11:56pm 07 November 2026
NEWS
കാതോലിക്ക സ്ഥാനാരോഹണത്തിൽ സംബന്ധിക്കുവാൻ സംസ്ഥാന സർക്കാരിൻ്റെ പ്രതിനിധി സംഘം ലബനോനിൽ എത്തും
13/03/2025  06:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കാതോലിക്ക സ്ഥാനാരോഹണത്തിൽ സംബന്ധിക്കുവാൻ സംസ്ഥാന സർക്കാരിൻ്റെ പ്രതിനിധി സംഘം ലബനോനിൽ എത്തും

പുത്തൻകുരിശ് : യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് പ്രസിഡൻ്റുമായ അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ്  മെത്രാപ്പോലീത്തയുടെ കാതോലിക്ക സ്ഥാനാരോഹണ ശുശ്രൂഷയിൽ സംബന്ധിക്കുന്നതിന് സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക പ്രതിനിധി സംഘം ലബനോനിൽ എത്തിച്ചേരും. 

വ്യവസായ, വാണിജ്യ, നിയമ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവിൻ്റെ നേതൃത്വത്തിലാണ് ലബനോനിൽ ഔദ്യോഗിക സംഘം എത്തിച്ചേരുന്നത്. അനൂപ് ജേക്കബ്ബ് (പിറവം), ഇ.റ്റി. ടൈസൺ മാസ്റ്റർ (കൈപ്പമംഗലം), എൽദോസ് പി. കുന്നപ്പിള്ളി (പെരുമ്പാവൂർ), ജോബ് മൈക്കിൾ (ചങ്ങനാശ്ശേരി), പി.വി. ശ്രീനിജൻ (കുന്നത്തുനാട്) എന്നീ എം.എൽ.എ മാരും പ്രിൻസപ്പൽ സെക്രട്ടറിഎ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസും പ്രതിനിധി സംഘത്തിൽ ഉണ്ടാകും.

2025 മാർച്ച് 25 ന് ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് ലെബനോനിലെ അച്ചാനെയിലെ പാത്രിയർക്കാ അരമനയോട് ചേർന്നുള്ള സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിലാണ് കാതോലിക്കാ സ്ഥാനാരോഹണ ശുശ്രൂഷ നടക്കുക. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമികത്വത്തിലാണ് സ്ഥാനാരോഹണ ശുശ്രൂഷകൾ. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്തമാരും ഇതര സഭകളിലെ മേലദ്ധ്യക്ഷൻമാരും മെത്രാപ്പോലീത്തമാരും സഹകാർമികരാകും. 

ലബനോൻ പ്രസിഡൻ്റ് ജനറൽ ജോസഫ് ഔൺ അടക്കം ലബനോനിലെ വിശിഷ്ട വ്യക്തികളും കേന്ദ്ര മന്ത്രിസഭയുടെ പ്രതിനിധികളും കേരളത്തിൽ നിന്നും വിദേശത്തു നിന്നുമായി എഴുന്നൂറില്‍പരം വ്യക്തികളും ശുശ്രൂഷകളിൽ സംബന്ധിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img