04:42pm 28 September 2026
NEWS
ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധരുടെ സംസ്ഥാന സമ്മേളനം
13/08/2025  08:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധരുടെ സംസ്ഥാന സമ്മേളനം

കോഴിക്കോട്: ഹ്യദയാഘാതവും സങ്കീര്‍ണ ഹൃദ്രോഗങ്ങളും കൈകാര്യം ചെയ്യുന്ന ഹ്യദ്രോഗ വിദഗ്ദ്ധരുടെ സംസ്ഥാന സംഘടനയായ ഇന്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരള (ഐസിസികെ)യുടെ വാർഷിക സമ്മേളനം ഓഗസ്റ്റ് 15 മുതൽ 17 വരെ കോഴിക്കോട് എംപിഎസ് ഹോട്ടൽ ടിയാരയിൽ നടക്കും.ഐസിസികെ പ്രസിഡന്റ് ഡോ. മധു ശ്രീധരൻ ശനിയാഴ്ച സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഐസിസികെ വൈസ് പ്രസിഡന്റ് ഡോ. ശിവപ്രസാദ് കെ; ഓർഗനൈസിംഗ് സെക്രട്ടറി ഡോ. മാത്യൂസ് പോൾ; ഐസിസികെ സെക്രട്ടറി ഡോ. രമേശ് നടരാജൻ, ഡോ. രഞ്ജുകുമാർ ബി.സി എന്നിവർ ഉദ്ഘാടന സെഷനിൽ സംസാരിക്കും.

രക്തകുഴലുകളിലെ ബ്ലോക്കുകളും,ഹൃദയാഘാതവും ഘടനാപരമായ അസ്വാഭാവികതകളും, വാൽവ് പ്രശ്നങ്ങളും  കൈകാര്യം ചെയ്യുന്നതിനുള്ള അതിനൂതന ചികിത്സാ രീതികൾ, ശസ്തക്രിയാ നൈപുണ്യം, സാങ്കേതിക വിദ്യകൾ എന്നിവ ചർച്ച ചെയ്യുന്നതാണ്  സമ്മേളനമെന്ന് ഓർഗനൈസിംഗ് സെക്രട്ടറി ഡോ.മാത്യൂസ് പോൾ പറഞ്ഞു.

ഹൃദയ പേശികൾക്ക് രക്തമെത്തിക്കുന്ന കൊറോണറി ആർട്ടറികളുടെ ആന്തരിക മൈക്രോസ്കോപ്പ് ചിത്രീകരണം സാധ്യമാക്കുന്ന ഒപ്റ്റിക്കൽ കോഹറൻസ് ടോമോഗ്രാഫി  (ഒ.സി.ടി) എന്ന സാങ്കേതിക വിദ്യ, ഇൻട്രാവാസ്കുലർ അൾട്രാസൗണ്ട് എന്നിവ പ്രത്യേക സെഷനിൽ ചർച്ച ചെയ്യും.

ബൈഫർക്കേഷൻ സ്റ്റെന്റിംഗ്, ടോട്ടൽ ബ്ലോക്കേജ് (ക്രോണിക് ടോട്ടൽ ഒക്ലൂഷൻ) , കാഠിന്യമേറിയ കാല്‍സിഫൈഡ് ബ്ലോക്കുകള്‍ ഡ്രില്‍ ചെയ്ത് നീക്കുന്ന ശാസ്ത്രക്രിയകള്‍, സ്‌റ്റെമി മാനേജ്‌മെന്റ്, രക്തം കട്ടപിടിച്ചുണ്ടാകുന്ന പ്രശ്‌നങ്ങള്‍, നൂതന സ്റ്റെൻ്റുകൾ, നെഞ്ച് തുറക്കാതെ തന്നെ കേടായ ഹൃദയ വാൽവ് മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികൾ, ലെഡ്‌ലെസ് പേസ്‌മേക്കർ സാങ്കേതികവിദ്യ, ഹൃദ്രോഗ നിർണ്ണയത്തിനും  ഇൻ്റർവെൻഷൻ ശസ്ത്രക്രിയക്കും ആവശ്യമായ  കോറോണറി  ഇമേജിംങ്ങ് സാങ്കേതിക വിദ്യകള്‍, ബ്ലോക്കുകളുടെ കാഠിന്യം നിശ്ചയിക്കുന്ന ഫിസിയോളജി സാങ്കേതിക വിദ്യകള്‍ എന്നിവയെല്ലാം സമ്മേളന വേദികളിൽ ചർച്ച ചെയ്യും.വെല്ലുവിളി നിറഞ്ഞ  കേസുകളിലെ  വിജയകരമായ ശസ്ത്രക്രിയകൾ  വിദഗ്ധർ വിശദീകരിക്കുന്ന ശാസ്ത്ര സെഷനും നടക്കും.  കേരളത്തിലുടനീളമുള്ള 300-ലധികം കാർഡിയോളജിസ്റ്റുകളും ഗവേഷകരും പരിപാടിയിൽ പങ്കെടുക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img