
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കത്തിൽ ബിജെപി സീൽ പതിഞ്ഞതായി കണ്ടെത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടി. ഇമെയിൽ അയച്ച അസിസ്റ്റന്റ് സെക്ഷൻ ഓഫീസറെ സസ്‌പെൻഡ് ചെയ്തതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഇമെയിലിനോടൊപ്പം ഉണ്ടായിരുന്ന കത്തിലാണ് ബിജെപിയുടെ സീൽ പതിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക മുദ്രയ്ക്ക് പകരം ബിജെപി കേരള ഘടകത്തിന്റെ സീൽ ഉൾപ്പെട്ടതാണ് വിവാദമായത്. മാർച്ച് 22-ന് ഉച്ചയോടെ അയച്ച സന്ദേശത്തിലൂടെയാണ് ഈ കത്ത് പാർട്ടികൾക്ക് ലഭിച്ചത്. 2019ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ വിശദീകരിക്കുന്ന രേഖയായിരുന്നു ഇതോടൊപ്പം ചേർത്തിരുന്നത്.
കത്തിന്റെ അടിഭാഗത്താണ് ബിജെപി സീൽ പതിഞ്ഞിരുന്നത്. കെ സി വേണുഗോപാൽ ഉൾപ്പെടെ നിരവധി നേതാക്കൾക്ക് ഈ കത്ത് ലഭിച്ചതായാണ് വിവരം. സംഭവം പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണവുമായി രംഗത്തെത്തി. സാങ്കേതിക പിഴവാണ് സംഭവിച്ചതെന്നും കത്തിൽ സീൽ ഉണ്ടായിരുന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. പിന്നാലെ തെറ്റ് തിരുത്തിയതായും അറിയിച്ചു.
സംഭവം വിവാദമായതോടെ സിപിഎമ്മും കോൺഗ്രസും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.











