
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ (2013) ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ അമൃതം ന്യൂട്രിമിക്സ് നിർമ്മാണ യൂണിറ്റുകൾ ചെയർപേഴ്സൺ ഡോ. ജിനു സഖറിയ ഉമ്മൻ, കമ്മീഷൻ അംഗം അഡ്വ. കെ.എൻ. സുഗതൻ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു.
സംസ്ഥാനത്ത് അമൃതം ന്യൂട്രിമിക്സ് നിർമ്മാണത്തിലും വിതരണത്തിലുമുള്ള അപാകതകൾ അടിയന്തിരമായി പരിഹരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അറിയിച്ചു. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ (2013) ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ നിർമ്മാണ യൂണിറ്റുകളിൽ ചെയർപേഴ്സൺ ഡോ. ജിനു സഖറിയ ഉമ്മൻ, കമ്മീഷൻ അംഗം അഡ്വ. കെ.എൻ. സുഗതൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സന്ദർശനത്തിന് ശേഷമാണ് ഈ തീരുമാനം. കേന്ദ്ര സർക്കാരിന്റെ 'പോഷൻ ട്രാക്കർ' മൊബൈൽ ആപ്പിലെ സാങ്കേതിക തകരാറുകൾ മൂലം ഗുണഭോക്താക്കൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയാത്തതും, ഇത് കാരണം പലരും പട്ടികയിൽ നിന്ന് പുറത്തായി ഉൽപ്പാദനം ഗണ്യമായി കുറയുന്നതായും കമ്മീഷൻ കണ്ടെത്തി. ഈ സാഹചര്യം അർഹരായവർക്ക് പോഷകാഹാരം ലഭിക്കാത്ത സ്ഥിതി ഉണ്ടാക്കുന്നുവെന്ന് കമ്മീഷൻ വിലയിരുത്തി.പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ജില്ലയിലെ എല്ലാ ന്യൂട്രിമിക്സ് യൂണിറ്റുകളിലെയും അസംസ്കൃത വസ്തുക്കളുടെ സംഭരണം സംബന്ധിച്ച് അടിയന്തിര ഓഡിറ്റ് നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ കുടുംബശ്രീ മിഷന് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, കുടുംബശ്രീ-ഐ.സി.ഡി.എസ് (ICDS) ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന ഉറപ്പാക്കാനും, ന്യൂട്രിമിക്സിന്റെ ഗുണനിലവാരം സമയബന്ധിതമായി പരിശോധിക്കാൻ ജില്ലാതല സംവിധാനം നടപ്പിലാക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും കമ്മീഷൻ വ്യക്തമാക്കി. ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ, കുട്ടികൾ എന്നിവർക്കുള്ള പോഷകാഹാര വിതരണത്തിൽ ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും കമ്മീഷൻ കർശന നിർദ്ദേശം നൽകി.
Photo Courtesy - Google










