10/10/2026  07:18 AM IST
nila
ഇടനിലക്കാരെ ഒഴിവാക്കി സംസ്ഥാന സർക്കാർ; ഇൻസുലിൻ വിലയിൽ വൻ കുറവ്; 18.50 കോടി ലാഭിക്കാം

തിരുവനന്തപുരം: മരുന്ന് വാങ്ങുന്നതിൽ ഇടനിലക്കാരെ ഒഴിവാക്കി കമ്പനികളുമായി നേരിട്ട് വിലപേശിയതോടെ വൻ സാമ്പത്തിക നേട്ടവുമായി കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ). സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്ന ഇൻസുലിൻ ഉൾപ്പെടെയുള്ള മരുന്നുകളുടെ വില ഗണ്യമായി കുറയ്ക്കാനായി. നാലുമാസത്തേക്കുള്ള ഇൻസുലിൻ സംഭരണത്തിലൂടെ മാത്രം സർക്കാരിന് 18.50 കോടി രൂപ ലാഭിക്കാനാകും.

നേരത്തേ 10 മില്ലിലീറ്റർ ഇൻസുലിന് 99.60 രൂപയായിരുന്നു കോർപറേഷൻ നൽകിയിരുന്നത്. പുതിയ ധാരണപ്രകാരം ഇതേ അളവിലുള്ള ഇൻസുലിൻ ഇനി 73 രൂപയ്ക്ക് ലഭിക്കും. ആശുപത്രികളിൽ ഇൻസുലിൻ ക്ഷാമം റിപ്പോർട്ട് ചെയ്തതോടെയാണ് മരുന്ന് കമ്പനികളിൽനിന്ന് നേരിട്ട് സംഭരിക്കാൻ മന്ത്രി കെ. മുരളീധരൻ നിർദേശം നൽകിയത്.

തുടർന്ന് ഇൻസുലിൻ വിതരണം ചെയ്യുന്ന കമ്പനിയുമായി കോർപറേഷൻ അധികൃതർ ചർച്ച നടത്തി. പണം സമയബന്ധിതമായി നൽകിയാൽ വില കുറയ്ക്കാമെന്ന് കമ്പനി അറിയിച്ചതോടെ രണ്ടു മാസത്തിനകം പണം നൽകാമെന്ന ഉറപ്പിൽ കരാർ ഉറപ്പിക്കുകയായിരുന്നു.

എറിത്രോപോയിറ്റിൻ വില 110 രൂപയിൽനിന്ന് 80 രൂപയായി

വൃക്കരോഗികൾക്കും കീമോതെറപ്പി സ്വീകരിക്കുന്നവർക്കും എച്ച്ഐവി ബാധിതർക്കും നൽകുന്ന എറിത്രോപോയിറ്റിൻ ഇൻജക്‌ഷന്റെ വിലയിലും കുറവുണ്ടായി. ഏജന്റുമാർ വഴി 110 രൂപയ്ക്ക് വാങ്ങിയിരുന്ന മരുന്ന് ഇനി കമ്പനിയിൽനിന്ന് നേരിട്ട് 80 രൂപയ്ക്ക് ലഭിക്കും.

എസ്എംഎ രോഗികൾക്ക് സൗജന്യമായി നൽകുന്ന റിസ്ഡിപ്ലാം മരുന്നിന്റെ സംഭരണത്തിലും നിർണായക മാറ്റമുണ്ടായി. സ്വിസ് കമ്പനിയായ റോഷിൽനിന്ന് ഒരു കുപ്പിക്ക് 5.52 ലക്ഷം രൂപയ്ക്കാണ് ഇതുവരെ മരുന്ന് വാങ്ങിയിരുന്നത്. എന്നാൽ, ഇന്ത്യൻ കമ്പനിയായ നാറ്റ്കോ ഫാർമയുടെ മരുന്ന് വാങ്ങുന്നതോടെ ചെലവ് ഗണ്യമായി കുറയും.

നാറ്റ്കോയുടെ മരുന്ന് വിൽക്കാൻ കഴിഞ്ഞ ഒക്ടോബർ 17ന് സുപ്രീംകോടതി അനുമതി നൽകിയിരുന്നു. തുടർന്ന് കമ്പനി മരുന്നിന് 15,900 രൂപ ആവശ്യപ്പെട്ടെങ്കിലും കെഎംഎസ്‌സിഎൽ ചർച്ചയിലൂടെ കുപ്പിക്ക് 8,000 രൂപയ്ക്ക് കരാർ ഉറപ്പിച്ചു. പുതിയ കരാർ പ്രകാരമുള്ള മരുന്ന് ഉടൻ എത്തും.

എല്ലാ മരുന്നുകളും നേരിട്ട് വാങ്ങാൻ നീക്കം

നിലവിൽ ക്ഷാമം നേരിടുന്ന മരുന്നുകളും നിർമാതാക്കളുമായി നേരിട്ട് ചർച്ച നടത്തി വാങ്ങാനാണ് കോർപറേഷന്റെ തീരുമാനം. സർക്കാർ ആശുപത്രികൾക്ക് ആവശ്യമായ മരുന്നുകൾക്കുള്ള കരാറുകൾ കഴിഞ്ഞ മാർച്ചിലാണ് നൽകിയിരുന്നത്.

നിലവിലെ ഒരു വർഷത്തെ കരാർ കാലാവധി അവസാനിച്ചശേഷം എല്ലാ മരുന്നുകളും കമ്പനികളിൽനിന്ന് നേരിട്ട് വാങ്ങുന്ന സംവിധാനത്തിലേക്ക് മാറാനാണ് നീക്കം. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് സംഭരിക്കുന്നതിലൂടെ മരുന്നുകളുടെ വില കുറയ്ക്കുന്നതിനൊപ്പം സർക്കാർ ചെലവ് നിയന്ത്രിക്കാനും ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത മെച്ചപ്പെടുത്താനുമാകുമെന്നാണ് പ്രതീക്ഷ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img